ഐസ്‌ക്രീമിലുടെ എലി വിഷം അകത്ത് ചെന്ന സംഭവം: നാലരവയസുകാരന്‍ അദ്വൈതിനു പിന്നാലെ ഇളയമ്മയും മരണത്തിനു കീഴടങ്ങി
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.02.2021) ഐസ്‌ക്രീമിലുടെ എലി വിഷം അകത്ത് ചെന്ന സംഭവത്തില്‍ നാലരവയസുകാരന്‍ അദ്വൈതിനു പിന്നാലെ ഇളയമ്മ ദൃശ്യയും മരണത്തിനു കീഴടങ്ങി. ആത്മഹത്യ ചെയ്യാനായി ഐസ്‌ക്രീമില്‍ അദ്വൈതിന്റെ അമ്മ വര്‍ഷ എലിവിഷം ചേര്‍ത്തെന്നാണ് റിപോര്‍ടുകള്‍. വര്‍ഷയുടെ 19 കാരിയായ സഹോദരി ദൃശ്യ രണ്ടാഴ്ചയിലേറെ ആശുപത്രിയിലായിരുന്നു. വര്‍ഷയുടെ രണ്ട് വയസ്സുള്ള കുട്ടിയും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
അജാനൂരിലാണ് രണ്ടാഴ്ച മുമ്പ് നാടിനെ നടുക്കിയ സംഭവം നടന്നത്. വര്‍ഷ ഐസ്‌ക്രീം അല്പം കഴിച്ചതിന് ശേഷം വിഷത്തിന്റെ കാഠിന്യത്താല്‍ മയങ്ങിപോയിരുന്നു. ആ സമയത്ത് നാലര വയസ്സുകാരനായ അദ്വൈത് മേശപ്പുറത്ത് കിടന്നിരുന്ന ഐസ്‌ക്രീം കഴിക്കുകയും അതില്‍ നിന്നും എടുത്തുകൊണ്ടുപോയി ഇളയമ്മയ്ക്കും ഇളയകുട്ടിക്കും കൊടുക്കുകയുമായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 11ന് നടന്ന സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
ഉറക്കം ഉണര്‍ന്ന ശേഷം ഐസ്‌ക്രീം മേശപ്പുറത്ത് കാണാത്തതിനെ തുടര്‍ന്ന് വീടിന്റെ മുന്‍ഭാഗത്തേക്ക് വര്‍ഷ പോയപ്പോള്‍ വിഷം ചേര്‍ത്ത ഐസ്‌ക്രീം എല്ലാവരും കഴിച്ചിരുന്നു. എന്നാല്‍ തനിക്ക് കാര്യമായ പ്രശ്‌നങ്ങള്‍ സംഭവിച്ചില്ല എന്ന് കരുതിയ വര്‍ഷ ആരോടും സംഭവം പറയാതെ ഉറങ്ങുകയായിരുന്നു.
അര്‍ദ്ധരാത്രിയോടെ മകനും സഹോദരിയും ഇളയ മകനും ഛര്‍ദിക്കാന്‍ തുടങ്ങിയെങ്കിലും പിറ്റേന്ന് രാവിലെയാണ് നാല് പേരെയും ആശുപത്രിയില്‍ എത്തിച്ചത്. സമീപത്തെ ഹോട്ടലില്‍ നിന്നും വാങ്ങിയ ബിരിയാണിയില്‍ നിന്നും ഭക്ഷ്യ വിഷബാധയേറ്റു എന്നാണ് ആദ്യം എല്ലാവരും കരുതിയത്. ഈ നിലയിലായിരുന്നു പൊലീസിന്റെ ആദ്യ അന്വേഷണവും.
അദ്വൈത് പിറ്റേന്ന് മരിച്ചതോടെയാണ് സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറത്ത് വന്നത്. അമ്മ വര്‍ഷ കോഴിക്കോടും സഹോദരി ദൃശ്യ പരിയാരത്തും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ വര്‍ഷ ചികിത്സയ്ക്ക് ശേഷം മൂന്നു ദിവസം മുമ്പ് വീട്ടില്‍ മടങ്ങിയെത്തിയിരുന്നു. വസന്തന്‍ സാജിത ദമ്പതികളുടെ ഇളയമകളാണ് ദൃശ്യ. ഹര്‍ഷ, വര്‍ഷ എന്നിവരാണ് മറ്റു മക്കള്‍.