city-gold-ad-for-blogger

കണ്ണീര്‍ പുഞ്ചിരിയോടെ സരിതയും അജുലിയും ഒഡീഷയിലേക്ക് മടങ്ങി

കാസര്‍കോട്: (www.kasargodvartha.com 27/06/2015) ബാലവേലയിലൂടെ അനുഭവിച്ചത്  ഒരു ദു:സ്വപ്നം മാത്രമാണെന്ന് കരുതി സരിതയും അജുലിയും  ഒഡീഷയിലേക്ക് മടങ്ങി. ബാലവേലയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ പോലീസ് ഇടപെട്ട്  മഹിളാമന്ദിരത്തില്‍ പാര്‍പ്പിച്ച ഒഡീഷ റായ്ഗഡ സ്വദേശികളായ  സരിത ക്രാപ്റ്റുക, അജുലി ക്രാപ്റ്റുക എന്നീ സഹോദരിമാരാണ് ജന്മനാട്ടിലേക്ക് മടങ്ങിയത്.

ഒഡീഷയിലെ ഗിരി വര്‍ഗ്ഗക്കാരായ ഈ കുട്ടികള്‍ വളരെ ദരിദ്രമായ കുടുംബസാഹചര്യമായതിനാല്‍ വേലക്കായി ഏജന്റ് മുഖേന കാസര്‍കോട് എത്തിപ്പെടുകയായിരുന്നു.  കുട്ടികളുടെ നാട്ടുകാരനായ പ്രശാന്ത് മുഖേനയാണ് കാസര്‍കോട് എത്തിയത്.  പത്തോളം പശുക്കളും കുറെ ആടുകളും ഉളള ഒരു വീട്ടിലേക്കാണ് കുട്ടികളെ എത്തിച്ചത്.  13ഉം 14ഉം വയസു മാത്രമുളള ഇവര്‍ പശുക്കളെ കുളിപ്പിക്കാനും  തീറ്റപുല്‍ ശേഖരിക്കാനും തുടങ്ങിയ ജോലികള്‍  പത്ത് ദിവസത്തോളം ചെയ്തു.  ഒറിയ മാത്രം സംസാരിക്കുന്ന ഇവര്‍ കഠിനമായ ജോലികളാല്‍  കഷ്ടപ്പെട്ട് കഴിഞ്ഞ ഒക്‌ടോബര്‍ 30ന് വീട് വിട്ട് ഓടുകയായിരുന്നു. പിറ്റേന്ന് വൈകുന്നേരം നീലേശ്വരത്ത് നിന്ന് പോലീസ് കണ്ടെത്തിയ ഇവരെ നീലേശ്വരം  ചൈല്‍ഡ് ലൈനിന്റെ സഹായത്താല്‍  ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറുകയായിരുന്നു.  തുടര്‍ന്ന് പരവനടുക്കം സര്‍ക്കാര്‍ മഹിളാമന്ദിരത്തില്‍ താത്ക്കാലികമായി സംരക്ഷിച്ചുവരികയായിരുന്നു.

ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും  സാമൂഹ്യനീതി വകുപ്പിലെ ജില്ലാ ഘടകമായ  ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെയും പ്രയത്‌നത്തിന്റെ ഫലമായി  ഒഡീഷയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ അംഗം  നബാകുമാര്‍ കാന്ത, റായ്ഗഡ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ രമേശ് ചന്ദ്ര നായ്ക്, ഡിസിപിയു സോഷ്യല്‍ വര്‍ക്കര്‍  സത്യപ്രിയ പ്രദാന്‍ എന്നിവര്‍ ജില്ലയിലെത്തുകയും  കുട്ടികളെ സ്വീകരിക്കുകയുമായിരുന്നു. ഒഡീഷയിലെ ഉദ്യോഗസ്ഥര്‍ മുഖേന കുട്ടികളെ കുടുംബത്തില്‍ തിരിച്ചേല്‍പ്പിക്കും.  കുടുംബവുമായി അറ്റുപോയ കണ്ണികള്‍  വീണ്ടും കൂട്ടിചേര്‍ക്കുന്നതിന്റെ  സന്തോഷത്തിലാണ് കുട്ടികള്‍.

ജില്ലയിലെത്തിയ ഒഡീഷ ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ സാമൂഹിക നീതി വകുപ്പ്  വരവേല്‍പ് നല്‍കിയിരുന്നു. ചടങ്ങില്‍ ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ആര്‍.പി പത്മകുമാര്‍ അധ്യക്ഷത വഹിച്ചു. ജെജെബി പ്രിന്‍സിപ്പ്ല്‍  മജിസ്‌ട്രേറ്റ് എന്‍.വി രാജു, സിഡബ്ല്യൂസി ചെയര്‍പേഴ്‌സണ്‍ മാധുരി എസ്.ബോസ് , അംഗം ഫൗസിയ ഷംനാട്, പി.കെ കുഞ്ഞിരാമന്‍, പിവി മണിയമ്മ, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി. ബിജു, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ സുലജ, ചില്‍ഡ്രന്‍ ഹോം സൂപ്രണ്ട് പി.എം പങ്കജാക്ഷന്‍ ഡിസിപിയു പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരായ എ.ജി ഫൈസല്‍,  കെ. ഷുഹൈബ്, കൗണ്‍സിലര്‍ കെ.പി അഖില, ഡാറ്റാ അനലിസ്റ്റ് ശരത്കുമാര്‍ , മഹിളാ മന്ദിരത്തിലെ മേട്രണ്‍ ബിന്ദു എന്നിവര്‍  പങ്കെടുത്തു. ഡിസിപിയു കാസര്‍കോട് സിഡബ്ല്യൂസി മുഖാന്തിരം  ഇതിനുമുമ്പും സംസ്ഥാനത്ത് വെളിയിലുളള കുട്ടികളെ  സ്വദേശത്തേക്ക് തിരിച്ചയച്ചിട്ടുണ്ടെങ്കിലും  ഇതാദ്യമായാണ്  കേരളത്തിന് വെളിയിലുളള ഒരുസംസ്ഥാനത്ത് നിന്നും  കുട്ടികളുമായി ബന്ധപ്പെട്ട അധികൃതര്‍ ഒരുമിച്ച് ജില്ലയില്‍ എത്തുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കണ്ണീര്‍ പുഞ്ചിരിയോടെ സരിതയും അജുലിയും ഒഡീഷയിലേക്ക് മടങ്ങി

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia