Youth Initiative | ആശുപത്രി, ബസ്‌സ്റ്റോപ്പ് തുടങ്ങിയ പൊതു ഇടങ്ങളിലെ ശുചീകരണം യുവജനങ്ങൾ ഏറ്റെടുക്കണം
കാസർകോട്: (KasargodVartha) ആശുപത്രി, ബസ്‌സ്റ്റോപ്പ് തുടങ്ങിയ പൊതു ഇടങ്ങളിൽ കേന്ദ്രീകരിച്ചുള്ള ശുചീകരണ പ്രവർത്തനം യുവജന സംഘടനകൾ ഏറ്റെടുത്തു നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ പറഞ്ഞു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ യുവജന സംഘടനകളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. യുവജന പങ്കാളിത്തത്തോടെ ജനകീയ ഇടപെടൽ സാധ്യമാക്കുകയും എല്ലാവരും ശുചിത്വ അംബാസിഡർ ആയി മാറുകയും വേണം. യുവാക്കളുടെ ഹരിത കർമ്മ സേന യൂത്ത് മീറ്റ് 2.0 ഭാഗമായി വാർഡ് തലത്തിൽ രണ്ട് ദിവസം ഹരിത കർമ്മ സേനയോടൊപ്പം പങ്കെടുക്കണം. സെപ്റ്റംബർ 10 നകം ശുചിത്വ സദസ്സ് സംഘടിപ്പിക്കുമെന്ന് ബേബി ബാലകൃഷ്ണൻ പറഞ്ഞു.
ഒക്ടോബറിനകം വാർഡ് തലത്തിൽ ശുചിത്വ പദയാത്രയും സംഘടിപ്പിക്കും. മാലിന്യ സംസ്കരണ പ്ലാന്റ്, എഫ്.എസ്.ടി.പി. സ്ഥാപിക്കുന്നതിന് ജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും യുവജനങ്ങൾ ആവശ്യമായ ബോധവൽക്കരണം നടത്തണമെന്നും അവർ പറഞ്ഞു.
വാർഡ് തലത്തിൽ മാലിന്യ മുക്തമാക്കിയ സ്ഥലം കണ്ടെത്തി അത് ഹരിതാഭമാക്കി സുസ്ഥിരമായി മുന്നോട്ടുകൊണ്ടുപോകുന്ന സംഘടനകൾക്ക് അവാർഡ് നൽകി ആദരിക്കും. സാനിറ്ററി പാഡിന് ബദലായി മെനുസ്ട്രൽ കപ്പ് ഉപയോഗിക്കണം. ഇതിനാവശ്യമായ ബോധവൽക്കരണവും നൽകണം. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പഞ്ചായത്തിലോ വിജിലൻസ് സ്‌ക്വാഡുമായോ ബന്ധപ്പെടണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഡി.പി.സി ഹാളിൽ ചേർന്ന യോഗത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ജയ്സൺ മാത്യു ആമുഖ പ്രഭാഷണം നടത്തി. നവകേരള കർമ്മ പദ്ധതി ജില്ലാ കോഡിനേറ്റർ കെ. ബാലകൃഷ്ണൻ വിഷയം അവതരിപ്പിച്ചു. ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്റർ പി.ജയൻ, ജില്ലാ ക്യാമ്പയിൻ കോർഡിനേറ്റർ എച്ച്.കൃഷ്ണ എന്നിവർ സംസാരിച്ചു.
ഫോട്ടോ: ഡി.പി.സി ഹാളിൽ ചേർന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ യുവജന സംഘടനകളുടെ യോഗം പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.