city-gold-ad-for-blogger

മിമിക്രിക്കാര്‍ക്ക് ലഭിക്കുന്ന പ്രാധാന്യം പോലും എഴുത്തുകാര്‍ക്കില്ല: ഇ.പി.രാജഗോപാലന്‍

മിമിക്രിക്കാര്‍ക്ക് ലഭിക്കുന്ന പ്രാധാന്യം പോലും എഴുത്തുകാര്‍ക്കില്ല: ഇ.പി.രാജഗോപാലന്‍ കാസര്‍കോട്: മലയാളത്തിലെ എഴുത്തുകാര്‍ക്ക് മിമിക്രി കലാകാരന്മാര്‍ക്ക് ലഭിക്കുന്ന പ്രാധാന്യം പോലും ലഭിക്കുന്നില്ലെന്ന് സാഹിത്യ നിരൂപകന്‍ ഇ.പി.രാജഗോപാലന്‍ അഭിപ്രായപ്പെട്ടു.

സാഹിത്യകാരന്മാരെ ആര്‍ക്കും അറിയാത്ത സ്ഥിതിയാണ്. സാഹിത്യ വിദ്യാര്‍ത്ഥികള്‍ എഴുത്തുകാരെ തിരിച്ചരിയാതെ ആയിട്ടുണ്ട്. ഈ അനാഥത്വം എഴുത്തുകാര്‍ അനുഭവിക്കുന്നുണ്ട്. പ്രമുഖ സാഹിത്യകാരന്മാരുടെ കൃതികള്‍ പോലും ആയിരം കോപ്പികളെ അച്ചടിക്കുന്നുള്ളൂ. കാലിക പ്രസിദ്ധീകരണങ്ങളുടെ സ്ഥിതി അതുതന്നെ. മലയാള ഭാഷയെത്തകര്‍ക്കാന്‍ സംരക്ഷിക്കാനും മലയാളികള്‍ തന്നെ വിചാരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ഭരണകൂടവും ജില്ലാ പ്ലാനിംഗ് ഓഫീസും ചേര്‍ന്ന് സംഘടിപ്പിച്ച ഭരണഭാഷാ ശില്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഇ.പി.രാജഗോപാലന്‍.

ആഗോളവല്‍ക്കരണത്തിന്റെ അടുത്തഘട്ടം ദാരിദ്രവല്‍ക്കരണമാണ്. ഇതിനെതിരായ സമരങ്ങളെ അലസിപ്പിക്കാനാണ് തദ്ദേശഭാഷകളെ നശിപ്പിക്കുന്നത്. മലയാളികളുടെതന്നെ സമ്മതിയുല്പാദിപ്പിച്ചാണ് മലയാള ഭാഷയെ നശിപ്പിക്കുന്നത്. തദ്ദേശഭാഷയെ ഇല്ലാതാക്കി ഏകഭാഷാ ആധിപത്യം സ്ഥാപിക്കാനാണ് ആഗോളവല്‍ക്കരണം ശ്രമിക്കുന്നത്. അധിനിവേശത്തിന്റെ യുക്തികളില്‍പ്പെട്ടുപോകുന്നതുകൊണ്ടാണ് സാഹിത്യത്തോടും ഭാഷയോടും മലയാളികള്‍ അനാദരവ് കാട്ടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളപ്പിറവിമുതല്‍ മലയാള ഭാഷയെ ഔദ്യോഗിക ഭാഷയാക്കുന്നതിനുവേണ്ടി നടന്ന ശ്രമങ്ങള്‍ ഇനിയും ഫലം കണ്ടിട്ടില്ലെന്ന് ശില്പശാലയില്‍ സംസാരിച്ച ഡോ.എ.എം. ശ്രീധരന്‍ അഭിപ്രായപ്പെട്ടു. ഭാഷയുടെ പ്രജനനശേഷി വീണ്ടെടുത്തും കോളനി സ്വാധീനത്തില്‍ നിന്ന് വിടുതല്‍ നേടിക്കൊണ്ടും മാത്രമേ ഭാഷയെ സംരക്ഷിക്കാനാവൂ എന്ന് അദ്ദേഹം പറഞ്ഞു.

ഭരണഭാഷ ജനങ്ങളുടെ വികാരത്തിന്റെ ഭാഷയാണെന്നും, ഇംഗ്ലീഷില്‍ അപേക്ഷ എഴുതണമെന്ന് നിഷ്‌കര്‍ഷിക്കുന്നത് മര്യാദയല്ലെന്നും ശില്പശാലയില്‍ മോഡറേറ്ററായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ റഹ്മാന്‍ തായലങ്ങാടി അഭിപ്രായപ്പെട്ടു. വത്സന്‍ പിലിക്കോട്, എം.പി. വിജയന്‍, നാരായണന്‍ പേരിയ, വി.വി. പ്രഭാകരന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായാണ് കളക്ടറേറ്റില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചത്. ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.ജയ അദ്ധ്യക്ഷയായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുര്‍ റഹ്മാന്‍ സ്വാഗതവും എം.നിനോജ് നന്ദിയും പറഞ്ഞു. പി.സേതുലക്ഷ്മി, രജിതാ സുരേഷ് എന്നിവരുടെ കവിതാലാപനവും ഉണ്ടായി.

Keywords: E.P.Rajagopalan, Writers, Mimikri, Artist, Kasaragod, Shilpashala, Collectorate, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia