Accident | ഓട്ടോറിക്ഷ അപകടത്തിൽ 19കാരി മരിച്ചു; മൂന്ന് പേർക്ക് പരുക്ക്
അപകടത്തിൽ 19കാരി മരിച്ചു; മൂന്നുപേർക്ക് പരുക്കേൽക്കുകയും ചെയ്തു.
തിരുവനന്തപുരം: (KasargodVartha) വിഴിഞ്ഞം - ബാലരാമപുരം റോഡിൽ ടിടിസി വിദ്യാർത്ഥിനികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ മറ്റൊരു റിക്ഷ ഇടിച്ച് ഉണ്ടായ അപകടത്തിൽ യുവതി മരിച്ചു. മൂന്ന് പേർക്ക് പരുക്ക് പറ്റി.
വ്യാഴാഴ്ച വൈകുന്നേരം നാലരയോടെ മുള്ളുമുക്കിന് സമീപമായിരുന്നു അപകടം. ടിടിസി വിദ്യാർത്ഥിനികളായ മൂന്ന് സുഹൃത്തുക്കൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിൽ എതിരെ വന്ന മറ്റൊരു ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. വെങ്ങാനൂർ നീലികേശി ക്ഷേത്രത്തിന് സമീപം നിന്ന് സ്കൂളിലേക്ക് പോകുന്നതിനാണ് സംഘം റിക്ഷയിൽ കയറിയത്. മുള്ളുമുക്കിന് സമീപം എത്തിയപ്പോൾ എതിരെ തെറ്റായ ദിശയില്‍ നിന്ന് വന്ന ആപെ മോഡല്‍ ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഈ അപകടത്തിൽ ഓട്ടോറിക്ഷക്കടിയിൽപ്പെട്ട ഫ്രാൻസിക (19) എന്ന വിദ്യാർത്ഥിനിയാണ് മരിച്ചത്. വിഴിഞ്ഞം കോട്ടുകാല്‍ മരുതൂർക്കോണം പട്ടംതാണുപിള്ള മെമ്മോറിയൽ ടി.ടി.സി സ്കൂളിലെ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിനിയും, മലയിൻകീഴ് വിളവൂർക്കല്‍ ഈഴാക്കോടില്‍ സേവ്യറിൻ്റെയും ലേഖ റക്സണിൻ്റെയും ഏക മകളുമായിരുന്നു ഫ്രാൻസിക.
അപകടത്തിൽപ്പെട്ട മറ്റ് രണ്ട് വിദ്യാർത്ഥിനികളായ കാസർകോട് സ്വദേശിയായ ദേവിക, പത്തനംതിട്ട സ്വദേശിയായ രാഖി, ഓട്ടോറിക്ഷ ഡ്രൈവർ വെങ്ങാനൂർ സ്വദേശി സുജിത് എന്നിവർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകട ശേഷം നിർത്താതെ പോയ റിക്ഷയെയും ഡ്രെെവറേയും കസ്റ്റഡിയിലെടുത്തതായും കേസ് രജിസ്റ്റർ ചെയ്തതായും വിഴിഞ്ഞം പോലീസ് അറിയിച്ചു.
#AutoRickshawAccident, #Thiruvananthapuram, #StudentDeath, #TrafficCollision, #KeralaNews, #Injuries