Criticism | കാടുമൂടി നാശത്തിന്റെ വക്കിൽ യക്ഷഗാന കലാക്ഷേത്രം; തുളുനാടിനെ അപമാനിക്കുന്നതിന് തുല്യമെന്ന് കലാകാരന്മാർ
● സർക്കാർ പദ്ധതി പാതിവഴിയിൽ.
● 2010-ൽ നിർമാണം ആരംഭിച്ച കലാക്ഷേത്രം പൂർത്തീകരിക്കാതെ കിടക്കുന്നു.
● സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ് ഇത്.
കുമ്പള: (KasargodVartha) കാടുമൂടി നാശത്തിന്റെ വക്കിലെത്തിനിൽക്കുന്ന യക്ഷഗാന കലാ ക്ഷേത്രം കലാകാരന്മാർക്കിടയിൽ നോവായി മാറുന്നു. തുളുനാടിന്റെ ഏറ്റവും വലിയ കലാരൂപമായ യക്ഷ ഗാനത്തെയും, അതിന് നേതൃത്വം നൽകിയ യക്ഷഗാന കുലപതി പാർഥി സുബ്ബനേയും സർക്കാർ തുടങ്ങിവെച്ച പദ്ധതി പാതിവഴിയിലാക്കി അവഹേളിക്കുകയാണെന്ന ആക്ഷേപമാണ് യക്ഷഗാന കലാകാരന്മാർക്കിടയിൽ ഇപ്പോൾ ഉയർന്നു വരുന്നത്, ഒപ്പം പ്രതിഷേധ സ്വരവും.
തുളുനാടിന്റെ യക്ഷഗാന കുലപതി പാർത്ഥി സുബ്ബന്റെ സ്മരണയ്ക്കായി 2010ൽ നിർമ്മാണം ആരംഭിച്ച കലാക്ഷേത്രമാണ് പാതിവഴിയിൽ ഉപേക്ഷിച്ചത്. യക്ഷഗാന കലാരൂപത്തെ യുവതലമുറയ്ക്ക് പരിചയപ്പെടുത്താനുള്ള പഠന പരിശീലന കേന്ദ്രമായിരുന്നു പദ്ധതി കൊണ്ട് ലക്ഷ്യമിട്ടിരുന്നത്. കലാ കേന്ദ്രത്തിന്റെ ജോലി നടന്നു വരവെ തന്നെ കലാകാരന്മാർ ആവേശം കൊണ്ട് ഇവിടെ നിരവധി യക്ഷഗാന പരിപാടികളും നടത്തിയിരുന്നു. അതുകൊണ്ട് തന്നെ തുളുനാടിന് ഏറെ പ്രതീക്ഷ നൽകുന്ന പദ്ധതിയായിരുന്നു ഇത്.
തുളുനാട് വലിയ ആദരവ് നൽകുന്ന കലാരൂപമാണ് യക്ഷഗാനം. ഇതിന്റെ സംരക്ഷണത്തിനായി കൊണ്ടുവന്ന പദ്ധതിക്ക് ഇങ്ങനെയൊരു അവസ്ഥ വന്നതിൽ കലാകാരന്മാർക്കിടയിൽ വലിയ വിഷമമുണ്ട്. ഒന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും പദ്ധതി പൂർത്തീകരണത്തിനും, കലാക്ഷേത്ര സംരക്ഷണത്തിനും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കഴിഞ്ഞവർഷം വിഷയം മാനവ സംസ്കൃതി മഞ്ചേശ്വരം താലൂക്ക് കമ്മിറ്റി ഭാരവാഹികൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. 2024-25ലെ സർക്കാർ ബജറ്റിൽ പദ്ധതിക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും പറഞ്ഞുകേട്ടിരുന്നു. എന്നാൽ ഇതുവരെ തുടർനടപടികൾ ഉണ്ടായിട്ടില്ല.
ലക്ഷങ്ങൾ ചിലവഴിച്ചു നിർമ്മിച്ച കെട്ടിടം ഇപ്പോൾ പൂർണനാശത്തിന്റെ വക്കിലാണ്. രാത്രിയായാൽ കെട്ടിടത്തിനകത്ത് സാമൂഹിക വിരുദ്ധരുടെ താവളമാണെന്ന് ആക്ഷേപമുണ്ട്. കെട്ടിടത്തിനകത്ത് മദ്യക്കുപ്പികൾ വലിച്ചെറിഞ്ഞ നിലയിലാണ്. മദ്യലഹരിയിൽ കെട്ടിടത്തിന്റെ ഓടുകളൊക്കെ എറിഞ്ഞു പൊളിച്ചിട്ടുണ്ട്. മേൽക്കൂര അപകടമാംവിധം തകർച്ചയെ നേരിടുന്നു. പദ്ധതി പൂർത്തീകരണത്തിന് ജനപ്രതിനിധികളുടെ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്നാണ് യക്ഷഗാന കലാകാരന്മാരുടെയും, നാട്ടുകാരുടെയും ആവശ്യം.
#Yakshagana #CulturalHeritage #GovernmentFailure #Kerala #India #SaveOurCulture #ArtAndCulture #SocialIssues #LocalNews