Baby | ഉപേക്ഷിച്ച കുഞ്ഞിനെ വീണ്ടും കണ്ടതോടെ യുവതിയുടെ മനസുമാറി; പൊന്നും കുടത്തിനെ തരണമെന്ന് അഭ്യർഥന
കുഞ്ഞിനെ തത്കാലത്തേക്ക് നൽകാനേ നിയമം അനുവദിക്കുന്നുള്ളൂവെന്നും ഡിഎൻഎ പരിശോധനയ്ക്കു ശേഷം കൈമാറാമെന്നും അധികൃതർ
കാസർകോട്: (KasargodVartha) ഉപേക്ഷിച്ച കുഞ്ഞിനെ (Abandoned baby) വീണ്ടും കണ്ടതോടെ യുവതിയുടെ മനസുമാറി. പൊന്നും കുടത്തിനെ തരണമെന്ന് അഭ്യർഥന നടത്തി. ആദൂർ പൊലീസ് സ്റ്റേഷൻ (Adhur Police station) പരിധിയിലെ പഞ്ചിക്കല്ല് സ്‌കൂൾ (School) വരാന്തയിൽ ഉപേക്ഷിച്ച നവജാത ശിശുവിനെയാണ് തനിക്ക് തന്നെ വേണമെന്ന് മാതാവായ യുവതി ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് കാസർകോട് ജെനറൽ ആശുപത്രിയിൽ (Government General Hospital, Kasaragod) ചികിത്സയിൽ കഴിയുന്ന യുവതിയുടെ അരികിലേക്ക് കുഞ്ഞിനെ തത്കാലത്തേക്ക് മാറ്റി.
ഡിഎൻഎ (DNA) പരിശോധന നടത്തി നവജാത ശിശു യുവതിയുടേതാണെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും കുഞ്ഞിന്റെ സംരക്ഷണാവകാശം പൂർണമായും യുവതിക്ക് കൈമാറുന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈകൊള്ളൂവെന്നാണ് അധികൃതരുടെ നിലപാട്. ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് സ്‌കൂൾ വരാന്തയിൽ ഒരു ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ തുണിയിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ആദൂർ പൊലീസ് എത്തി കുഞ്ഞിനെ കാസർകോട് ജെനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അമ്മയെ കണ്ടെത്താൻ പൊലീസ് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിന്റെ മാതാവായ അവിവാഹിതയായ 32 കാരിയെ തിങ്കളാഴ്ചയാണ് കണ്ടെത്തിയത്. താൻ തന്നെയാണ് കുഞ്ഞിനെ സ്കൂൾ വരാന്തയിൽ ഉപേക്ഷിച്ചതെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്.
ജെനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി, കുഞ്ഞിനെ കണ്ടതോടെയാണ് തനിക്കു വിട്ടു തരണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ കുഞ്ഞിനെ തത്കാലത്തേക്ക് നൽകാനേ നിയമം അനുവദിക്കുന്നുള്ളൂവെന്നും ഡിഎൻഎ പരിശോധനയ്ക്കു ശേഷം കൈമാറാമെന്നും അധികൃതർ യുവതിയെ പറഞ്ഞ് സമാധാനിപ്പിച്ചിട്ടുണ്ട്.
പ്രസവത്തെ തുടർന്ന് ആവശ്യമായ പരിചരണം ലഭിക്കാത്തതിനാൽ അവശയായ യുവതി ഇപ്പോൾ ആരോഗ്യസ്ഥിതി വീണ്ടെടുത്തിട്ടുണ്ട്. അതേസമയം കുഞ്ഞിൻ്റെ പിതാവ് ആരാണെന്ന കാര്യത്തിൽ യുവതി ഒന്നും പറഞ്ഞിട്ടില്ലെന്നാണ് വിവരം.