city-gold-ad-for-blogger

കതിവന്നൂര്‍ വീരന്റെ ഇതിഹാസ കഥയുമായി 'ദൈവക്കരു' ഒരുങ്ങി

കതിവന്നൂര്‍ വീരന്റെ ഇതിഹാസ കഥയുമായി 'ദൈവക്കരു' ഒരുങ്ങി
തൃക്കരിപ്പൂര്‍: പുരാവൃത്തത്തിലെ ധീര യോദ്ധാവിന്റെ പരിവേഷത്തില്‍ നിന്ന് വിശ്വാസികള്‍ക്ക് ദൈവക്കരുവായി അനുഭവപ്പെടുന്ന കതിവന്നൂര്‍ വീരന്റെ ജീവിതം ഇനി അഭ്രപാളിയില്‍. അന്തിക്ക് തുടങ്ങി മൂവന്തി നേരത്ത് പരിസമാപിക്കുന്ന തോറ്റം പാട്ടിലെ ഇതിഹാസ നായകന്റെ ജീവിതമാണ് ഡോക്യുമെന്ററിയിലൂടെ വരച്ചിടുന്നത്. ചെറുപ്രായത്തില്‍ മാതാപിതാക്കളും വീടും ഉപേക്ഷിക്കേണ്ടി വരുന്ന സാധാരണക്കാരനായ മന്നപ്പന്‍ കുടക് മലനിരകളില്‍ അഭയം തേടുന്നു. കാര്‍ഷിക വൃത്തിയില്‍ അതീവ തല്പരനായ മന്നപ്പന്‍ അമ്മാവനൊപ്പം കൂടുന്നു. അധ്വാനത്തിലൂടെ മണ്ണില്‍ കനകം വിരിയിച്ച യുവാവ് നാട്ടുകാരുടെ മനം കവരുന്നു. സ്‌നേഹത്തിനു മതവും ജാതിയും തടസം നില്‍ക്കരുതെന്ന് കരുതിയ മന്നപ്പന്‍ അവിടെ നിന്ന് വിവാഹം കഴിച്ചു.
ദാമ്പത്യം സ്വാസ്ഥ്യം കെടുത്തിയതോടെ മന്നപ്പന്‍ കുടകില്‍ നിന്ന് പലായനത്തിനോരുങ്ങുന്നു. മന്നപ്പന്‍ നട്ടു നനച്ച മണ്ണ് വംശീയ വാദം ഉന്നയിച്ച് വെക്കുടന്‍ പിടിച്ചെടുക്കാനിറങ്ങി. മലയാളിക്കെതിരെ പടവാളുയര്‍ത്താന്‍ ഈ കാട്ടുയോദ്ധാവ് ആഹ്വാനം ചെയ്തു. വെല്ലുവിളി ഏറ്റെടുത്ത് അടര്‍ക്കളത്തിലേക്കിറങ്ങിയ മന്നപ്പന്‍ വെക്കുടന്റെ കുടകപ്പടയെ തുരത്തി. നേര്‍ക്ക് നേരെ യുദ്ധം ചെയ്താല്‍ മന്നപ്പനെ വെല്ലാന്‍ കഴിയില്ലെന്ന് ബോധ്യമായ ശത്രുക്കള്‍ ചതിക്കോപ്പു കൂട്ടി മന്നപ്പനെ വകവരുത്തിയെന്നാണ് ഐതിഹ്യം. കാലമേല്‍പ്പിച്ച കര്‍മയോഗം പൂര്‍ത്തീകരിച്ച യോഗിയെന്ന നിലയിലാണ് മന്നപ്പന്‍ കതിവന്നൂരില്‍ വീരനായി വാഴ്ത്തപ്പെട്ടത്.
മന്നപ്പന്റെ പുരാവൃത്തത്തില്‍ പരാമര്‍ശിക്കുന്ന സ്ഥലങ്ങളിലൂടെയും ചരിത്രപരമായ ശേഷിപ്പുകളിലൂടെയും ഡോക്യുമെന്ററി സഞ്ചരിക്കുന്നു. കതിവന്നൂരിലെ വീട് നിലനിന്ന സ്ഥലം, മന്നപ്പന്‍ കൊലചെയ്യപ്പെട്ട മുത്താര്‍ മുടി, വീരാജ് പേട്ട എന്നേ സ്ഥലങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നു. ഒരു ഗ്രാമീണ കൂട്ടായ്മയില്‍ എങ്ങനെയാണ് ഇങ്ങനെയൊരു അനുഷ്ടാനം രൂപപ്പെട്ടത്, അതിന്റെ തുടര്‍ച്ച എങ്ങനെ സംഭവിച്ചു എന്നുള്ള ചോദ്യങ്ങള്‍ ചിത്രം ഉന്നയിക്കുന്നു. സാധാരണ നിലയില്‍ ഒരു കലാകാരന് അസാധ്യവും അപ്രാപ്യവുമായ അഭിനയ ആയോധന പാടവമാണ് കതിവന്നൂര്‍ വീരന്‍ തെയ്യത്തില്‍ കോലക്കാരന്‍ അവതരിപ്പിക്കുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ സമൂഹത്തില്‍ കോലക്കാരന്റെ ഇടവും ചിത്രം അന്വേഷിക്കുന്നു.
സൈലന്‍സ് ക്രിയേഷന്‍സിന് വേണ്ടി ബിനോയ് മാത്യു ആണ് ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം നിര്‍മിച്ചിരിക്കുന്നത്. സംഗീത നാടക അക്കാദമിയിലെ വി.കെ.അനില്‍ കുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ചു. അമീറലി ഒളവറയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. വെങ്ങര അനീഷ് പെരുവണ്ണാനും സംഘവുമാണ് തെയ്യം അവതരിപ്പിച്ചത്. ബിനോയ് ജയരാജ് ചിത്ര സംയോജനം നടത്തി. മാങ്ങാട്ടു മന്നപ്പന്‍- ഏഴിനും മീതേക്ക്... വേളാര്‍കോട്ട് ചെമ്മരത്തി-മരണത്തിലേക്ക്.., വഴിനട-വര്‍ത്തമാനത്തിലേക്ക്.... എന്നിങ്ങനെ നാല് ഭാഗങ്ങളായാണ് 100 മിനിറ്റ് ദൈര്‍ഘ്യമുളള ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. ഉത്തരമലബാറിലെ വിവിധ കളിയാട്ടങ്ങളും കുടക് എന്ന സുന്ദരമായ ഭൂപ്രകൃതിയും ഒന്നര വര്‍ഷത്തോളം സമയമെടുത്തിട്ടാണ് ഡോക്യുമെന്ററിക്കു വേണ്ടി ചിത്രീകരിച്ചത്. മന്നപ്പന്റെ ജീവിതവുമായി ബന്ധപ്പെട്ട മിത്തിനു സമാനമായ ഭൂപ്രദേശങ്ങള്‍ ആദ്യമായിട്ടാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഒന്നര വര്‍ഷത്തെ ശ്രമകരമായ അധ്വാനത്തിനൊടുവിലാണ് ഡോക്യുമെന്ററിയുടെ ചിത്രീകരണം പൂര്‍ത്തിയായത്. ഡിസംബര്‍ 22 ന് വൈകിട്ട് 6.30 ന് പയ്യന്നൂരിലെ ഗാന്ധി പാര്‍ക്കിലും ജനുവരി രണ്ടാം വാരം തൃശൂരിലും ഡോക്യുമെന്ററി പ്രിവ്യൂ നടക്കും.  
കതിവന്നൂര്‍ വീരന്റെ ഇതിഹാസ കഥയുമായി 'ദൈവക്കരു' ഒരുങ്ങി
Benoymathew, V.K. AnilKumar, Amrali














Keywords: Kasaragod, Trikaripur, Theyyam, Folk story

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia