Sreejith Ravi Granted Bail | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ അശ്ലീല പ്രദര്‍ശനം നടത്തിയെന്ന പരാതി; നടന്‍ ശ്രീജിത്ത് രവിക്ക് പോക്‌സോ കേസില്‍ ജാമ്യം
കൊച്ചി: (www.kasargodvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ അശ്ലീല പ്രദര്‍ശനം നടത്തിയെന്ന കേസില്‍ സിനിമാതാരം ശ്രീജിത്ത് രവിക്ക് ജാമ്യം. ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. സ്വഭാവവൈകല്യത്തിന് 2016 മുതല്‍ ചികിത്സയിലെന്നാണ് നടന്‍ കോടതിയെ അറിയിച്ചത്.
തുടര്‍ച്ചയായുള്ള ജയില്‍വാസം ആരോഗ്യനില മോശമാക്കുമെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. നിബന്ധനകളോടെയാണ് ജാമ്യം. ഭാര്യയും പിതാവും ശ്രീജിത്തിന് ആവശ്യമായ ചികിത്സ നല്‍കുമെന്ന് സത്യവാങ് മൂലം നല്‍കണമെന്നാണ് ഒരു നിബന്ധന. വീണ്ടും ഇത്തരത്തിലെ സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി അറിയിച്ചു.
അറസ്റ്റിലായ ശ്രീജിത്തിന്റെ ജാമ്യം നേരത്തെ അഡീഷനല്‍ സെഷന്‍സ് കോടതി തള്ളുകയായിരുന്നു. പ്രതി നേരേെത്തയും സമാന കുറ്റകൃത്യത്തില്‍ ഏര്‍പെട്ടിട്ടുള്ളതിനാല്‍ ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് അഡീഷനല്‍ സെഷന്‍സ് കോടതി ജാമ്യം തള്ളിയത്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം തടയല്‍, പോക്‌സോ എന്നിവയാണ് ശ്രീജിത്തിനെതിരെ ചുമത്തിയ വകുപ്പുകള്‍.
അയ്യന്തോള്‍ എസ്എന്‍ പാര്‍കിന് സമീപത്തെ ഫ്‌ലാറ്റിന് മുന്നില്‍ നിന്നിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ കഴിഞ്ഞ നാലിന് ശ്രീജിത് രവി അശ്ലീല പ്രദര്‍ശനം നടത്തിയതെന്നാണ് പരാതി. കുട്ടികള്‍, രക്ഷിതാക്കളെയും കൂട്ടിയെത്തിയപ്പോഴേക്കും പ്രതി കാറില്‍ രക്ഷപെട്ടിരുന്നുവെന്നും തുടര്‍ന്ന് രക്ഷിതാക്കളുടെ പരാതിയില്‍ തൃശൂര്‍ വെസ്റ്റ് പൊലീസ് കേസെടുക്കുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവിയെ തിരിച്ചറിഞ്ഞത്.
അതേസമയം, ശ്രീജിത്ത് രവി ഇത്തരത്തില്‍ അശ്ലീല പ്രദര്‍ശനം നടത്തി പിടിക്കപ്പെടുന്നത് ആദ്യമായിട്ടല്ല. 2016 ഓഗസ്റ്റ് 27 നായിരുന്നു പുറത്തറിഞ്ഞ മറ്റൊരു സംഭവം നടന്നത്. അന്ന് പാലക്കാട്, ലക്കിടിയിലെ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് മുന്നിലായിരുന്നു അശ്ലീല പ്രദര്‍ശനം. തൃശൂരില്‍ സംഭവിച്ചതുപോലെ, കുട്ടികളെ ഉള്‍പെടുത്തി സെല്‍ഫി എടുക്കാനുള്ള ശ്രമവും അന്ന് നടത്തിയിരുന്നുവെന്നും പരാതിയില്‍ പറഞ്ഞു. അന്ന് ശ്രീജിത്തിനെതിരെ ഒറ്റപ്പാലം പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തെങ്കിലും കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുകയായിരുന്നു. പോക്സോ പ്രകാരം തന്നെ ആയിരുന്നു അന്നും കേസ് രെജിസ്റ്റര്‍ ചെയ്തത്.
Keywords: news,Kerala,State,Kochi,case,complaint,Police,Actor,pocso,Top-Headlines,High Court of Kerala,High-Court, Actor Sreejith Ravi granted bail in POCSO case