Accident | ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയത കാരണം ഒരു ജീവൻ കൂടി പൊലിഞ്ഞു; പിലിക്കോട് ബസും ഗുഡ്സ് ഓടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 3 പേർക്ക് പരുക്ക്
ചെറുവത്തൂര്‍: (KasaragodVartha) പിലിക്കോട് മട്ടലായിയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. മൂന്ന് പേർക്ക് പരുക്കേറ്റു. ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയത കാരണമാണ് ഒരു ജീവൻ കൂടി പൊലിഞ്ഞതെന്നാണ് ആക്ഷേപം. മട്ടലായി പെട്രോള്‍ പമ്പിന് മുന്നിൽ വ്യാഴാഴ്ച രാവിലെ 8.30 മണിയോടെയാണ് അപകടം സംഭവിച്ചത്.
ഗുഡ്സ് ഓടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന ചെറുവത്തൂർ ക്ലായിക്കോട് സ്വദേശി കെ സി സജിത്ത് (43) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കൽപക ബസ് ചെറുവത്തൂരിൽ നിന്നും പിലിക്കോട് ഭാഗത്തേക്ക് മുന്നിൽ പോകുകയായിരുന്ന ഗുഡ്‌സ് ഓടോറിക്ഷയുടെ പിറകിൽ ഇടിക്കുകയായിരുന്നു.
ഗുഡ്സ് മറിഞ്ഞപ്പോൾ റോഡരികിലെ ഡിവൈഡറിൽ തലയിടിച്ച് ഗുരുതരമായി പരുക്കേറ്റ സജിത്തിനെയും കൂടെ ഉണ്ടായിരുന്ന പിലിക്കോട് കണ്ണങ്കൈയിലെ സുരേഷ് (44), ചെറുവത്തൂർ പൊന്‍മാലത്തെ സന്തോഷ് (45) എന്നിവരെയും ചെറുവത്തൂരിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരുക്ക് ഗുരുതരമായതിനാല്‍ സജിത്തിനെയും മറ്റുള്ളവരെയും കണ്ണൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് സജിത്ത് മരിച്ചത്.
മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. അപകടത്തില്‍ പരുക്കേറ്റ മറ്റ് രണ്ട് പേരെയും മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ടൈൽസ് ജോലിക്കാരാണ് ഗുഡ്‌സ് വാഹനത്തിൽ ഉണ്ടായിരുന്നവർ. ക്ലായിക്കോട്ടെ എം നാരായണൻ - പരേതയായ കെ സി തങ്കമണി ദമ്പതികളുടെ മകനാണ് സജിത്ത്. സഹോദരന്‍: സജിന്‍.
അപകടം നടന്ന പെട്രോൾ പമ്പിനടുത്ത് ദേശീയപാത നിർമാണം പാതിവഴിയിലാണ്. ഇരുഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നു പോകാവുന്ന സ്ഥലം മാത്രമാണ് ഉള്ളത്. ഇവിടെ കുണ്ടും കുഴിയും കയറ്റിറക്കങ്ങളും കാരണം അപകടം പതിവാണ്. പിലിക്കോട് തോട്ടം ജൻക്ഷനിലെ ഓടോറിക്ഷ ഡ്രൈവർമാർ ഇക്കാര്യം പല തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരം ഉണ്ടായിരുന്നില്ല.
അപകടം നടന്നയുടനെ ജനരോഷം ഭയന്ന് ബസ് ജീവനക്കാർ ഇറങ്ങിയോടിയിരുന്നു. രക്തത്തിൽ കുളിച്ച് പിടയുന്നവരെ പലരും നോക്കി നിന്നതല്ലാതെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചില്ലെന്ന് ആക്ഷേപമുണ്ട്. ഒടുവിൽ തൊട്ടംഗേറ്റ് ജൻക്ഷനിൽ നിന്നും എത്തിയ ഓടോറിക്ഷ ഡ്രൈവർമാരായ സുനിൽ, കാർത്തീശൻ, പെട്രോൾ പമ്പിലെ ജീവനക്കാരനായ പ്രസാദ്, തൊട്ടടുത്ത വീട്ടുകാരനായ മുൻ എംഎൽഎ കെ കുഞ്ഞിരാമന്റെ മകൻ സുനിൽ എന്നിവർ ചേർന്നാണ് ആശുപതിയിൽ എത്തിച്ചത്.