Accident | ജെസിബി മറിഞ്ഞുവീണ് യുവാവ് മരിച്ചു
ബന്തടുക്ക: (KasaragodVartha) ഹിറ്റാചി ജെസിബി കഴുകാനായി എടുക്കുന്നതിനിടെ മറിഞ്ഞുവീണ് യുവാവ് മരിച്ചു. ബന്തടുക്ക പടുപ്പ് ബണ്ടങ്കൈയിലെ കോൺഗ്രസ് നേതാവായിരുന്ന പരേതനായ ബണ്ടങ്കൈ ചന്ദ്രൻ - മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് മിനി ചന്ദ്രൻ ദമ്പതികളുടെ മകൻ പ്രീതംലാൽ ചന്ദ് (22) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ജെസിബി കഴുകാനായി സ്റ്റാർട് ചെയ്യുന്നതിനിടെ മുൻവശത്തെ യന്ത്രക്കൈ തെങ്ങിൽ തട്ടി നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നുവെന്ന് ബേഡകം പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു.
കാബിനടിയിൽ പെട്ട് ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടൻ തന്നെ ബന്തടുക്കയിലെ ദീപ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കാസർകോട് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
തിങ്കളാഴ്ച വൈകീട്ടോടെ ജോലി കഴിഞ്ഞ് ജെസിബി മുറ്റത്ത് നിർത്തിയിട്ടതായിരുന്നു. പഠനത്തിന് ശേഷം ഹിറ്റാചി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു ലാൽ ചന്ദ്. വിവരമറിഞ്ഞ് ബേഡകം പൊലീസ് സ്ഥലത്തെത്തി. സഹോദരൻ ഗൗതം ലാൽ ചന്ദ്.