city-gold-ad-for-blogger

കാസര്‍കോട്ട് പന്ത്രണ്ട് അഗതികള്‍ക്കു വീടൊരുങ്ങുന്നു

കാസര്‍കോട്: (www.kasargodvartha.com 27/06/2016) കാരുണ്യത്തിന്റെ ഉറവകള്‍ വറ്റുന്നില്ല. മേഖലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നു തെരഞ്ഞെടുത്ത 12 അഗതികുടുംബങ്ങള്‍ക്കു വീടൊരുക്കാനുള്ള പ്രൊജക്ടുമായി മുന്നോട്ടു വന്നിരിക്കയാണ്, കാരുണ്യ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി 2014ല്‍ കാസര്‍കോടു കേന്ദ്രമായി സ്ഥാപിതമായ ട്രസ്റ്റ്. ജില്ലയിലെ ഏതാനും ദരിദ്രപ്രദേശങ്ങളില്‍ ചികിത്സ, ഭക്ഷണം, വിദ്യാഭ്യാസം, പാര്‍പിടം തുടങ്ങിയ ആവശ്യങ്ങളുടെ പരിഹാരത്തിനായി ആസൂത്രിത പരിപാടികള്‍ നടപ്പാക്കിവരുന്ന സംഘം നടാടെയാണ് 12 വീട് എന്ന പദ്ധതിയുമായി ഇറങ്ങിയത്. മാതൃകാപരമായ രീതി കൊണ്ടും ലാളിത്യം കൊണ്ടും ശ്രദ്ധേയമാവുകയാണു ട്രസ്റ്റ് പ്രവര്‍ത്തനങ്ങള്‍.

പിന്നാക്കപ്രദേശങ്ങളില്‍ ട്രസ്റ്റുപ്രതിനിധികള്‍ നേരിട്ടുചെന്നു സര്‍വേ നടത്തി വിശകലനം ചെയ്താണു വലുതും ദീര്‍ഘകാലാനുസൃതവുമായ പദ്ധതികള്‍ക്ക് അര്‍ഹരെ കണ്ടെത്തുന്നത്. അതാതു സ്ഥലത്തെ പ്രശ്‌നങ്ങള്‍ പഠിക്കും. വീടുനിര്‍മാണം പോലുള്ള സേവനങ്ങളില്‍ ബന്ധപ്പെട്ട മഹല്‍ / ക്ഷേത്രം / ഇടവക / സാമൂഹികസമിതികളുടെ അഭിപ്രായവും ശിപാര്‍ശയും കൂടി പരിഗണിക്കും. പറ്റുന്നിടങ്ങളില്‍ പദ്ധതിനിര്‍വഹണത്തിനു പ്രദേശവാസികളുടെ സഹകരണം പ്രയോജനപ്പെടുത്തും. പ്രശസ്തി ആഗ്രഹിക്കാത്ത സേവനമനസ്‌ക്കരില്‍ നിന്നു ലഭിക്കുന്ന സംഭാവനകളാണു പദ്ധതികളുടെ സാമ്പത്തികാടിത്തറ.

നിത്യരോഗങ്ങളാലും അവശതകളാലും വീട് എന്ന സ്വപ്നം വഴിമുട്ടിപ്പോയവരാണ് ഇപ്പോള്‍ 12 വീട് പദ്ധതിയിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടവര്‍. തറ പണിതു വര്‍ഷങ്ങളായി വീടുയര്‍ത്താന്‍ ഗതിയില്ലാത്തവര്‍. ഓല മേഞ്ഞതോ ടാര്‍പോളിന്‍ പൊതിഞ്ഞതോ ആയ കൂരകളില്‍ പാര്‍ക്കുന്നവര്‍. ഒറ്റമുറി കുടുസ്സുമണ്‍കൂന. തകര്‍ന്ന മേല്‍ക്കൂരയില്‍ ആശയറ്റവര്‍. ചാക്കോ സാരിയോ മറച്ച കക്കൂസ്. അതിനും സൗകര്യപ്പെടാത്തവര്‍. പ്രാഥമികാവശ്യം പൂര്‍ത്തീകരിക്കാന്‍ ഇരുട്ടു വീഴും വരെ സഹിച്ചു കാത്തിരിക്കേണ്ടവര്‍. ചിലേടത്തു വിവാഹപ്രായം പിന്നിട്ട ഒന്നിലേറെ പെണ്‍മക്കള്‍. മനസ്സലിയിക്കുന്ന രോഗപീഢകളില്‍ ചിലര്‍. കുടുംബഭാരം ചുമക്കുന്ന വിധവകള്‍. മനസാക്ഷിയുള്ളവരുടെ കാരുണ്യമാണ് ഇവര്‍ക്കാശ്രയം.

12 വീടും എത്രയും വേഗം യാഥാര്‍ഥ്യമാക്കാനുള്ള രാപ്പകല്‍ കഠിനപരിശ്രമത്തിലാണു ട്രസ്റ്റുപ്രവര്‍ത്തകര്‍. അതോടൊപ്പം സ്ഥിരമായി ചെയ്യുന്ന മറ്റു കാരുണ്യപ്രവൃത്തികള്‍ തുടരുകയും വേണം. ഉദാരമതികള്‍ കൈയയച്ചു പിന്തുണക്കുന്നുണ്ട്. വീട് പദ്ധതിയിലേയ്ക്ക്, ഓരോ ഇടത്തേയ്ക്കുള്ള കല്ല്, സിമന്റ്, കമ്പി, മണല്‍, കൂലി, മറ്റു വസ്തുക്കള്‍ എന്ന നിലയ്‌ക്കോ ഒരു വീടോ കൂടുതലോ മൊത്തമായോ സ്‌പോണ്‍സര്‍ ചെയ്യാം. ട്രസ്റ്റിന്റെ മറ്റു സേവനങ്ങളിലും ഭാഗവാക്കാകാം. സഹകരിക്കാന്‍ താല്‍പര്യമുള്ളവര്‍ ഹൗസിംഗ് പ്രൊജക്ട് കണ്‍വീനറെയോ ട്രസ്റ്റ് സെക്രട്ടറിയെയോ ബന്ധപ്പെടുക. നമ്പര്‍ യഥാക്രമം 9447651346, 9037136568. സംഭാവനയുടെ മൂല്യം രേഖപ്പെടുത്തിയ രശീതി ലഭിക്കും. പേരുവിവരമോ ഫോട്ടോയോ പ്രസിദ്ദീകരണത്തിനു നല്‍കുന്നതല്ല. സഹായിക്കപ്പെടുന്നവര്‍ക്ക് അഭിമാനക്ഷതം വരാതെയും സൂക്ഷിക്കും.

കാസര്‍കോട്ട് പന്ത്രണ്ട് അഗതികള്‍ക്കു വീടൊരുങ്ങുന്നു

Keywords:  Kasaragod, Kerala, House, Needs help, Trust, Aramana Gold, 12 houses get ready for destitute.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia