Police | കേരള പൊലീസില്‍ ആളില്ല; അന്വേഷണങ്ങള്‍ക്ക് തടസം; 7000 പൊലീസുകാർ ഇനിയും വേണമെന്ന് കണക്കുകൾ
ചെറുവത്തൂർ: (KasaragodVartha) സംസ്ഥാനത്ത് കേസുകള്‍ മതിയായ വേഗത്തില്‍ കൈകാര്യം ചെയ്യപ്പെടുന്നില്ലെന്ന പരാതി കാലങ്ങളായി നിലനില്‍ക്കുന്നുണ്ടെങ്കിലും, കേരള പൊലീസിൻ്റെ അംഗബലം കൂട്ടാൻ ഇനിയും സർകാര്‍ തയാറായിട്ടില്ല. നിലവില്‍ റിപോർട് ചെയ്യപ്പെടുന്ന കേസുകള്‍ പരിഗണിക്കുകയാണെങ്കില്‍ കുറഞ്ഞത് 7,000 പൊലീസുകാരെങ്കിലും അധികമായി വേണമെന്നാണ്, ചീമേനി ചെമ്പ്രകാനം സ്വദേശിയായ എം വി ശിൽപരാജ് ആഭ്യന്തര വകുപ്പിന് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കു ലഭിച്ച മറുപടിയില്‍ പറയുന്നത്.
നാഷനൽ ക്രൈം റെകോർഡ്സ് ബ്യൂറോയുടെ റിപോർട് പ്രകാരം 2022ൽ മാത്രം 2,35,858 ക്രിമിനൽ കുറ്റങ്ങൾ സംസ്ഥാനത്ത് നടന്നിട്ടുണ്ട്. എന്നാൽ പൊലീസിന്റെ നിലവിലെ അംഗബലം 3.3 കോടി ജനങ്ങൾക്ക് 53,222 പേർ മാത്രമാണ്. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ 2016 ലെ പഠന റിപോർട് പ്രകാരം നിർദേശിക്കുന്ന പൊലീസ് ആനുപാതം 500 പൗരന്മാർക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്ന നിലയ്ക്കാണ്.
ഇങ്ങനെയാണ് പഠന റിപോർടെങ്കിലും നിലവിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൈകാര്യം ചെയ്യേണ്ടി വരുന്നത് 656 പൗരന്മാരെയാണ്. അതായത് 3.3 കോടി ജനങ്ങൾക്ക് 7000 പൊലീസുകാർ കൂടി വേണ്ടതുണ്ട്. എന്നാൽ 2016ൽ സർകാർ നിർദേശിച്ച ചട്ടം തന്നെ നാളിതുവരെ പാലിക്കപ്പെട്ടിട്ടില്ല.
വർധിച്ചു വരുന്ന ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് അറുതി വരുത്താനും ക്രമസമാധാനം പുനസ്ഥാപിക്കാനും പുതിയ നിയമനങ്ങള്‍ നടത്തേണ്ടുന്ന സമയം അതിക്രമിച്ചു കഴിഞ്ഞുവെന്ന് ശില്പരാജ് പറയുന്നു. കലുഷിതമായ സാമൂഹികാവസ്ഥയില്‍ പൊലീസ് നിയമനങ്ങള്‍ വൈകിപ്പിക്കുന്നതില്‍ കടുത്ത പ്രതിഷേധമാണ് പൊതുജനങ്ങളില്‍ നിന്നുയരുന്നത്.