city-gold-ad-for-blogger

കാസര്‍കോട്ടെ 17 പേരെ ദാഇഷിലേക്ക് റിക്രൂട്ട് ചെയ്ത കേസ്; യാസ്മിനെ കോടതി എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

കാസര്‍കോട്: (www.kasargodvartha.com 07/09/2016) കാസര്‍കോട് ജില്ലയില്‍ നിന്നും സ്ത്രീകളും കുട്ടികളുമടക്കം പതിനേഴോളം പേരെ ദാഇഷിലേക്ക് റിക്രൂട്ട് ചെയ്തുവെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഹാര്‍ സ്വദേശിനി യാസ്മിന്‍ അഹ് മദിനെ(29)കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) യുടെ കസ്റ്റഡിയില്‍ വിട്ടു.

ചൊവ്വാഴ്ചയാണ് യാസ്മിനെ നാല് ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. യാസ്മിനെ രാത്രിയില്‍ ചോദ്യം ചെയ്യലിന് വിധേയമാക്കരുതെന്നും ചോദ്യം ചെയ്യല്‍ വനിതാപോലീസിന്റെ സാന്നിധ്യത്തില്‍ മാത്രമേ പാടുള്ളൂവെന്നുമുള്ള നിബന്ധനകളോടെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

യാസ്മിനെ കൊച്ചിയിലെ എന്‍ഐഎ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. തുടര്‍ന്ന് കാസര്‍കോട്ടേക്ക് തെളിവെടുപ്പിനായി കൊണ്ടുവരും. ഏറെ നാളുകള്‍ക്കുള്ളില്‍ പടന്ന കേന്ദ്രീകരിച്ചാണ് യാസ്മിന്‍ പതിനേഴുപേരെ ദാഇഷിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.

ഒരുമാസം മുമ്പ് കാബൂളിലുള്ള രണ്ടാം ഭര്‍ത്താവ് കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയായ അബ്ദുല്ല റഷീദിനടുത്തേക്കു കുട്ടിയുമൊത്ത് പോകാന്‍ ശ്രമിക്കുന്നതിനിടെ കേസിന്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ കെ സുനില്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് യാസ്മിനെ പിടികൂടിയത്. യാസ്മിനോടൊപ്പം നാലുവയസുള്ള മകനും പോലീസ് കസ്റ്റഡിയിലായിരുന്നു.

കാസര്‍കോട്ടെത്തിച്ചശേഷം കോടതിയില്‍ ഹാജരാക്കിയ യാസ്മിന്‍ പിന്നീട് റിമാന്‍ഡിലായി. യാസ്മിനെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോള്‍ കേരളത്തില്‍ ദാഇഷുമായി ബന്ധം പുലര്‍ത്തുന്ന നിരവധി വ്യക്തികളെക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചും നിര്‍ണ്ണായകവിവരങ്ങളാണ് ലഭിച്ചത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയതോടെ യാസ്മിനെ വീണ്ടും റിമാന്‍ഡ് ചെയ്യുകയായിരുന്നു.

ഏതാനും ദിവസം മുമ്പാണ് ദാഇഷുമായി ബന്ധപ്പെട്ട കാസര്‍കോട് ജില്ലയിലെ കേസ് എന്‍ഐഎ ഏറ്റെടുത്തത്. ഇതിനുള്ള സൗകര്യത്തിനായി കാഞ്ഞങ്ങാട്ടും കാസര്‍കോട്ടും എന്‍ഐഎ ക്യാമ്പുകള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാണ്. എന്‍ഐഎ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് ചൊവ്വാഴ്ച വൈകിട്ട് യാസ്മിനെ കസ്റ്റഡിയില്‍ വിട്ടത്.

നാലുവയസുള്ള മകനും കൂടെയുണ്ടായിരുന്നു. കാസര്‍കോട് ജില്ലയില്‍ നിന്നും കാണാതായ പതിനേഴുപേരടങ്ങുന്ന സംഘത്തെ നയിച്ചത് അബ്ദുല്ല റഷീദാണെന്ന് എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. യുവതികളും യുവാക്കളും കുട്ടികളുമടങ്ങുന്ന സംഘത്തെ കൂട്ടത്തോടെ കാണാതായ സംഭവത്തില്‍ റഷീദ് ഒന്നാം പ്രതിയാണ്. യാസ്മിന്‍ രണ്ടാം പ്രതിയുമാണ്.

യാസ്മിനില്‍ നിന്നും പിടികൂടിയ മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനക്കായി നല്‍കിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ ധരിപ്പിച്ചു. നാടുവിട്ടവരെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ യാസ്മിനെ ചോദ്യം ചെയ്യുന്നതിലൂടെ വ്യക്തമാകുമെന്ന് എന്‍ ഐ എ കരുതുന്നു. ഇതിനുപുറമെ ജില്ലയിലെ മറ്റ് ദുരൂഹ തിരോധാനങ്ങള്‍ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.


കാസര്‍കോട്ടെ 17 പേരെ ദാഇഷിലേക്ക് റിക്രൂട്ട് ചെയ്ത കേസ്; യാസ്മിനെ കോടതി എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

Keywords: Kasaragod, Case, Remand, Court, Investigation, Custody, Police, Kanhangad, Electronics, Mobile Phone.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia