Accident | പുതുവത്സര തലേന്ന് രാത്രിയിൽ കാർ മതിലിലിടിച്ച് യുവാവ് മരിച്ചു
● അപകടം കോടോം എരുമക്കുളത്ത് വെച്ച്.
● മരിച്ചത് കോടോം ഉദയപുരം സ്വദേശി പി ശഫീഖ്
● കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ചാണ് അപകടം.
കാഞ്ഞങ്ങാട്: (KasargodVartha) പുതുവത്സര തലേന്ന് രാത്രിയിൽ കാർ മതിലിനിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കോടോം ഉദയപുരം പണാംകോട് ഹൗസിൽ യൂസഫ് - ജമീല ദമ്പതികളുടെ മകൻ പി ശഫീഖ് (31) ആണ് മരിച്ചത്. ലോറി ഡ്രൈവറായ ശഫീഖ് ജോലി കഴിഞ്ഞ് സ്വന്തം കാറിൽ വീട്ടിലേക്ക് മടങ്ങുംവഴിയായിരുന്നു സംഭവം.
കോടോം എരുമക്കുളത്തെ ലക്ഷ്മി മാർകറ്റിനു സമീപം വെച്ചാണ് അപകടം നടന്നത്. ശഫീഖ് സഞ്ചരിച്ച കെ എൽ 60 കെ 6124 നമ്പർ കാർ ഉദയപുരം ഭാഗത്ത് നിന്നും ഒടയംചാൽ ഭാഗത്തേക്ക് പോകുമ്പോഴാണ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റത്. യുവാവിനെ നാട്ടുകാർ ഉടൻ പൂടംകല്ലിലെ താലൂക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാജപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. ഭാര്യ: അൻസീറ. ഫാത്വിമത് ശഹ്‌ന ഏക മകളാണ്. ഖബറടക്കം കൊട്ടോടി ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ.
: #CarAccident #Kanhangad #NewYear #RoadSafety #KeralaNews #Tragedy