city-gold-ad-for-blogger

ജനതാദള്‍(എസ്) ല്‍ വിഭാഗീയത; ജില്ലാ പ്രസിഡണ്ടിനും റിട്ടേണിംഗ് ഓഫീസര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ സെക്രട്ടറി അടക്കമുള്ളവര്‍ രംഗത്ത്

കാസര്‍കോട്:  (www.kasargodvartha.com 01.11.2016) സംഘടനാ തിരഞ്ഞെടുപ്പുമായും മറ്റും ബന്ധപ്പെട്ട് ജനതാദള്‍(എസ്) ജില്ലാ കമ്മിറ്റിയില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. സംഘടനയുടെ ജില്ലാ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചും കൃത്രിമരേഖകളുണ്ടാക്കിയുമാണ് നടത്തിയതെന്ന ആരോപണവുമായി സംഘടനയിലെ ഒരുവിഭാഗം ചൊവ്വാഴ്ച രാവിലെ കാസര്‍കോട്ട് വാര്‍ത്താസമ്മേളനം നടത്തി.

ക്രമരഹിതമായും ചട്ടങ്ങള്‍ക്ക് വിരുദ്ധമായും ജനാധിപത്യവിരുദ്ധമായും തിരഞ്ഞെടുപ്പ് നടത്തിയതിനുത്തരവാദികളായ ജനതാദള്‍(എസ്) ജില്ലാ പ്രസിഡണ്ടിനും ജില്ലാറിട്ടേണിംഗ് ഓഫീസര്‍ക്കുമെതിരെ ദേശീയ-സംസ്ഥാന നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കുമെന്ന് ഇവര്‍  വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ജനതാദള്‍(എസ്) ദേശീയ കൗണ്‍സില്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരള പ്രദേശ് മെമ്പര്‍ഷിപ്പിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ നവംബര്‍ 11,12 തീയതികളില്‍ പൂര്‍ത്തിയാവുകയാണ്. ഇതിന്റെ ഭാഗമായി മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച് തിരഞ്ഞെടുപ്പ് നടപടികള്‍ ഒക്ടോബര്‍ 30നകം ജില്ലയില്‍ പൂര്‍ത്തീകരിക്കേണ്ടതാണ്. ജില്ലയിലെ അഞ്ചുമണ്ഡലങ്ങളിലും മെമ്പര്‍ഷിപ്പടിസ്ഥാനത്തില്‍ വാര്‍ഡ് തലം മുതല്‍ ജില്ലാകൗണ്‍സില്‍ വരെയുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 23ന് മുമ്പ് പൂര്‍ത്തീകരിക്കണമെന്നതാണ് സംഘടനാ ചട്ടം. ജില്ലയില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കേണ്ട റിട്ടേണിംഗ് ഓഫീസര്‍ നാളിതുവരെയും തിരഞ്ഞെടുപ്പ് നടപടികള്‍ക്കായി മണ്ഡലം റിട്ടേണിംഗ് ഓഫീസര്‍മാരെ നിയമിച്ച് തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചിട്ടില്ല.

ജില്ലാമണ്ഡലം ഭാരവാഹികളുമായി ആലോചിക്കാതെയും ജില്ലാപ്രസിഡണ്ടിന്റെ ബന്ധു എന്ന നിലയിലും ജില്ലാറിട്ടേണിംഗ് ഓഫീസര്‍ പക്ഷപാതപരമായി പെരുമാറുകയും മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്താതെ, നടത്തിയതായി കൃത്രിമ രേഖയുണ്ടാക്കി ഒക്ടോബര്‍ 30ന് 24 ഓളം പേരെ പങ്കെടുപ്പിച്ച് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ജില്ലാ പ്രസിഡണ്ടിനെയും സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളെയും തിരഞ്ഞെടുത്തതായി വാര്‍ത്താക്കുറിപ്പ് ഇറക്കുകയായിരുന്നുവെന്ന് സമാന്തരവിഭാഗം കുറ്റപ്പെടുത്തി. ഇതിനെതിരെ സംസ്ഥാന റിട്ടേണിംഗ് ഓഫീസര്‍ക്കും സംസ്ഥാന തര്‍ക്ക പരിഹാരസമിതിക്കും പരാതി നല്‍കിയിട്ടുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ ഡോ. കെ എ ഖാദര്‍, ജനതാദള്‍(എസ്) ജില്ലാ സെക്രട്ടറി സുരേഷ് പുതിയടത്ത്, ജില്ലാട്രഷറര്‍ സി തമ്പാന്‍, ജില്ലാഭാരവാഹികളായ പി പി ബാലകൃഷ്ണന്‍, എസ്എംഎ തങ്ങള്‍, യു കൃഷ്ണ ഷെട്ടി, മണ്ഡലം ഭാരവാഹികളായ പി പി രാജു, എം കെ സി അബ്ദുര്‍ റഹ് മാന്‍, സന്തോഷ് മാലുങ്കാല്‍, വി വെങ്കിടേഷ്, മുഹമ്മദ് മരക്കാട്, ഉമ്മര്‍ പടുവടുക്ക എന്നിവര്‍ സംബന്ധിച്ചു.

ജനതാദള്‍(എസ്) ല്‍ വിഭാഗീയത; ജില്ലാ പ്രസിഡണ്ടിനും റിട്ടേണിംഗ് ഓഫീസര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ സെക്രട്ടറി അടക്കമുള്ളവര്‍ രംഗത്ത്


Keywords:  kasaragod, Kerala, Political party, president, complaint, election, Janathadal (S), Returning officer, 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia