Inspiration | സകാത്ത് രാജ്യത്തിന് പ്രചോദനം; അന്തരിച്ച രത്തന്‍ ടാറ്റ ഈ ഉത്തരവാദിത്തം നിറവേറ്റിയ ആളായിരുന്നുവെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി
● ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇല്ലാതാക്കാനാണ് സകാത്
● അത് വ്യക്തികള്‍ തമ്മിലുള്ള ഇടപാട് ആകരുത്
● അതിന് സാമൂഹിക മാനം വേണം
കാസര്‍കോട്: (KasargodVartha) രാജ്യത്തെ കോര്‍പറേറ്റുകള്‍ മുഖേന നടപ്പാക്കുന്ന കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദ ഫണ്ട്(സി എസ് ആര്‍) ഇസ്ലാമിക സാമ്പത്തിക വീക്ഷണത്തില്‍ നിന്നുള്ള പ്രചോദനമായിരിക്കാമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി. ബൈത്തു സകാത്ത് കേരള ഇരുപത്തഞ്ചാം വാര്‍ഷിക പരിപാടികളുടെ ഉദ് ഘാടന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
രാജ്യത്തെ കോടീശ്വരന്മാര്‍ അവരുടെ ലാഭവിഹിതത്തില്‍ നിന്ന് നിശ്ചിത ശതമാനം സാമൂഹിക പുരോഗതിക്കായി നീക്കിവെക്കണമെന്നതാണ് നിയമം. ഇസ്ലാമില്‍ നടപ്പാക്കുന്ന സകാത്തിന് ഈ നിയമവുമായി ഏറെ സാമ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍ നിന്നുള്ള പ്രചോദനമായിരിക്കാം പുതിയ സി എസ് ആര്‍ നിയമം. കഴിഞ്ഞ ദിവസം അന്തരിച്ച രത്തന്‍ടാറ്റ ഈ ഉത്തരവാദിത്തം നിറവേറ്റിയ ആളായിരുന്നുവെന്നും എം പി ചൂണ്ടിക്കാട്ടി.
കോവിഡ് കാലത്ത് 600കോടി രൂപ അദ്ദേഹം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയിരുന്നു. കാസര്‍കോട് കോവിഡ് ആശുപത്രി അനുവദിച്ചത് ഇതിന്റെ ഭാഗമായിരുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇല്ലാതാക്കാനാണ് സകാത്. അത് വ്യക്തികള്‍ തമ്മിലുള്ള ഇടപാട് ആകരുത്. അതിന് സാമൂഹിക മാനം വേണമെന്നും അദ്ദേഹം പറഞ്ഞു.
അര്‍ഹരായ കൈകളില്‍ സകാത് എത്തുന്നതിനായി സംഘടിത സകാത് പ്രോത്സസാഹിപ്പിക്കണമെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച ബൈത്തു സകാത്ത് കേരള ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു. 25-ാം വാര്‍ഷിക പരിപാടികളുടെ ഭാഗമായി കാസര്‍കോട് നടപ്പിലാക്കുന്ന 25 വീടുകളുടെ പ്രഖ്യാപനം ജമാ അത്തെ ഇസ്ലാമി കേരള അമീര്‍ പി മുജീബ് റഹ് മാന്‍ അമീര്‍ നിര്‍വഹിച്ചു.
ബൈത്തു സകാത്ത് കേരള സംസ്ഥാന കമ്മിറ്റി അംഗം സ്വാദിഖ് ഉളിയില്‍, മുന്‍ മന്ത്രി സിടി അഹ് മദലി, നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദുര്‍, പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പിഐ നൗഷാദ്, ഹസനുത്തുല്‍ ജാവിയ ഖ്വതീബ് അതീഖ് റഹ് മാന്‍ ഫൈസി, യുപി സിദ്ദീഖ്, നാല്‍തടുക്ക മഹല്ല് ജുമാമസ്ജിദ് പ്രസിഡന്റ് സിഎ മുഹമ്മദ് നാല്‍തടുക്ക, ബൈത്തു സകാത്ത് കേരള സെക്രട്ടറി ടിജെ ഫവാസ്, സിപി ഹബീബ് റഹ് മാന്‍, മുഹമ്മദ് ആഷിഖ്, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ലാ പ്രസിഡന്റ് വികെ ജാസ്മിന്‍, സെക്രട്ടറി എംകെ ഷമീറ, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് സഈദ് ഉമര്‍, ജില്ലാ സെക്രട്ടറി പിഎസ് അബ്ദുല്ലക്കുഞ്ഞി എന്നിവര്‍ സംബന്ധിച്ചു.
#Zakat #RatanTata #CSR #Kerala #Philanthropy #SocialResponsibility