CI Ajith Kumar | സ്കൂള്‍ പരിസരങ്ങളില്‍ വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണ്‍ സൂക്ഷിച്ചു വെക്കുന്ന കടയുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി സി ഐ അജിത് കുമാര്‍; ഉയര്‍ന്നുവരുന്നത് വ്യാപക പരാതികള്‍
Jun 25, 2023, 16:14 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com) വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണുകള്‍ സ്കൂള്‍ പരിസരങ്ങളിലെ കടകളില്‍ സൂക്ഷിച്ചു വെക്കുന്നതായുള്ള വ്യാപക പരാതികള്‍ ഉയര്‍ന്നുവരുന്നതായി കാസര്‍കോട് എസ് എച് ഒ അജിത് കുമാര്‍. ഇത്തരം കടയുടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൊഗ്രാല്‍ പുത്തൂര്‍ ഹയര്‍ സെകന്‍ഡറി സ്കൂളിലെ എസ് പി ജി രൂപീകരണ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെണ്‍കുട്ടികള്‍ പോലും ഫോണുകള്‍ കടകളില്‍ ഏല്പിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാലയങ്ങള്‍ക്ക് സമീപത്തെ വീടുകളെയും കടകളെയുമാണ് കുട്ടികള്‍ ഇതിന് ഉപയോഗിക്കുന്നത്.
പല കടകളും നിരീക്ഷണത്തിലാണെന്നും ഇവിടങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തുമെന്നും സി ഐ മുന്നറിയിപ്പുനല്‍കി. എം ഡി എം എ പോലുള്ള ലഹരി വസ്തുക്കളുടെ വില്‍പ്പനയും ഉപയോഗവും വര്‍ധിച്ചുവരികയാണ്. ഇതിനെതിരെ പൊലീസ്, എക്സൈസ്, സ്കൂള്‍ അധികൃതര്‍, രക്ഷിതാക്കള്‍, ആരോഗ്യ വകുപ്പ് അധികൃതര്‍ എന്നിവര്‍ സംയുക്ത പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമപഞ്ചായത് അംഗങ്ങളായ നൗഫല്‍ പുത്തൂര്‍, സുലോചന, എസ് എം എസി ചെയര്മാന് മഹമൂദ് ബള്ളൂര്‍, എച് എം ബീന തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രിന്‍സിപല്‍ ഷീജ സ്വാഗതവും എം പി ടി എ പ്രസിഡന്റ് ഫൗസിയ നന്ദിയും പറഞ്ഞു. പി ടി എ -എസ് എം സി അംഗങ്ങള്‍ വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ചര്‍ചയില്‍ പങ്കെടുത്തു.
Keywords: CI Ajith Kumar warned strict action will be taken against shopkeepers who keep mobile phones of students in school premises, Kasaragod, News, Education, Drugs, CI Ajith Kumar, Warning, Mobile Phone, Students, Raid, School, Kerala.







