Compensation | ഹരിശ്രീ അശോകന്റെ വീടിന്റെ നിര്‍മ്മാണ പിഴവ്; കോടതി 17 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു
കൊച്ചി: (KasargodVartha) എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി (Ernakulam District Consumer Disputes Redressal Court), നടന്‍ ഹരിശ്രീ അശോകന്റെ (Harisree Asokan)'പഞ്ചാബി ഹൗസ്' എന്ന വീടിന്റെ നിര്‍മ്മാണത്തില്‍ (House Construction) വന്ന ഗുരുതരമായ പിഴവിന് 17,83,641 രൂപ നഷ്ടപരിഹാരം (Compensation) നല്‍കണമെന്ന് വിധിച്ചു.
വീട് പണി പൂര്‍ത്തിയായ ഉടന്‍ തന്നെ തറയിലെ ടൈല്‍സ് പൊട്ടിപ്പൊളിയുകയും (Floor Cracked) വിടവുകളിലൂടെ വെള്ളവും മണ്ണും ഉള്ളിലേക്ക് കടക്കുകയും ചെയ്യുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹരിശ്രീ അശോകന്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ ടൈല്‍സ് വാങ്ങിയ കടകളും പണി ചെയ്ത കമ്പനിയും ഉത്തരവാദിത്തം ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും കോടതി ഇവരുടെ വാദം തള്ളിക്കളഞ്ഞു.
തുടര്‍ന്ന് ഉപഭോക്താവിനെ വഞ്ചിച്ചതിന് കമ്പനികള്‍ക്കെതിരെ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഉപഭോക്താവിനെ വ്യവഹാരത്തിന് നിര്‍ബ്ബന്ധിതനാക്കിയ എതിര്‍ കക്ഷികളുടെ പ്രവൃത്തി ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഡി ബി ബിനു അദ്ധ്യക്ഷനും വൈക്കം രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവര്‍ മെമ്പര്‍മാരുമായ ബെഞ്ച് അഭിപ്രായപ്പെട്ടു. കെട്ടുപിണഞ്ഞതും സങ്കീര്‍ണ്ണവുമായ പാതകളിലൂടെ ഉപഭോക്താവിനെ അനാവശ്യമായി വലയ്ക്കുന്ന അധാര്‍മ്മികമായ വ്യാപാര രീതിയുടെയും സേവനത്തിലെ ഗുരുതരമായ ന്യൂനതയുടെയും ഉത്തമ ദൃഷ്ടാന്തമാണ് ഈ പരാതിയില്‍ നിന്ന് വെളിവാക്കപ്പെടുന്നതെന്നും വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി.
ഉപഭോക്താവിനെ വ്യവഹാരത്തില്‍ നിര്‍ബന്ധിതനാക്കിയ കമ്പനികളുടെ പ്രവര്‍ത്തി അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കോടതി വിധിയനുസരിച്ച്, കമ്പനികള്‍ ഹരിശ്രീ അശോകന് നഷ്ടപരിഹാരമായി 16,58,641 രൂപയും, ഒരു ലക്ഷം രൂപ കൂടി നഷ്ടപരിഹാരമായും, 25,000 രൂപ കോടതി ചെലവായും നല്‍കണം.