കുമ്പളയില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന് വെട്ടേറ്റു; ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ വലയില്‍
Mar 19, 2015, 22:49 IST
കുമ്പള: (www.kasargodvartha.com 19/03/2015) കുമ്പളയില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന് വെട്ടേറ്റു. വെട്ടിയ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ പോലീസ് വലയിലായതായി സൂചന. കുണ്ടങ്കരടുക്കയിലെ ഹുസൈന്റെ മകനും മംഗലാപുരം അലോഷ്യസ് കോളജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയുമായ അബൂബക്കര്‍ സലീമി (19) നാണ് വെട്ടേറ്റത്.
പള്ളയ്ക്ക് വെട്ടേറ്റ സലീമിനെ ആദ്യം കുമ്പള സഹകരണ ആശുപത്രിയിലും പിന്നീട് പരിക്ക് ഗുരുതരമായതിനാല്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന സലീമിനെ ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ ചന്ദ്രു എന്ന ചന്ദ്രഹാസനും മറ്റൊരാളുംകൂടി തടഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
ആദ്യം പള്ളക്ക് വെട്ടുകയും പിന്നീട് നെഞ്ചിന് നേരെ വെട്ടാന്‍ ശ്രമിക്കുമ്പോള്‍ തടഞ്ഞ് ബൈക്കുമായി രക്ഷപ്പെടുകയും അല്‍പദൂരംചെന്നപ്പോള്‍ തളര്‍ന്നുവീഴുകയുമായിരുന്നുവെന്നാണ് ആശുപത്രിയില്‍ കഴിയുന്ന സലീം പറയുന്നത്. വഴിയാത്രക്കാരാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്.
10 ദിവസത്തോളമായി കുണ്ടങ്കരടുക്കയില്‍ ഡി.വൈ.എഫ്.ഐ. - യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തമ്മില്‍ ചെറിയ ഉരസലുകള്‍ നടന്നുവരികയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന് വെട്ടേറ്റത്. സംഭവത്തെതുടര്‍ന്ന് കുമ്പളയില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുകയാണ്. രണ്ട് മാസം മുമ്പ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ മുരളിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഡി.വൈ.എഫ്.ഐ. - ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുകയാണ്. ഇതിനിടയിലാണ് വീണ്ടും അക്രമസംഭവം ഉണ്ടായത്.
Keywords: Kumbala, Stabbed, Student, Kerala, Kasaragod, DYFI, RSS, Injured, Hospital.
Advertisement:







