Petition | മുകേഷ് അടക്കമുള്ള പ്രമുഖ നടന്മാർക്കെതിരെ പീഡന ആരോപണം ഉന്നയിച്ച നടി കാസർകോട് ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി; കൂടുതൽ വാദത്തിനായി 30ലേക്ക് മാറ്റി
● കർണാടകയിലെ അഭിഭാഷകനാണ് നിയമ നടപടികൾക്ക് നേതൃത്വം നൽകുന്നത്.
● നടിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തതായി സൂചന.
കാസർകോട്: (KasargodVartha) മുകേഷ് ഉൾപെടെയുള്ള പ്രമുഖ നടന്മാർക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച എറണാകുളത്തെ പ്രമുഖ നടിയുടെ മുൻകൂർ ജാമ്യാപേക്ഷ കാസർകോട് ജില്ലാ സെഷൻസ് കോടതിയിലെത്തി. കർണാടകയിൽ എൻറോൾമെൻ്റ് ചെയ്ത അഡ്വ. സംഗീത് ലൂയിസ് മുഖേനയാണ് കാസർകോട് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.
നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ യുവതിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നതായി സൂചനയുണ്ട്. ഈ കേസിൽ അറസ്റ്റുണ്ടാകുമെന്ന് ഭയന്നാണ് ഇവർ ഇപ്പോൾ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. കൂടുതൽ വാദം കേൾക്കാൻ ഹർജി സെപ്റ്റംബർ 30ലേക്ക് മാറ്റിയിട്ടുണ്ട്.
തനിക്കെതിരെ ഏതോ പൊലീസ് സ്റ്റേഷനിൽ കേസുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് ഇവർ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിരിക്കുന്നത്. കേസിന്റെ വിശദശാംശങ്ങൾ വ്യക്തമാക്കാത്തതിനാൽ 30ന് നേരിട്ട് ഹാജരായി ഇക്കാര്യം വിശദമാക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
മുകേഷ് അടക്കമുള്ള ഏഴ് പേർക്കെതിരെയാണ് നടി പീഡന പരാതി ഉന്നയിച്ചിരുന്നത്. ഇവരുടെ പരാതിയിൽ നടന്മാർക്കെതിരെ അന്വേഷണം നടക്കുകയാണ്. ഏതാനും സിനിമയിൽ അഭിനയിച്ച നടി പിന്നീട് താമസം ചെന്നൈയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഹേമ കമിറ്റി റിപോർട് പുറത്തുവന്നത് . ഇതോടെയാണ് നടന്മാർക്കെതിരെ ഇവർ വെളിപ്പെടുത്തൽ നടത്തിയത്.
2013 ലാണ് ഒരു പ്രമുഖ നടനിൽ നിന്നും ലൊകേഷനിൽ വെച്ച് പീഡനം നേരിടേണ്ടിവന്നതെന്നായിരുന്നു ആരോപണം. റസ്റ്റ് റൂമിൽ പോയി തിരികെ വരുമ്പോൾ നടൻ കടന്നുപിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് ഇവർ വെളിപ്പെടുത്തിയത്. അമ്മ സംഘടനയിൽ അംഗത്വം ലഭിക്കാൻ കിടക്ക പങ്കിടണമെന്ന് മറ്റ് താരങ്ങൾ ആവശ്യപ്പെട്ടുവെന്നും ഇവർ വെളിപ്പെടുത്തിയിരിക്കുന്നു
#MalayalamCinema #Assault #JusticeForSurvivors #MeTooIndia