Missing | സുഹൃത്തുക്കള്‍ക്ക് സന്ദേശമയച്ചതിന് പിന്നാലെ യുവാവ് ചന്ദ്രഗിരി പാലത്തില്‍നിന്ന് ചാടി; പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് തിരച്ചില്‍ തുടങ്ങി

അഗ്നിരക്ഷാസേനയുടെ സ്‌കൂബ ടീം അടക്കം സ്ഥലത്തെത്തി.
ശക്തമായ ഒഴുക്ക് തിരച്ചിലിന് പ്രയാസം നേരിടുന്നു.
കാസര്‍കോട്: (KasargodVartha) സുഹൃത്തുക്കള്‍ക്ക് സന്ദേശമയച്ചതിന് പിന്നാലെ യുവാവ് ചന്ദ്രഗിരി പാലത്തില്‍നിന്ന് ചാടി. സ്‌കൂടര്‍ പാലത്തിനടിയില്‍വെച്ച് പുഴയിലേക്ക് ചാടുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. പുഴയില്‍ ചാടുന്നതിന് മുന്‍പ് യുവാവ് സുഹൃത്തുക്കള്‍ക്ക് സന്ദേശമയച്ചതായും പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സുഹൃത്തുക്കള്‍ കാസര്‍കോട് ടൗണ്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് വിവരം അഗ്നിരക്ഷാസേനയ്ക്ക് കൈമാറിയത്.
പൊലീസും പ്രദേശവാസികളും അഗ്നിരക്ഷാസേനയും ചേര്‍ന്ന് തിരച്ചില്‍ തുടങ്ങി. വ്യാഴാഴ്ച (27.06.2024) വൈകിട്ട് നാല് മണിയോടെയാണ് സംഭവം. രാവണീശ്വരം സ്വദേശി അജേഷ് ആണെന്ന് സംശയിക്കുന്നു. അഗ്നിരക്ഷാസേനയുടെ സ്‌കൂബ ടീം അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ചന്ദ്രഗിരി പുഴയില്‍ ശക്തമായ ഒഴുക്ക് നിലനില്‍ക്കുന്നുണ്ട്. ഇത് തിരച്ചിലിന് പ്രയാസം നേരിടുന്നു.
ഒരാഴ്ച മുന്‍പ് കാസര്‍കോട് സ്വദേശിയായ യുവാവ് ചന്ദ്രഗിരി പാലത്തില്‍നിന്ന് താഴേക്ക് ചാടി മരിച്ചിരുന്നു. പിറ്റേന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ടൈല്‍സ് ജോലിക്കാരനായ എടനീര്‍ ബദിരമൂലയിലെ ബി പുഷ്പകുമാര്‍ (42) ആണ് മരിച്ചത്. തുടര്‍ച്ചയായി ഇത്തരത്തില്‍ ആളുകള്‍ പാലത്തിന് മുകളില്‍നിന്ന് ചാടുന്ന സംഭവം ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇവിടെ പാലത്തിനോട് ചേര്‍ന്ന് കമ്പിവേലി സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്. കൂടാതെ പൊലീസിന്റെ നിരീക്ഷണവും ഏര്‍പെടുത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.