Girl Died | അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 5 വയസുകാരി മരിച്ചു
*വൈറസ് വകഭേദത്തെ കുറിച്ച് അറിയാനായി സാംപിള്‍ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂടിലേക്ക് അയച്ചു.
*നിരീക്ഷണത്തിലുണ്ടായിരുന്ന മറ്റ് 4 കുട്ടികളും ആശുപത്രി വിട്ടു.
*പുഴയിലിറങ്ങി കുളിച്ചതിനുശേഷമാണ് കുട്ടികളില്‍ രോഗലക്ഷണം കണ്ടത്.
കോഴിക്കോട്: (KasargodVartha) അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ (അമീബിക് മെനിന്‍ജോ എന്‍സഫലൈറ്റിസ്- Amoebic Meningoencephalitis) ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന ബാലിക മരിച്ചു. മലപ്പുറം മുന്നിയൂര്‍ ഗ്രാമ പഞ്ചായത് പരിധിയിലെ ദമ്പതികളുടെ അഞ്ചുവയസുകാരിയായ മകളാണ് മരിച്ചത്.
കുട്ടി ഒരാഴ്ചയായി കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഈ മാസം 13 മുതലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എട്ട് ദിവസമായി വെന്റിലേറ്ററിലായിരുന്നു. ഖബറടക്കം ചൊവ്വാഴ്ച (21.05.2024) ഉച്ചയോടെ നടക്കും.
വേനലില്‍ വറ്റി കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങുകയായിരുന്നു അഞ്ചുവയസുകാരി. തുടര്‍ന്ന് അഞ്ച് ദിവസത്തിന് ശേഷം കടുത്ത തലവേദനയും പനിയുമായി കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രോഗം ഗുരുതരമായതോടെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നട്ടെല്ലില്‍ നിന്നും സ്രവം പരിശോധിച്ചപ്പോഴാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. വൈറസ് വകഭേദത്തെ കുറിച്ച് അറിയാനായി സാംപിള്‍ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂടിലേക്ക് അയച്ചു.
അതേസമയം, സ്രവ പരിശോധനാഫലം നെഗറ്റീവായി നിരീക്ഷണത്തിലുണ്ടായിരുന്ന മറ്റ് നാല് കുട്ടികളും തിങ്കളാഴ്ച (20.05.2024) ആശുപത്രി വിട്ടതായി മാതൃശിശു സംരക്ഷണകേന്ദ്രം സൂപ്രണ്ട് അറിയിച്ചു. മൂന്നിയൂര്‍ പുഴയിലിറങ്ങി കുളിച്ചതിനുശേഷമാണ് കുട്ടികളില്‍ രോഗലക്ഷണം കണ്ടത്. ഇതിന് ശേഷം യാതൊരു കാരണവശാലും കെട്ടിക്കിടക്കുന്ന വെള്ളത്തിലിറങ്ങി കുളിക്കരുതെന്ന് ആരോഗ്യ വകുപ്പും പഞ്ചായതും മുന്നറിയിപ്പ് നല്‍കിയിരുന്നു.
2023 ജൂലൈയില്‍ ആലപ്പുഴ ജില്ലക്കാരനായ 10-ാം ക്ലാസ് വിദ്യാര്‍ഥിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചിരുന്നു. 15 കാരന്‍ ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. 2016-ല്‍ ആലപ്പുഴ ജില്ലയില്‍ തിരുമല വാര്‍ഡില്‍ ഒരു കുട്ടിയ്ക്ക് ഇതേ രോഗം മൂലം ബാധിച്ചിരുന്നു. 2019-ലും 2020-ലും മലപ്പുറത്തും 2020-ല്‍ കോഴിക്കോടും 2022-ല്‍ തൃശൂരിലും ഈരോഗം ബാധിച്ചിരുന്നു.
അമീബ എങ്ങനെ ശരീരത്തില്‍ എത്തുന്നു?
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ, മൂക്കിനുള്ളിലേക്ക് വെള്ളം ആക്കുകയോ ഒക്കെ ചെയ്യുന്നതിലൂടെ, കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെയോ ശരീരത്തിലെ മുറിവകളിലൂടെയോ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്.
അമീബ തലച്ചോറിലേക്ക് പ്രവേശിക്കുക വഴി മസ്തിഷ്‌കത്തിലെ കോശങ്ങള്‍ക്ക് പെട്ടെന്ന് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് വരികയും ചെയ്യുന്നു. ഇത് ഗുരുതരമാകുകയും ഒടുവില്‍ മസ്തിഷ്‌ക മരണം സംഭവിക്കുകയുമാണ് ചെയ്യുന്നത്. ജപാന്‍ ജ്വരം, നിപ പോലുള്ള രോഗങ്ങള്‍ പിന്നീട് മസ്തിഷ്‌ക ജ്വരമാകുന്നവയാണ്. അത്തരത്തില്‍ അമീബ മൂലം മസ്തിഷ്‌കജ്വരം വരുന്ന അവസ്ഥയാണിത്.
ലക്ഷണം
രണ്ടു ഘട്ടങ്ങളായാണ് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാവുക. ആദ്യഘട്ടത്തില്‍ പനി, തലവേദന, ഛര്‍ദി മുതലായവയാണ് കാണിക്കുക. പക്ഷേ പല പനിക്കും ഈ രോഗലക്ഷണങ്ങള്‍ കാണുന്നതുകൊണ്ടുതന്നെ ആരും വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കില്ല.
രണ്ടാംഘട്ടത്തിലേക്ക് പോകുമ്പോള്‍ അണുബാധ തലച്ചോറിനെ കൂടുതലായി ബാധിക്കുകയും അപസ്മാരം, ഓര്‍മ നഷ്ടമാകല്‍ തുടങ്ങിയവ ഉണ്ടാവുകയും ചെയ്യും. ഈ ഘട്ടത്തില്‍ മാത്രമാണ് തലച്ചോറിനെ അണുബാധ ബാധിച്ചതായി സംശയിക്കുകയും തുടര്‍ പരിശോധനയിലൂടെ രോഗനിര്‍ണയം നടത്തുകയും ചെയ്യുന്നത്.
പ്രതിരോധം
കെട്ടിക്കിടക്കുന്ന വെള്ളം, വൃത്തിയില്ലാത്ത വെള്ളം, മൂക്കിലൂടെയും മറ്റും വെള്ളമൊഴിക്കുക തുടങ്ങിയ സാഹചര്യങ്ങളിലാണ് ഇത്തരം അമീബ ശരീരത്തിലെത്തുക. അതിനാല്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കാതിരിക്കുക, മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുക, രോഗബാധ റിപോര്‍ട് ചെയ്ത പ്രദേശത്ത് കൂടുതല്‍ നിരീക്ഷണം നടത്തുക എന്നിവ പാലിക്കേണ്ടത് പ്രധാനമാണ്.
അണുബാധയേറ്റാല്‍ മരണസാധ്യത കൂടുതലാണെന്നതാണ് പ്രധാന വെല്ലുവിളി. ആഗോളതലത്തില്‍ തന്നെ റിപോര്‍ട് ചെയ്യപ്പെട്ടിട്ടുള്ള കേസുകള്‍ പരിശോധിച്ചാല്‍ നൂറുശതമാനത്തിന് അടുത്താണ് മരണനിരക്ക്. അതായത് വെറും നാലോ അഞ്ചോ കുട്ടികള്‍ മാത്രമായിരിക്കും രോഗത്തെ അതിജീവിച്ചിട്ടുണ്ടാവുക.