Awareness | ലോക ആത്മഹത്യാ പ്രതിരോധ ദിനം: ബോധവല്‍ക്കരണ സെമിനാർ നടന്നു
ഇന്ത്യൻ മാനസികാരോഗ്യ വിഭാഗം നോഡല്‍ ഓഫീസര്‍ ഡോ. സണ്ണി മാത്യു ചടങ്ങിൽ 'ദിനാചരണ സന്ദേശം' നൽകുകയും, ബോധവല്‍ക്കരണ പരിപാടികളുടെ തുടക്കം കുറിക്കുകയും ചെയ്തു.
കാഞ്ഞങ്ങാട്: (KasargodVartha) ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ സരസ്വതി കെ.വി. നിര്‍വ്വഹിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം.പി. ജീജ അധ്യക്ഷത വഹിച്ച ചടങ്ങ്, ദേശീയ ആരോഗ്യ ദൗത്യം കോണ്‍ഫറന്‍സ് ഹാളിൽ നടന്നു.
ഇന്ത്യൻ മാനസികാരോഗ്യ വിഭാഗം നോഡല്‍ ഓഫീസര്‍ ഡോ. സണ്ണി മാത്യു ചടങ്ങിൽ 'ദിനാചരണ സന്ദേശം' നൽകുകയും, ബോധവല്‍ക്കരണ പരിപാടികളുടെ തുടക്കം കുറിക്കുകയും ചെയ്തു. 'മാനസികാരോഗ്യം: അവലോകനം' എന്ന വിഷയത്തിൽ എം.എൽ.എ.എസ്.പി. ജീവനക്കാർക്കും നേഴ്‌സിംഗ് വിദ്യാർത്ഥികൾക്കുമായി ബോധവല്‍ക്കരണ സെമിനാറും നടന്നു.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ മനോരോഗവിദഗ്ധൻ ഡോ. ശ്രീജിത്ത് കൃഷ്ണന്‍, 'ആത്മഹത്യയും പ്രതിരോധ മാര്‍ഗങ്ങളും' എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആൽബിൻ എൽദോസ് 'ബേസിക് കൗൺസിലിംഗ് സ്‌കിൽസ്' എന്ന വിഷയത്തിലും സൈക്യാട്രിക് സോഷ്യൽ വര്‍ക്കര്‍ റിന്‍സ് മാണി 'ആത്മഹത്യാ പ്രതിരോധത്തില്‍ സമൂഹത്തിന്റെ പങ്ക്' എന്ന വിഷയത്തിലും ക്ലാസുകൾ എടുത്തു.
ഡെപ്യുട്ടി ജില്ലാ എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ സയന എസ്, സ്‌ക്കൂള്‍ മെന്റല്‍ ഹെല്‍ത്ത് പ്രോജക്ട് ഓഫീസര്‍ ഹര്‍ഷ ടി.കെ, നാഷണല്‍ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം കൗണ്‍സിലര്‍ മാരായ എ.അശ്വതി, വി.വി സജിന, അഡോളസന്റ് ഹെല്‍ത്ത് കൗണ്‍സിലര്‍ പ്രതീഷ് മോന്‍, കോമ്പ്രി ഹെന്‍സീവ് മെന്റല്‍ ഹെല്‍ത്ത് പ്രോജക്ട് ഓഫീസര്‍ പ്രജിത്ത് എന്നിവര്‍ പങ്കെടുത്ത ചടങ്ങിൽ, തദ്ദേശ സ്വയംഭരണ വിഭാഗം, ജില്ലാ മാനസികാരോഗ്യ പരിപാടി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഈ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചത്.
2003 മുതൽ സെപ്റ്റംബര്‍ 10 ലോക ആത്മഹത്യാ പ്രതിരോധ ദിനമായി ആചരിച്ചുവരികയാണ്. ലോകാരോഗ്യ സംഘടനയും ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ സൂയിസൈഡ് പ്രിവന്‍ഷനും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. ഈ ദിനാചരണത്തിന്റെ ലക്ഷ്യം ആത്മഹത്യയെ പ്രതിരോധിക്കാനായി സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ്. 'ആത്മഹത്യയെ കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റുക, തുറന്നും സംസാരിക്കുക' എന്നതാണ് ഈ വർഷത്തെ സന്ദേശം.
ആത്മഹത്യയുടെ സങ്കീര്‍ണ്ണതകളെയും മനുഷ്യബന്ധങ്ങളില്‍ അതിന്റെ പാദപെരുപ്പത്തെക്കുറിച്ചും ചര്‍ച്ചചെയ്യുന്ന ഈ ദിനം, വിവിധ പരിപാടികളിലൂടെ ആവശ്യമുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്രതിവര്‍ഷം 7 ലക്ഷത്തിലധികം ആളുകള്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്നും അവരുടേതായ സമൂഹത്തിനും കുടുംബത്തിനും ഇത് വലിയ ആഘാതമാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.
ആത്മഹത്യ പ്രതിരോധ നടപടികള്‍ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യുകയും മാനസികാരോഗ്യത്തിന്റെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്യുന്ന അവബോധ പരിപാടികൾ രാജ്യത്തുടനീളം നടപ്പാക്കുന്നതാണ്. ജനപ്രതിനിധികളും പൊതുജനങ്ങളും ഇതിൽ പങ്കാളികളാകണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് ഉണര്‍ത്തി.
ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056, 0471-2552056