city-gold-ad-for-blogger

നഗരത്തിന്റെ സമഗ്ര വികസനം ചര്‍ച്ച ചെയ്ത വികസന സെമിനാര്‍ ശ്രദ്ധേയമായി

നഗരത്തിന്റെ സമഗ്ര വികസനം ചര്‍ച്ച ചെയ്ത വികസന സെമിനാര്‍ ശ്രദ്ധേയമായി
കാസര്‍കോട്: നഗരത്തിന്റെ സമഗ്രവികസനം ചര്‍ച്ച ചെയ്ത വികസന സെമിനാര്‍ ശ്രദ്ധേയമായി. ശനിയാഴ്ച രാവിലെ കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളിലാണ് നഗരസഭയുടെ വികസന കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കപ്പെട്ടത്. നഗരസഭാ ചെയര്‍മാന്‍ ടി. ഇ അബ്ദുല്ലയാണ് സെമിനാറിന്റെ ചര്‍ച്ചകള്‍ക്കായി വികസന രേഖ അവതരിപ്പിച്ചത്. മാലിന്യപ്രശ്‌നമാണ് കാസര്‍കോട് നഗരത്തെ അലട്ടുന്ന മുഖ്യവിഷയമെന്ന് വികസന രേഖയില്‍ വ്യക്തമാക്കുന്നു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബയോഗ്യാസ്, വെര്‍മി, വിന്‍ഡ്രോ കംപോസ്റ്റ് പദ്ധതികളും. വീടുകള്‍ കേന്ദ്രീകരിച്ച് പൈപ്പ് കംപോസ്റ്റിംഗ്, പോര്‍ട്ടബിള്‍ ബയോഗ്യാസ്, അടുക്കള വേസ്റ്റ് കംപോസ്റ്റിംഗ് യൂണിറ്റ് തുടങ്ങിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുണമെന്ന് വികസന രേഖയില്‍ വ്യക്തമാക്കുന്നു.

മധൂര്‍ കൊല്ലങ്കാനയില്‍ 5.46 ഏക്കര്‍ സ്ഥലത്ത് കേന്ദ്രീകൃത മാലിന്യ സംസ്‌കരണ യൂണിറ്റ് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ജപ്പാന്‍ കുടിവെള്ള വിതരണ പദ്ധതി പ്രയോജനപ്പെടുത്തണമെന്നും വികസനരേഖയില്‍ ചൂണ്ടിക്കാട്ടുന്നു. വാട്ടര്‍ അതോറിറ്റി വഴി 38 ശതമാനം പേര്‍ക്ക് മാത്രമാണ് കുടിവെള്ളം ലഭ്യമാക്കുന്നത്.

വൈദ്യുതി പ്രശ്‌നം പരിഹരിക്കാന്‍ നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള അണ്ടര്‍ ഗ്രൗണ്ട് യു ജി കേബിള്‍ കമ്മിഷന്‍ ചെയ്യാനും വിദ്യാനഗറില്‍ നഗരസഭയുടെ സ്ഥലത്ത് 33 കെവി സബ്‌സ്‌റ്റേഷന്റെ പ്രവര്‍ത്തനം പ്രാവര്‍ത്തികമാക്കാനും വികസന രേഖയില്‍ നിര്‍ദ്ദേശമുണ്ട്. പ്രസരണ നഷ്ടം കുറക്കുന്നതിന് പഴയ ലൈനുകള്‍ മാറ്റി പുതിയ ലൈനുകള്‍ സ്ഥാപിക്കണം.

ആരോഗ്യരംഗത്തിന്റെ വികസനത്തിന് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മിക്കാനും ആശുപത്രികളുടെ നിലവാരം ഉയര്‍ത്താനും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണം. തളങ്കര പടിഞ്ഞാര്‍, കേളുഗുഡ്ഡെ, നെല്ലിക്കുന്ന് കടപ്പുറം, ചാല തുടങ്ങിയ പ്രദേശങ്ങളില്‍ ആരോഗ്യകേന്ദ്രങ്ങള്‍ സ്ഥാപിക്കണം.

ഗതാഗത പ്രശ്‌നം പരിഹരിക്കാന്‍ ദേശീയപാതയില്‍ ബൈപ്പാസ് നിര്‍മ്മിക്കണം. അണങ്കൂര്‍, ചാല, തുരുത്തി, ബാങ്കോട്, തളങ്കര പടിഞ്ഞാര്‍, കടപ്പുറം, നെല്ലിക്കുന്ന്, ബീരന്ത് വയല്‍ തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി റിംഗ് റോഡ് നിര്‍മ്മിക്കണമെന്നും പ്രധാനപ്പെട്ട മറ്റ് ചില റോഡുകള്‍ വീതി കൂട്ടണമെന്നും വികസന രേഖ മുന്നോട്ട് വെക്കുന്നു.

