Dead Body | സുഹൃത്തുക്കള്‍ക്ക് സന്ദേശമയച്ചതിന് പിന്നാലെ ചന്ദ്രഗിരി പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കടപ്പുറത്ത് കരയ്ക്കടിഞ്ഞു
പുഴയില്‍ ശക്തമായ ഒഴുക്ക് നിലനിന്നതിനാൽ തിരച്ചിലിന് പ്രയാസം നേരിട്ടിരുന്നു
കാസര്‍കോട്: (KasargodVartha) സുഹൃത്തുക്കള്‍ക്ക് സന്ദേശമയച്ചതിന് പിന്നാലെ ചന്ദ്രഗിരി പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കടപ്പുറത്ത് കരയ്ക്കടിഞ്ഞു. രാവണേശ്വരം മുക്കൂട് പാലക്കൽ വീട്ടിൽ അച്യുതൻ - രാധ ദമ്പതികളുടെ മകൻ അജേഷിന്റെ (34) മൃതദേഹമാണ് ചെമ്പരിക്ക നൂമ്പിൽ പുഴയോട് കടൽ ചേരുന്ന സ്ഥലത്തിന് സമീപം കടപ്പുറത്ത് വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ കരയ്ക്കടിഞ്ഞത്.
വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞ ശേഷം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെ സുഹൃത്തുക്കൾക്ക് താൻ ചന്ദ്രഗിരി പുഴയിൽ ചാടുന്നതായി മൊബൈൽ ഫോണിൽ സന്ദേശം അയച്ചിരുന്നതായി പറയുന്നു.
സംഭവത്തെ തുടർന്ന് യുവാവിൻ്റെ ബന്ധുവായ ഗംഗാധരൻ്റെ പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് മാൻ മിസിംഗിന് കേസെടുത്തിരുന്നു. യുവാവിൻ്റെ സുഹൃത്ത് ദീപൂരാജിനാണ് ശബ്‌ദ സന്ദേശം അയച്ചുകൊടുത്തത്. ദീപൂ രാജാണ് വിവരം ബന്ധുക്കളെയും പൊലീസിനെയും അറിയിച്ചത്. കാസര്‍കോട് ടൗണ്‍ പൊലീസിന് വിവരം കിട്ടിയ ഉടനെ പൊലീസ് അഗ്നിരക്ഷാസേനയ്ക്ക് സന്ദേശം കൈമാറി.
പൊലീസും പ്രദേശവാസികളും അഗ്നിരക്ഷാസേനയും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പുഴയില്‍ ശക്തമായ ഒഴുക്ക് നിലനിന്നതിനാൽ തിരച്ചിലിന് പ്രയാസം നേരിട്ടിരുന്നു. സ്‌കൂടർ പാലത്തിനടിയിൽ വെച്ച് പുഴയിലേക്ക് ചാടുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്.
ഒരാഴ്ച മുന്‍പ് കാസര്‍കോട് സ്വദേശിയായ യുവാവ് ചന്ദ്രഗിരി പാലത്തില്‍നിന്ന് ചാടി മരിച്ചിരുന്നു. പിറ്റേന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ടൈല്‍സ് ജോലിക്കാരനായ എടനീര്‍ ബദിരമൂലയിലെ ബി പുഷ്പകുമാര്‍ (42) ആണ് മരിച്ചത്.
ഇതിന് പിന്നാലെയാണ് അജേഷും പുഴയിൽ ചാടി മരിച്ചിരിക്കുന്നത്. അജേഷിന് കടബാധ്യത ഉണ്ടായിരുന്നതായി സൂചനയുണ്ട്. ഇതാണ് യുവാവിനെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് സംശയിക്കുന്നത്. ഭാര്യ: സജിത. സഹോദരൻ: അഭിലാഷ്. അഞ്ചും രണ്ടും വയസുള്ള രണ്ട് പെൺമക്കളുണ്ട്. തുടര്‍ച്ചയായി ഇത്തരത്തില്‍ ആളുകള്‍ പാലത്തിന് മുകളില്‍നിന്ന് ചാടുന്ന സംഭവം ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇവിടെ പൊലീസിന്റെ നിരീക്ഷണം ഏര്‍പെടുത്തണമെന്ന ആവശ്യം ശക്തമാണ്. പാലത്തിൽ ഇരുമ്പ് വല കെട്ടണമെന്ന ആവശ്യവും പ്രദേശവാസികൾ ഉന്നയിക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056, 0471-2552056).