Court | മുകേഷ് അടക്കമുള്ള പ്രമുഖ നടന്മാർക്കെതിരെ പീഡന ആരോപണം ഉന്നയിച്ച നടിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 4ലേക്ക് മാറ്റി
കാസർകോട്: (KasargodVartha) മുകേഷ് ഉൾപെടെയുള്ള പ്രമുഖ നടന്മാർക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച എറണാകുളത്തെ പ്രമുഖ നടിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കാസർകോട് ജില്ലാ സെഷൻസ് കോടതി ഒക്ടോബർ നാലിലേക്ക് മാറ്റി. അഡ്വ. സംഗീത് ലൂയിസ് മുഖേന്തരം കാസർകോട് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിച്ചപ്പോൾ നടിയോ ഇവരുടെ അഭിഭാഷകനോ ഹാജരാകാത്തതിനാലാണ് ഹർജി നാലിലേക്ക് മാറ്റിയത്.
നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ യുവതിക്കെതിരെ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തതായി വിവരമുണ്ട്. ഈ കേസിൽ അറസ്റ്റുണ്ടാകുമെന്ന് ഭയന്നാണ് ഇവർ മുൻകൂർ ജാമ്യാപേക്ഷയുമായി ഒരാഴ്ച മുമ്പ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജിയിൽ കൂടുതൽ വാദം കേൾക്കാൻ ഹർജി സെപ്റ്റംബർ 30ലേക്ക് മാറ്റിയിരുന്നു.
തനിക്കെതിരെ ഏതോ പൊലീസ് സ്റ്റേഷനിൽ കേസുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് ഇവർ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിരിക്കുന്നത്. കേസിന്റെ വിശദശാംശങ്ങൾ വ്യക്തമാക്കാത്തതിനാൽ 30ന് ഹാജരായി കേസിൻ്റെ വിശദാംശങ്ങൾ അറിയിക്കാനാണ് കോടതി നിർദേശിച്ചിരുന്നത്.
മുകേഷ് അടക്കമുള്ള ഏഴ് പേർക്കെതിരെയാണ് നടി പീഡന പരാതി ഉന്നയിച്ചിരുന്നത്. ഇവരുടെ പരാതിയിൽ നടന്മാർക്കെതിരെ അന്വേഷണം നടക്കുകയാണ്. ഏതാനും സിനിമയിൽ അഭിനയിച്ച നടി പിന്നീട് താമസം ചെന്നൈയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഹേമ കമിറ്റി റിപോർട് പുറത്തുവന്നത് . ഇതോടെയാണ് നടന്മാർക്കെതിരെ ഇവർ പരസ്യമായ വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്.
2013 ലാണ് ഒരു പ്രമുഖ നടനിൽ നിന്നും ലൊകേഷനിൽ വെച്ച് പീഡനം നേരിടേണ്ടിവന്നതെന്നായിരുന്നു ആരോപണം. റസ്റ്റ് റൂമിൽ പോയി തിരികെ വരുമ്പോൾ നടൻ കടന്നുപിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് ഇവർ വെളിപ്പെടുത്തിയത്. അമ്മ സംഘടനയിൽ അംഗത്വം ലഭിക്കാൻ കിടക്ക പങ്കിടണമെന്ന് മറ്റ് താരങ്ങൾ ആവശ്യപ്പെട്ടുവെന്നും ഇവർ വെളിപ്പെടുത്തിയിരിക്കുന്നു. സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെതിരെയും ഇവർ കേസന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് പരാതി നൽകിയിട്ടുണ്ട്.
#Actress #Mukesh #BailHearing #Kerala #POCSO