city-gold-ad-for-blogger

ബാവിക്കര കുടിവെള്ള പദ്ധതി പ്രവൃത്തി ഉടന്‍ ജില്ലയുടെ വികസന പ്രശ്‌നങ്ങള്‍ പരിഹരിക്കും: മന്ത്രി

ബാവിക്കര കുടിവെള്ള പദ്ധതി പ്രവൃത്തി ഉടന്‍ ജില്ലയുടെ വികസന പ്രശ്‌നങ്ങള്‍ പരിഹരിക്കും: മന്ത്രി
കാസര്‍കോട്: വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ജില്ല നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് കൃഷി-മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ.പി.മോഹനന്‍ പറഞ്ഞു. ജില്ലയുടെ വികസന പദ്ധതികള്‍ക്ക് ആക്കം കൂട്ടാന്‍ കളക്ടറേറ്റില്‍ വിളിച്ചു കൂട്ടിയ ജനപ്രതിനിധികളുടെയും ജില്ലാതല ഉദ്യോഗസ്ഥന്മാരുടെയും സംയുക്താ യോഗത്തില്‍ അധ്യക്ഷം വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാസര്‍കോട് നഗരസഭയ്ക്കും നാലോളം പഞ്ചായത്തുകള്‍ക്കും കുടിവെള്ളം ലഭ്യമാക്കാന്‍ ബാവിക്കരയില്‍ നിര്‍മ്മിക്കുന്ന റഗുലേറ്റര്‍ കംബ്രിഡ്ജിന്റെ പ്രവൃത്തി ഉടന്‍തന്നെ ആരംഭിക്കുമെന്ന് മന്ത്രി യോഗത്തില്‍ അറിയിച്ചു. പദ്ധതി തുകയുടെ 82 ശതമാനം വര്‍ദിപ്പിച്ചു കൊണ്ടുള്ള പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം നല്‍കിയിട്ടുണ്ട്.

വിവിധ ഓഫീസുകളിലെ ഉദ്യോഗസ്ഥന്മാരുടെ ഒഴിവുകള്‍ നികത്തും. ഉദ്യോഗസ്ഥന്മാര്‍ക്ക് ആവശ്യമായ ഓഫീസ് സൗകര്യവും, ക്വാട്ടേഴ്‌സ് നിര്‍മ്മാണം തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കും. ജില്ലയില്‍ വികസന പദ്ധതികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉദ്യോഗസ്ഥര്‍ മന്ത്രിയുടെ മുന്‍പാകെ അവതരിപ്പിച്ചു.

വന്‍കിട ജലസേചന വകുപ്പില്‍ ജില്ലയില്‍ 91 ഉദ്യോഗസ്ഥന്മാരില്‍ 38 ഒഴിവുകളുള്ളതായി ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു. മാവില വിഭാഗം പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതോടെ പട്ടികവര്‍ഗ്ഗക്കാരുടെ ജനസംഖ്യ ജില്ലയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്, അവരുടെ വികസനം ലക്ഷ്യമാക്കി നീലേശ്വരത്ത് പുതുതായി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് തുറക്കണം. വികസന പദ്ധതികള്‍ക്കായി 2011ലെ ജനസംഖ്യാ കണക്കിന്റെ അടിസ്ഥാനത്തില്‍ ഫണ്ട് അനുവദിക്കണമെന്ന് ജനപ്രതിനിധികള്‍ അഭ്യര്‍ത്ഥിച്ചു. നിലവില്‍ 2001 ജനസംഖ്യാ കണക്കനുസരിച്ചാണ് ഫണ്ട് അനുവദിക്കുന്നത്.

എല്ലാ വില്പന നികുതി ഓഫീസുകള്‍ക്കുമായി പ്രത്യേക കോംപ്ലക്‌സ് പണിയണം. മഞ്ചേശ്വരം ചെക്ക്‌പോസ്റ്റില്‍ ഒരു അഡീഷണല്‍ വാഹന പരിശോധനാ കൗണ്ടര്‍ കൂടി അനുവദിക്കണം. ദിവസേന 1200 ഓളം ചരക്ക് ലോറികള്‍ ഇതിലൂടെ കടന്നു പോകുന്നു. നിലവില്‍ ഒരു ഗ്രീന്‍ ചാനല്‍ ഉള്‍പ്പെടെ നാലു കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. മഞ്ചേശ്വരം ചെക്ക് പോസ്റ്റ് നിര്‍മ്മാണത്തിനായി 9.73 ഏക്കര്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് മൂന്ന് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പ്രാദേശികമായി ഓടുന്ന ലോറികളെ ചെക്ക് പോസ്റ്റിലൂടെ പെട്ടെന്ന് തന്നെ കടത്തിവിടാനുള്ള സൗകര്യം ഒരുക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.

ചട്ടഞ്ചാലില്‍ ട്രഷറി നിര്‍മ്മാണത്തിനാവശ്യമായ സ്ഥലം ലഭ്യമാക്കാനും യോഗം തീരുമാനിച്ചു. ഉദുമയില്‍ ഫിഷറീസ് സ്റ്റേഷന്‍ സ്ഥാപിക്കണം. നീലേശ്വരം ഫിഷര്‍മാന്‍ കോളനിയിലുള്ളവര്‍ക്ക് വീട് വെക്കാന്‍ ആവശ്യമായ സ്ഥലം അനുവദിക്കണമെന്നും യോഗത്തില്‍ ആഭ്യര്‍ത്ഥിച്ചു. ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെ നാലു തസ്തികകളാണ് ജില്ലയിലുള്ളത്. ഇവ നാലും ഒഴിഞ്ഞുകിടക്കുന്നു. മഞ്ചേശ്വരത്ത് എഫ്.സി.ഐ യുടെ ഒരു ഗോഡൗണ്‍ അനുവദിക്കണമെന്നും ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചു. എക്‌സൈസ് വകുപ്പിന് മഞ്ചേശ്വരത്തും വെള്ളരിക്കുണ്ടിലും റേഞ്ച് ഓഫീസുകള്‍ തുറക്കണം, ആദൂര്‍ പെര്‍ല എന്നിവിടങ്ങളില്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന ചെക്ക് പോസ്റ്റുകള്‍ക്ക് സ്ഥിരം ഓഫീസ് സ്ഥാപിക്കണം, ബദിയടുക്ക, ബന്തടുക്ക റേഞ്ച് ഓഫീസുകള്‍ക്ക് സ്ഥിരം കെട്ടിടം നിര്‍മ്മിക്കണം. മൃഗസംരക്ഷണ വകുപ്പില്‍ ഒഴിവുള്ള ഒന്‍പത് മൃഗ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തണം. ഒന്‍പത് ഡിസ്‌പെന്‍സറികള്‍ അപ്‌ഗ്രേഡ് ചെയ്യണം, കൃഷി വകുപ്പില്‍ ഒഴിവുകള്‍ നികത്തണം.
ഉദുമ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ 48 അംഗണ്‍വാടി കെട്ടിടങ്ങളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കണം. എം.എല്‍.എ ഫണ്ടില്‍ നിന്നും രണ്ട് ലക്ഷം രൂപ വീതം അനുവദിച്ചിരുന്നുവെങ്കിലും നബാര്‍ഡിന്റെ സഹായത്തോടെ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ പണി ആരംഭിച്ചിട്ടില്ല. ജില്ലയില്‍
30 ഡോക്ടര്‍മാരുടെ ഒഴിവുകളുണ്ട.് എന്നാല്‍ അധിക ശമ്പളം വാഗ്ദാനം ചെയ്തിട്ടും ഡോക്ടര്‍മാര്‍ ആരും സര്‍ക്കാര്‍ ആസ്പത്രികളില്‍ സേവനം ചെയ്യാന്‍ മുന്നോട്ട് വരുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു.

ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ട് (ആര്‍ഐഡിഎഫ്) സഹായത്തോടെ ജില്ലയില്‍ ഏറ്റെടുത്ത 231 പദ്ധതികള്‍ക്ക് എസ്റ്റിമേറ്റ് തുകയില്‍ 32 ശതമാനത്തിലധികം ആവശ്യമുള്ളതിനാല്‍ അനുമതിക്കായി സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. പദ്ധതിക്ക് പുതുക്കിയ ഭരണാനുമതി ലഭിക്കേണ്ടതുണ്ട്. ദേലംപാടി പഞ്ചായത്തില്‍ റോഡ് നിര്‍മ്മാണത്തിനായി വനം വകുപ്പ് അനുമതി നല്‍കണം. ഏഴ് കിലോമീറ്റിര്‍ നീണ്ട റോഡിന്റെ ആറുകിലോമീറ്റര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി. എന്നാല്‍ വനം വകുപ്പിന്റെ അനുമതിയില്ലാതെ ഒരു കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കാന്‍ കഴിഞ്ഞിട്ടില്ല.

ജില്ലയില്‍ ദേശീയ പാത നിര്‍മ്മാണത്തില്‍ ചില പ്രദേശത്തെ പരാതികള്‍ പരിഹരിക്കാന്‍ അധികൃതര്‍ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. ജില്ലയില്‍ 27 വില്ലേജുകളില്‍ കൂടിയാണ് ദേശീയ പാത കടന്നുപോകുന്നത്. ബല്ല വില്ലേജില്‍ കല്ലുകള്‍ സ്ഥാപിക്കുന്നതില്‍ ചില തടസ്സങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദേശീയ പാതയ്ക്കായി വളവ് നികത്താനെന്ന പേരില്‍ അശാസ്ത്രീയമായ പ്ലാന്‍ തയ്യാറാക്കി കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നത് ഒഴിവാക്കണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.

യോഗത്തില്‍ പി.കരുണാകരന്‍ എം.പി, എം.എല്‍.എ മാരായ എന്‍.എ.നെല്ലിക്കുന്ന്, പി.ബി.അബ്ദുര്‍ റസാഖ്, കെ.കുഞ്ഞിരാമന്‍ (ഉദുമ), കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി, ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.ജി.സുമ മറ്റ് വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Keywords: Bavikkara, Drinking water, Project, Minister K.P.Maohanan, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia