Arrested | ബാറില്‍ മദ്യപിച്ച ശേഷം കള്ളനോടുകള്‍ നല്‍കി; വാഹന മെകാനിക് അറസ്റ്റില്‍; ചെറുവത്തൂരില്‍ വര്‍ക്‌ഷോപില്‍നിന്നും ജോലി ചെയ്തതിന് പ്രതിഫലമായി കിട്ടിയതാണെന്ന് മൊഴി
*ബാര്‍ മാനേജരാണ് ടൗണ്‍ പൊലീസില്‍ വിവരമറിയിച്ചത്.
*ഏറെക്കാലം വിദേശത്ത് ജോലി ചെയ്തിരുന്നു.
*ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിയെ ചോദ്യം ചെയ്തു.
കണ്ണൂര്‍: (KasargodVartha) ബാറില്‍ മദ്യപിച്ചശേഷം കള്ളനോടുകള്‍ നല്‍കിയ വാഹന മെകാനിക് അറസ്റ്റില്‍. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എം എ ഷിജു(36)വിനെയാണ് കാള്‍ടെക്‌സിന് സമീപത്തെ സൂര്യ ഹെറിറ്റേജ് ബാറില്‍വെച്ച് ടൗണ്‍ എസ് ഐ എം സവ്യസാചി അറസ്റ്റ് ചെയ്തത്.
മദ്യപിച്ച ഷിജു 2,562 രൂപ ബില്‍ ആയതിനെ തുടര്‍ന്ന് അഞ്ച് അഞ്ഞൂറിന്റെ നോടുകള്‍ നല്‍കുകയായിരുന്നു. പരിശോധിച്ചപ്പോഴാണ് കള്ളനോടുകള്‍ ആണെന്ന് മനസിലായത്. തുടര്‍ന്ന് ബാര്‍ മാനേജര്‍ ടൗണ്‍ പൊലീസില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ വിശദമായി ചോദ്യം ചെയ്തു.
ചെറുവത്തൂരില്‍ വര്‍ക്‌ഷോപില്‍ നിന്നും ജോലി ചെയ്തതിന് പ്രതിഫലമായി കിട്ടിയ നോടുകളാണെന്നാണ് പ്രതി മൊഴി നല്‍കിയത്. എന്നാല്‍ സംഭവത്തിന് പിന്നില്‍ വന്‍ റാകറ്റുകളുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
ഏറെക്കാലം ഇയാള്‍ വിദേശത്ത് ജോലി ചെയ്തിരുന്നതായുള്ള വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതിയെ ചോദ്യം ചെയ്തു.