Wrong Sign | കാസർകോട് നഗരത്തിൽ തിരക്കേറിയ റോഡിൽ തലതിരിഞ്ഞ സിഗ്നൽ ബോർഡ്! വാഹനം ഓടിക്കുന്നവർക്ക് ആശയക്കുഴപ്പം
വാഹനങ്ങൾ റോഡിന്റെ ഇടതുവശം ചേർന്ന് പോകുന്ന ഇൻഡ്യയുടെ ഡ്രൈവിംഗ് രീതിക്ക് അനുയോജ്യമായ രീതിയിലല്ല സ്ഥാപിച്ചിരിക്കുന്നത്
കാസർകോട്: (KasaragodVartha) നഗരത്തിലെ തിരക്കേറിയ റോഡിൽ വാഹനം ഓടിക്കുന്നവരെ ആശയക്കുഴപ്പത്തിലാക്കി ഒരു സിഗ്‌നൽ ബോർഡ്. കാസർകോട് പഴയ ബസ് സ്റ്റാൻഡ് ഭാഗത്ത് നിന്ന് പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പോകുന്ന എംജി റോഡിൽ സിറ്റി ടവർ ഹോടെലിന് മുൻവശത്തെ ഡിവൈഡറിലാണ് തലതിരിഞ്ഞ സിഗ്നൽ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
'യു ടേൺ' പാടില്ല എന്ന ബോർഡാണ് പി ഡബ്ള്യു ഡി അധികൃതർ വെച്ചിരിക്കുന്നത്. എന്നാൽ അത് വാഹനങ്ങൾ റോഡിന്റെ ഇടതുവശം ചേർന്ന് പോകുന്ന ഇൻഡ്യയുടെ ഡ്രൈവിംഗ് രീതിക്ക് അനുയോജ്യമായ രീതിയിലല്ല സ്ഥാപിച്ചിരിക്കുന്നത്. നേരെ വിപരീതമാണ് ബോർഡുള്ളത്. 'ഈ സിഗ്നൽ ശരിയാണോ?', എന്ന് ചോദിച്ച് കൊണ്ട് മുൻ നഗരസഭ ചെയർമാൻ അഡ്വ. വി എം മുനീർ ചിത്രമടക്കം പോസ്റ്റ് ചെയ്തതോടെ സംഭവം വലിയ ചർച്ചയായിട്ടുണ്ട്.
'ദുബൈയിലെ ബോർഡായിരിക്കും', 'മൊത്തം തല തിരിഞ്ഞിരിക്കുകയാണല്ലോ നമ്മുടെ കാസർകോട്ടുകാർ' എന്നിങ്ങനെയുള്ള ട്രോളുകളുമായി നെറ്റിസൻസും രംഗത്തുണ്ട്. ഇവിടെ തലങ്ങും വിലങ്ങും വാഹനങ്ങൾ പായുന്നതിനാൽ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. വാഹനങ്ങൾക്ക് പലപ്പോഴും ഏറെ നേരം റോഡിൽ കാത്തിരിക്കേണ്ടിയും വരുന്നു.
അപകട മേഖല കൂടിയാണ് ഇത്. നേരത്തെ ഇവിടെ തെരുവുവിളക്കും 'യു ടേൺ' പാടില്ല എന്ന ബോർഡും ഉണ്ടായിരുന്നുവെങ്കിലും അത് വാഹനം ഇടിച്ച് തകർന്നിരുന്നു. ഡിവൈഡർ ഉണ്ടെങ്കിലും അത് തിരിച്ചറിയാനുള്ള സൂചന ബോർഡുകളുമില്ല. അപകടങ്ങളും ആളുകൾ അലക്ഷ്യമായി വാഹനങ്ങൾ തിരിക്കുകയും ചെയ്യുന്നത് പതിവായതോടെ പരാതി ഉയർന്നതിനെ തുടർന്നാണ് പുതിയ സിഗ്നൽ ബോർഡ് സ്ഥാപിച്ചത്. എന്നാൽ അത് തലതിരിഞ്ഞ രീതിയിലുമായി.
തെരുവുവിളക്ക് ഇല്ലാത്തതിനാൽ, സമീപത്തെ കടകൾ അടച്ചാൽ ഇരുട്ടാണ് അനുഭവപ്പെടുന്നത്.
പൊലീസിന്റെ ശ്രദ്ധയും ഉണ്ടാവാറില്ല. മിക്കവാറും ആളുകൾ ഇവിടെ നിന്ന് യു ടേൺ ചെയ്യുന്നുണ്ട്. നഗരത്തിന്റെ തന്ത്രപ്രധാന ഭാഗത്ത് അധികൃതരുടെ ശ്രദ്ധ ഗൗരവത്തിൽ പതിയാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.