Name Change | സർകാർ തീരുമാനം വരുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ മൊഗ്രാൽ കടപ്പുറം എസ് സി കോളനി 'ഗാന്ധി നഗറായി'
അഞ്ചു വർഷങ്ങൾക്കു മുമ്പായിരുന്നു നാമകരണം
മൊഗ്രാൽ: (KasaragodVartha) സംസ്ഥാന പട്ടികജാതി വികസന മന്ത്രിയായിരുന്ന കെ രാധാകൃഷ്ണൻ പദവി ഒഴിയുന്നതിന് തൊട്ടുമുമ്പെടുത്ത 'കോളനികളില്ലാത്ത സംസ്ഥാനം' എന്ന ആശയം സർകാർ തീരുമാനം വരുന്നതിന് മുമ്പ് തന്നെ നടപ്പിലാക്കി ചരിത്രം കുറിച്ചൊരു സ്ഥലമുണ്ട്, കാസർകോട് ജില്ലയിലെ മൊഗ്രാൽ ഗാന്ധിനഗർ. അഞ്ചു വർഷങ്ങൾക്കു മുമ്പ് തന്നെ കടപ്പുറം എസ് സി കോളനിയെ 'ഗാന്ധി നഗർ' എന്ന പേരിലാണ് പ്രദേശവാസികൾ നാമകരണം ചെയ്‌തത്. സർകാരാകട്ടെ ഇപ്പോഴാണ് തീരുമാനമെടുത്തിരിക്കുന്നത്.
പട്ടികജാതി വിഭാഗങ്ങൾ അധിവസിക്കുന്ന പ്രദേശത്തെ കോളനി എന്ന് വിളിക്കുന്നത് നിർത്തലാക്കി കൊണ്ടാണ് മന്ത്രി ഉത്തരവ് പുറപ്പെടുവിച്ചത്. കെ രാധാകൃഷ്ണൻ പാർലമെന്റ് അംഗമായതിനെ തുടർന്നാണ് മന്ത്രിസ്ഥാനം രാജിവെച്ചത്. മന്ത്രിയുടെ അവസാന തീരുമാനം കേരളീയ സമൂഹം പരക്കെ സ്വാഗതം ചെയ്യുകയും ചെയ്തു. ദളിത് സമൂഹത്തിന്റെ സാമൂഹിക പദവി ഉയർത്തുന്നതാണ് മന്ത്രിയുടെ നിർണായക തീരുമാനമെന്ന് രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ ഈ വിഷയത്തിൽ പ്രതികരിക്കുകയും ചെയ്തിരുന്നു.
കോളനി എന്ന പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംഎൽഎ നജീബ് കാന്തപുരം നേരത്തെ മന്ത്രിക്ക് നിവേദനം നൽകിയിരുന്നതുമാണ്. വൈകിയാണെങ്കിലും സർകാർ എടുത്ത തീരുമാനത്തെ പ്രദേശവാസികളായ മുൻ പഞ്ചായത് അംഗവും കോൺഗ്രസ് പ്രവർത്തകനുമായ രമേശ് ഗാന്ധിനഗർ, മൊഗ്രാൽ ദേശീയവേദി പ്രസിഡണ്ട് വിജയകുമാർ, ഗാന്ധിനഗർ ശ്രീ കോഡ്ദബ്ബു ദൈവസ്ഥാനം പ്രസിഡണ്ട് ജനാർധന എന്നിവർ സ്വാഗതം ചെയ്തു.