Found Dead | യുവാവ് അയല്‍വാസിയുടെ വീട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍
ആലപ്പുഴ: (www.kasargodvartha.com) യുവാവിനെ അയല്‍വാസിയുടെ വീട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. നൂറനാട് പുലിമേല്‍ കൂമ്പളൂര്‍ വീട്ടില്‍ പരേതനായ രവീന്ദ്രന്റെ മകന്‍ ജിതേഷ് (38) ആണ് മരിച്ചത്. വീട്ടിലുണ്ടായിരുന്ന രാമചന്ദ്രന്‍ നായര്‍ക്കും (76) മകള്‍ ആശയ്ക്കും (46) പൊള്ളലേറ്റിരുന്നു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.
പൊലീസ് പറയുന്നത്: വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ജിതേഷിന്റെ വീടിന് 500 മീറ്ററോളം അകലെയായുള്ള രാമചന്ദ്രന്‍ നായരുടെ ഇരുനില വീടിന്റെ താഴത്തെ നിലയില്‍ പൂമുഖത്താണ് യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. വീടിനുള്ളില്‍ തീ ആളിപ്പടര്‍ന്നിരുന്നു. രണ്ട് നിലകളിലെയും ജനല്‍ച്ചില്ലുകള്‍ പൊട്ടിച്ചിതറിയ നിലയിലാണ്. മൃതദേഹം കിടന്നിരുന്ന പൂമുഖത്ത് ടൈലുകള്‍ പൊട്ടിയിളകിയിട്ടുണ്ട്. ഫര്‍ണിചറുകളും, ടെലിവിഷന്‍, ഫാന്‍ തുടങ്ങിയവും കത്തിനശിച്ചു.
നൂറനാട് പൊലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. പെട്രോള്‍ ഉപയോഗിച്ച് ജിതേഷ് സ്വയം തീ കൊളുത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എറണാകുളം,പുനലൂര്‍ എന്നിവിടങ്ങളിലായി ഹെവി വാഹനം ഓടിക്കുകയാണ് അവിവാഹിതനായ ജിതേഷ്. രാമചന്ദ്രന്‍ നായരുടെ വീടുമായി വളരെ അടുപ്പമുള്ള ജിതേഷ് ഇവരുടെ സഹായി കൂടിയാണ്. സംഭവ സമയം രാമചന്ദ്രന്‍ നായരും ഭാര്യ ഉമയമ്മയും ആശയും രണ്ട് ചെറുമക്കളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
നൂറനാട് സിഐ പി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പൊലീസും ആലപ്പുഴ നിന്നെത്തിയ ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോര്‍ടം നടത്തും. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.