city-gold-ad-for-blogger

അടിപിടി സംഭവത്തില്‍ സാക്ഷിയാകാന്‍ വിസമ്മതിച്ച യുവാവിന് പോലീസ് മര്‍ദ്ദനം; എസ് പിക്ക് പരാതി നല്‍കി

ചെറുവത്തൂര്‍: (www.kasargodvartha.com 24.06.2016) ബസ് ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ സാക്ഷിയാകാന്‍ വിസമ്മതിച്ച യുവാവിന് പോലീസ് മര്‍ദനം. കുമ്പള പെര്‍വാഡ് കടപ്പുറത്തെ പി അബ്ദുല്ലയുടെ മകനും ചെറുവത്തൂരില്‍ മൊബൈല്‍ റീചാര്‍ജ്ജ് സര്‍വ്വീസ് സെന്ററിന്റെ ഉടമയുമായ വി അനീസിനാണ്(28) ചന്തേര പോലീസ് സ്‌റ്റേഷനില്‍ വെച്ച് മര്‍ദനമേറ്റത്. ഇത് സംബന്ധിച്ച് അനീസ് ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസിന് പരാതി നല്‍കി.

ജൂണ്‍ 13 തിങ്കളാഴ്ച ഉച്ചയ്ക്ക് ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് സമയത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ സംഘട്ടനമുണ്ടായിരുന്നു. ഈ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ചന്തേര പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ചൊവ്വാഴ്ച ചന്തേര പോലീസ് സ്‌റ്റേഷനില്‍ നിന്നും ഒരു സിവില്‍ പോലീസ് ഓഫീസര്‍ ചെറുവത്തൂരിലെ മൊബൈല്‍ റീചാര്‍ജ്ജ് സര്‍വ്വീസ് സെന്ററില്‍ എത്തി അനീസിനെ കാണുകയും കേസില്‍ സാക്ഷിയായി ഒപ്പ് വെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ സംഭവം കാണാത്ത താന്‍ സാക്ഷിയാകാനില്ലെന്നും പേരും വിലാസവും ഒപ്പും നല്‍കാന്‍ തയ്യാറില്ലെന്നും പോലീസുകാരനെ അറിയിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയും സാക്ഷിയായില്ലെങ്കില്‍ പ്രശ്‌നമാകുമെന്നറിയിച്ച് തിരിച്ച് പോവുകയും ചെയ്തതായി അനീസ് പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 10 മണിയോടെ അനീസിനെ ചന്തേര സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. സാക്ഷിയാകാന്‍ നിര്‍ബന്ധിച്ച പോലീസുകാരന്‍ ഈ സമയം മഫ്ടിയില്‍ സ്റ്റേഷനിലുണ്ടായിരുന്നു. സാക്ഷിയാകാന്‍ വിസമ്മതിച്ച കാര്യം ചൂണ്ടിക്കാണിച്ച പോലീസുകാരന്‍ പോലീസ് വിചാരിച്ചാല്‍ നിന്നെപ്പോലുള്ളവരെ സാക്ഷിയാക്കാന്‍ കഴിയുമെന്നും സാക്ഷിയെ പ്രതിയാക്കാനും പ്രതിയെ സാക്ഷിയാക്കാനും ഞങ്ങള്‍ വിചാരിച്ചാല്‍ സാധിക്കുമെന്നും അത് കൊണ്ട് മര്യാദയ്ക്ക് പറയുന്നത് അനുസരിക്കുന്നതാണ് നിനക്ക് നല്ലതെന്നും ഭീഷണിപ്പെടുത്തിയതായി അനീസ് വ്യക്തമാക്കി.

എന്നാല്‍ കാണാത്ത സംഭവത്തില്‍ സാക്ഷിയാകില്ലെന്ന നിലപാടില്‍ ഉറച്ചുനിന്ന തന്നെ പോലീസുകാരന്‍ മുഖത്തടിക്കുകയും കുനിച്ചുനിര്‍ത്തി മുതുകിന് ഇടിക്കുകയും ചെയ്തുവെന്ന് അനീസ് പരാതിപ്പെട്ടു. ഇക്കാര്യം എസ് ഐ യുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ പോലീസുകാര്‍ പറയുന്നത് അനുസരിക്കണം എന്ന മറുപടിയാണ് ഉണ്ടായതെന്ന് അനീസ് പറഞ്ഞു. റമദാന്‍ വ്രതം അനുഷ്ടിക്കുന്ന വ്യക്തി എന്ന പരിഗണന പോലും നല്‍കാതെ അനീസിനെ മര്‍ദിച്ച പോലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

പോലീസ് മര്‍ദനത്തിനെതിരെ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് എസ് പിക്ക് പരാതി നല്‍കിയതെന്നും എന്നാല്‍ അവിടെ നിന്നും യായൊരുവിധ അന്വേഷണവും ഉണ്ടായില്ലെന്നും അനീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

അതേ സമയം അനീസ് ഉന്നയിച്ച ആരോപണങ്ങള്‍ ചന്തേര പോലീസ് നിഷേധിച്ചു. അനീസിന്റെ കടയ്ക്ക് മുന്നിലാണ് സംഭവം ഉണ്ടായതെന്നും സ്വാഭാവികമായും ഈ കേസില്‍ അനീസ് സാക്ഷിയാകേണ്ടതാണെന്നും ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ പോലീസുകാരനോട് യുവാവ് അപമര്യാദയായി പെരുമാറിയെന്നും ഇതേ കുറിച്ച് ചോദിക്കാനാണ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നും അനീസിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും പോലീസ് വിശദീകരിച്ചു.
അടിപിടി സംഭവത്തില്‍ സാക്ഷിയാകാന്‍ വിസമ്മതിച്ച യുവാവിന് പോലീസ് മര്‍ദ്ദനം; എസ് പിക്ക് പരാതി നല്‍കി

Keywords: Kasaragod, Police, Youth, Assault, Case, Shop, Accuse, Sunday, Kasargodvartha, SP, Kumbala, Witness.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia