മഠത്തിൽ മുസ്തഫ സോഷ്യൽ എക്സ്സലൻസ് പ്രഥമ അവാർഡ് യഹ് യ തളങ്കരയ്ക്ക്
● കാസർകോട് ആർ.കെ. മാൾ ഓഡിറ്റോറിയത്തിലാണ് അവാർഡ് സമർപ്പണ ചടങ്ങ്.
● യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ അവാർഡ് സമർപ്പിക്കും.
● മുസ്ലിംലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. മഠത്തിൽ മുസ്തഫ അനുസ്മരണ പ്രഭാഷണം നടത്തും.
● കർണ്ണാടക എം.എൽ.എ. എൻ.എ. ഹാരിസ് മുഖ്യാതിഥിയായി പങ്കെടുക്കും.
കാസർകോട്: (KasargodVartha) യു.എ.ഇ കെ.എം.സി.സി.യുടെ പ്രഥമ പ്രസിഡൻ്റായിരുന്ന മഠത്തിൽ മുസ്തഫയുടെ സ്മരണാർത്ഥം യു.എ.ഇ. കെ.എം.സി.സി ഫൗണ്ടേഴ്സ് ഓർഗനൈസേഷൻ ഏർപ്പെടുത്തിയ 'മഠത്തിൽ മുസ്തഫ സോഷ്യൽ എക്സലൻസ് പ്രഥമ അവാർഡ് 2025' പ്രഖ്യാപിച്ചു. കാസർകോട് സ്വദേശിയും ദുബായ് കെ.എം.സി.സി. ജനറൽ സെക്രട്ടറിയുമായ യഹ് യ തളങ്കരയാണ് ഈ വർഷത്തെ അവാർഡിന് അർഹനായതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഒക്ടോബർ 15, ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള ആർ.കെ. മാൾ ഓഡിറ്റോറിയത്തിലാണ് അവാർഡ് സമർപ്പണ ചടങ്ങ് നടക്കുക. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ അവാർഡ് സമർപ്പിക്കും. മുസ്ലിംലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. മഠത്തിൽ മുസ്തഫ അനുസ്മരണ പ്രഭാഷണം നടത്തും.

നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് യു.എ.ഇയിൽ കെ.എം.സി.സിക്ക് അടിത്തറയിട്ട് വളർത്തിയ ശേഷം നാട്ടിൽ സ്ഥിരതാമസമാക്കിയവരുടെ കൂട്ടായ്മയാണ് യു.എ.ഇ കെ.എം.സി.സി ഫൗണ്ടേഴ്സ് ഓർഗനൈസേഷൻ. കെ.എം.സി.സി.യുടെ രൂപീകരണത്തിലും പ്രവർത്തനങ്ങളിലും നിർണ്ണായക പങ്ക് വഹിച്ച പ്രഥമ പ്രസിഡൻ്റ് മഠത്തിൽ മുസ്തഫയുടെ പേരിൽ, വിവിധ മേഖലകളിൽ മികച്ച സേവനം കാഴ്ചവെക്കുന്ന കെ.എം.സി.സി. പ്രവർത്തകർക്കായാണ് ഈ അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്.
മികച്ച നേതൃപാടവവും ദീർഘവീക്ഷണവും കൊണ്ട് കെ.എം.സി.സിയെ സാമൂഹ്യസേവന രംഗത്ത് ആഗോള ശ്രദ്ധ നേടിയ പ്രസ്ഥാനമായി വളർത്തുന്നതിൽ അടിസ്ഥാനശില പാകിയ മഠത്തിൽ മുസ്തഫ കണ്ണൂർ സ്വദേശിയായിരുന്നു. അദ്ദേഹം അബൂദാബി കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്.
അവാർഡ് ജേതാവായ യഹ് യ തളങ്കര, പതിറ്റാണ്ടുകളായി ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാസർകോട് സ്വദേശിയായ പ്രമുഖ വ്യവസായിയാണ്. നാട്ടിലും മറുനാട്ടിലും ജീവകാരുണ്യ, സാമൂഹിക, കലാ-സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായ അദ്ദേഹം നിലവിൽ ദുബായ് കെ.എം.സി.സി. ജനറൽ സെക്രട്ടറിയാണ്.
കർണ്ണാടക എം.എൽ.എ. എൻ.എ. ഹാരിസ് മുഖ്യാതിഥിയായി പങ്കെടുക്കും. സി.ടി. അഹ്മദലി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ., എ.കെ.എം. അഷ്‌റഫ് എം.എൽ.എ., കല്ലട്ര മാഹി ഹാജി, അബ്ദുൾ കരീം ചേലേരി, അബ്ദുറഹ്മാൻ എ.കെ.ടി., സഹദുള്ള, അബ്ബാസ് ബീഗം, കമാൽ വരദൂർ, ടി.പി. ചറൂപ്പ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.
വാർത്താ സമ്മേളനത്തിൽ യു.എ.ഇ. കെ.എം.സി.സി ഫൗണ്ടേഴ്സ് ഓർഗനൈസേഷൻ ചെയർമാൻ പി.എ അബൂബക്കർ ഹാജി, ജനറൽ കൺവീനർ ഇബ്രാഹിംകുട്ടി ചൊക്ലി, പ്രവർത്തക സമിതി അംഗം ഹസൈനാർ തോടുംഭാഗം, ജാഫർ ഏരിയാൽ, യു.എ.ഇ കെ.എം.സി.സി ദുബായ് വൈസ് പ്രസിഡണ്ട് ഹംസ തൊട്ടി, കാസർകോട് ജില്ലാ പ്രവർത്തക സമിതി അംഗം റഷീദ് ഹാജി കല്ലിങ്കാൽ എന്നിവർ സംബന്ധിച്ചു.
യുഎഇ കെ എം സി സി ഫൗണ്ടേഴ്സ് ഓർഗനൈസേഷൻ്റെ ഈ ഉദ്യമത്തെക്കുറിച്ച് നിങ്ങൾക്കെന്തു തോന്നുന്നു? അഭിപ്രായം രേഖപ്പെടുത്തുക.
Article Summary: Yahya Thalangara wins first Mathathil Musthafa Social Excellence Award from UAE KMCC Founders.
#KMCC #MadathilMusthafaAward #YahyaThalangara #SocialExcellence #Kasargod #UAE






