Snake | രാത്രി കിടന്നുകൊണ്ട് ഫ്രീഫയർ ഗെയിം കളിക്കുകയായിരുന്ന യുവാവിന്റെ ശരീരത്തിൽ തണുപ്പ് കയറി; തൊട്ട് നോക്കിയപ്പോൾ കണ്ടത് ഉഗ്രൻ പാമ്പ്! രക്ഷപ്പെടാൻ ശ്രമിച്ച പാമ്പ് കിണറ്റിൽ വീണു
രണ്ട് മീറ്ററിലധികം നീളവും 15 കിലോയിലധികം ഭാരവുമുള്ളതുമായിരുന്നു പാമ്പ്
തൃക്കരിപ്പൂർ: (KasaragodVartha) രാത്രി കിടന്നുകൊണ്ട് ഫ്രീഫയർ ഗെയിം കളിക്കുകയായിരുന്ന യുവാവിന്റെ ശരീരത്തിൽ തണുപ്പ് കയറിയതിനെ തുടർന്ന് തൊട്ട് നോക്കിയപ്പോൾ കണ്ടത് ഉഗ്രൻ പാമ്പ്. അലറി വിളിച്ച് യുവാവ് ഓടിയപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച പാമ്പ് വീട്ടിലെ കിണറ്റിൽ വീണു. ഒളവറയിൽ താമസിക്കുന്ന അസം ഗുവാഹത്തി സ്വദേശി അബ്ദുൽ അസീസിന്റെ (21) പുറത്ത് കൂടിയാണ് പെരുമ്പാമ്പ് ഇഴഞ്ഞുനീങ്ങിയത്. കഴിഞ്ഞ ദിവസം അർധരാത്രി 12 മണിയോടെയാണ് സംഭവം നടന്നത്.
രണ്ട് മീറ്ററിലധികം നീളവും 15 കിലോയിലധികം ഭാരവുമുള്ളതുമായ പെരുമ്പാമ്പിന്റെ പിടിയിൽ നിന്നും യുവാവ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ വീട്ടിലാണ് യുവാവും കുടുംബവും താമസിക്കുന്നത്. പ്ലാസ്റ്റിക്, ചില്ല് കുപ്പികൾ ശേഖരിച്ച് വിൽപന നടത്തുകയാണ് അബ്ദുൽ അസീസ് ചെയ്യുന്നത്. മൂന്ന് കുടുംബങ്ങളും വ്യക്തികളും അടക്കം 12 പേർ ഒളവറയിലെ വീട്ടിൽ വിവിധ മുറികളിലായി താമസിക്കുന്നുണ്ട്. ഇവരിൽ മൂന്ന് പേർ ചെറിയ കുട്ടികളാണ്.
ശരീരത്തിന്റെ പുറത്ത് ചെറിയ നനവ് അനുഭവപ്പെട്ടതോടെയാണ് യുവാവ് അവിടം തടവി നോക്കിയത്. അപ്പോഴാണ് പെരുമ്പാമ്പാണ് ഇതെന്ന് മനസിലായത്. മൊബൈൽ ഫോണിന്റെ വെട്ടത്തിലായിരുന്നു പാമ്പിനെ കണ്ടത്. ബഹളം കേട്ട് എല്ലാ മുറികളിലുമുള്ള കുടുംബാംഗങ്ങൾ എത്തി ശബ്ദമുണ്ടാക്കിയോടെ പാമ്പ് അടുക്കളയോട് ചേർന്നുള്ള കിണറിൻ്റെ ആൾ മറയിലേക്ക് കയറി രക്ഷപ്പെടാൻ ശ്രമിക്കവെ കിണറിലേക്ക് പതിക്കുകയായിരുന്നു.
മോടോറിൻ്റെ പൈപിൽ ചുറ്റി വെള്ളത്തിൻ്റെ നിരപ്പിൽ പൊങ്ങിക്കിടന്ന പെരുമ്പാമ്പിനെ പിന്നീട് വനം വകുപ്പിന് കീഴിലുള്ള ചെറുവത്തൂർ കൊടക്കാട്ടെ ഫോറസ്റ്റ് റെസ്ക്യൂവർ സി സനൂപും സഹായി ലതീഷും ചേർന്ന് ബാഗിലാക്കി മാലോം കോട്ടഞ്ചേരി മലയിൽ തുറന്നു വിട്ടു.