വിനോദ കേന്ദ്രങ്ങളായ പാര്‍ക്കുകള്‍, കളിസ്ഥലങ്ങള്‍ എന്നിവയുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം. വിദ്യാനഗര്‍ മുനിസിപ്പല്‍ സ്‌റ്റേഡിയത്തിനു സമീപം പുതിയ പാര്‍ക്കുകള്‍ നിര്‍മ്മിക്കാനും ഇപ്പോഴുള്ള വിവിധ പാര്‍ക്കുകള്‍ നവീകരിക്കാനും തളങ്ക പടിഞ്ഞാറിലെ കളിസ്ഥലം മിനിസ്‌റ്റേഡിയമാക്കാനും തായലങ്ങാടി സിവ്യു പാര്‍ക്കില്‍ നിന്ന് കസബ കടപ്പുറത്തേക്ക് തൂക്ക് പാലം നിര്‍മ്മിച്ച് ബോട്ടിംഗ് സൗകര്യം ഏര്‍പ്പെടുത്താനും വികസന രേഖയില്‍ നിര്‍ദ്ദേശമുണ്ട്.

ടൂറിസം രംഗത്ത് കാസര്‍കോട് ബീച്ച് വികസനത്തിന് പുതിയ പദ്ധതി നടപ്പിലാക്കണം. മത്സ്യതൊഴിലാളി മേഖലയില്‍ നിരവധി തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും മത്സ്യ-മാംസ-പച്ചക്കറി മാര്‍ക്കറ്റ് നവീകരണവും വികസന രേഖ മുന്നോട്ടുവെക്കുന്നു.

വ്യവസായത്തിന്റെ കാര്യത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വികസനവുമായി ബന്ധപ്പെട്ട് ഐ ടി പാര്‍ക്ക് സ്ഥാപിക്കാന്‍ പൂട്ടിക്കിടക്കുന്ന നെല്ലിക്കുന്ന് അസ്ട്രാല്‍ വാച്ച് കമ്പനി കെട്ടിടം വിട്ടുകൊടുക്കണം. നഗരസൗന്ദര്യ വികസനത്തിന് ഹൈമാസ്റ്റ് ലൈറ്റുകള്‍, ബോര്‍ഡുകള്‍, ആര്‍ച്ചുകള്‍, കമാനങ്ങള്‍, ഡിവൈഡറുകള്‍ എന്നിവ സ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ട്.

റോഡുകള്‍ക്കും, ഓവുചാലുകള്‍ക്കും അണ്ടര്‍ഗ്രൗണ്ട് െ്രെഡനേജ് സ്ഥാപിക്കണം. കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി ആര്‍ട്ട് ഗ്യാലറി സ്ഥാപിക്കണം. ടൗണ്‍ യു പി സ്‌കൂള്‍ കോമ്പൗണ്ടില്‍ വിദ്യാഭ്യാസ സമുച്ചയം നിര്‍മ്മിക്കുകയും പുലിക്കുന്ന്ചന്ദ്രഗിരി പാലത്തിനു കിഴക്കുഭാഗത്ത് നീന്തല്‍ പരിശീലന കേന്ദ്രം സ്ഥാപിക്കുകയും ചെയ്യേണ്ടതുണ്ടെന്നും വികസനരേഖയില്‍ പറയുന്നു.

ഉന്നത വിദ്യാഭ്യാസത്തിനായി വനിതാകോളേജ്, എഞ്ചിനിയറിംഗ് കോളേജ്, ലോകോളേജ്, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ സ്ഥാപിക്കണം. കലാ-കായികരംഗം പരിപോഷിപ്പിക്കാന്‍ വിദ്യാനഗര്‍ ഗവ.കോളേജിനുസമീപം ഇന്‍ഡോര്‍ സ്‌റ്റേഡിയം നിര്‍മ്മിക്കാനും, യൂത്ത് ടാലന്റ് അക്കാദമി സ്ഥാപിക്കാനും നടപടി സ്വീകരിക്കണം. താലൂക്ക് ഓഫീസ് കോമ്പൗണ്ടില്‍ മിനി സിവില്‍ സ്‌റ്റേഷന്‍ നിര്‍മ്മാക്കാനുള്ള തീരുമാനം ഉടന്‍ നടപ്പിലാക്കണം. ജില്ലയുടെ വികസനം കാര്യം ചര്‍ച്ച ചെയ്യുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച മുന്‍ ചീഫ് സെക്രട്ടറി ഇ. പ്രഭാകരന്‍ കമ്മീഷന്‍ മുമ്പാകെ വികസന രേഖ സമര്‍പ്പിക്കാനാണ് തീരുമാനം.


Keywords: Kasaragod, Municipality, Seminar, T.E Abdulla

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia