city-gold-ad-for-blogger

പിഞ്ചു നന്ദന വിധേയമായത് ആറ് മേജര്‍ ഓപ്പറേഷനുകള്‍ക്ക്

പിഞ്ചു നന്ദന വിധേയമായത് ആറ് മേജര്‍ ഓപ്പറേഷനുകള്‍ക്ക്
ബീംബുങ്കാല്‍: കുരുന്നുപ്രായത്തില്‍ നന്ദന വിധേയമായത് ആറ് മേജര്‍ ഓപ്പറേഷനുകള്‍ക്ക്. ജനിക്കുമ്പോള്‍ കൂട്ടായ് കിട്ടിയ അംഗവൈകല്യമാണ് പൂക്കള്‍ക്കൊപ്പം പൂമ്പാറ്റകളെപ്പോലെ ഓടി നടക്കേണ്ട പ്രായത്തില്‍ അമ്മയുടെ ഒക്കത്തും ഇരുത്തുന്ന കസേരയിലുമായി നന്ദനയെ തളിച്ചിടുന്നത്. ക്ലബ് ഫൂട്ട് ഡിസീസ് എന്നാണ് നന്ദനയെന്ന രണ്ടര വയസുകാരിയുടെ അസുഖത്തിന് വിളിപ്പേര്.

ബീംബുങ്കാലിലെ രോഹിണി-അരുണ്‍ ദമ്പതികളുടെ ഏക മകളാണ് നന്ദന. ജനിക്കുമ്പോഴേ രണ്ട് കാലുകളും ഇരു വശത്തേക്കുമായി വളഞ്ഞ അവസ്ഥയായിരുന്നു. കാസര്‍കോട് സര്‍ക്കാര്‍, സ്വകാര്യാശുപത്രികളിലെ ചികിത്സയ്ക്ക് ഫലം കാണാതെ വന്നപ്പോഴാണ് മണിപ്പാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ചികിത്സ മുടങ്ങാതെ തുടര്‍ന്നാല്‍ നാലഞ്ച് വയസിനകം സാധാരണ കുട്ടികളെപ്പോലെ നടക്കാനാവുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്.

ഡോക്ടര്‍ നല്‍കിയ പ്രതീക്ഷയാണ് വീട്ടിലെ പട്ടിണിക്കിടയിലും കടം വാങ്ങിയും കൂലിപ്പണിയെടുത്തും ചികിത്സ നല്‍കാന്‍ പ്രേരിപ്പിച്ചത്. കാസര്‍കോട് കുഡ്‌ലു സ്വദേശിയായ അരുണ്‍ തേപ്പ് പണിക്കാരനാണ്. ബീംബുങ്കാല്‍ ദിനേശിലെ തൊഴിലാളിയാണ് രോഹിണി. കല്ല്യാണം കഴിച്ച് കുഡ്‌ലുവിലേക്ക് പോയെങ്കിലും ചികിത്സയ്ക്കും കുട്ടിയുടെ പരിചരണത്തിനും ദിനേശിലെ തൊഴിലില്‍ നിന്നുള്ള ചെറിയ വേതനവും മുതല്‍ക്കൂട്ടാവുമെന്ന് കരുതിയാണ് രോഹിണി ബീംബുങ്കാലിലെ വീട്ടില്‍ തന്നെ താമസമാക്കിയത്.

നാല് ഓപ്പറേഷനുകള്‍ വേണ്ടിവരുമെന്നാണ് ഡോക്ടര്‍ പറഞ്ഞിരുന്നത്. ഇതിനകം ആറ് ഓപ്പറേഷനുകള്‍ക്ക് വിധേയമാക്കി. ഒന്നര ലക്ഷത്തോളം രൂപ ഓപ്പറേഷനുകള്‍ക്ക് മാത്രം ചെലവഴിച്ചു. മരുന്നും മറ്റ് ചെലവുകളും പുറമെ. ഏഴുമാസം മുമ്പാണ് അവസാനം ഓപ്പറേഷന് വിധേയമാക്കിയത്. ചികിത്സ മികച്ച ഗുണം ചെയ്യുന്നുണ്ടെങ്കിലും താങ്ങാനാവാത്ത സാമ്പത്തിക ബാധ്യത കുടുംബത്തെ പ്രയാസപ്പെടുത്തുന്നു.
ചികിത്സയില്‍ സഹായിക്കാന്‍ ഡിവൈഎഫ്‌ഐ ബീംബുങ്കാല്‍ മേഖലാ കമ്മിറ്റി നന്ദന ചികിത്സാ സഹായ നിധി രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരികയാണ്. ബേഡഡുക്ക പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണും ഡിവൈഎഫ്‌ഐ ബേഡകം ബ്ലോക്ക് കമ്മിറ്റിയംഗവുമായ പി വി ഷീജ ചെയര്‍പേഴ്‌സണും ബീംബുങ്കാല്‍ മേഖലാ സെക്രട്ടറി പി സുകുമാരന്‍ കണ്‍വീനറുമായാണ് ചികിത്സാ സഹായ സമിതി പ്രവര്‍ത്തിക്കുന്നത്. 
ബേഡഡുക്ക ഫാര്‍മേഴ്‌സ് ബാങ്കിന്റെ കുണ്ടംകുഴി സാഹാഹ്ന ശാഖയില്‍ 313 നമ്പറായി ചികിത്സാ സഹായ സമിതിക്ക് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടമായി പ്രദേശത്തെ വ്യക്തികളില്‍ നിന്നും സ്വരൂപിച്ച 25000 രൂപ കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് മധു മുതിയക്കാല്‍ കുടുംബത്തിന് കൈമാറി.

Keywords: Kasaragod, Nandana, Beembugal, Operation, Child.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia