Anti-Drug Day | ലോക ലഹരി വിരുദ്ധ ദിനം നാടെങ്ങും ആചരിച്ചു; സംഘടിപ്പിച്ചത് വൈവിധ്യമാർന്ന പരിപാടികൾ
വിവിധ സർകാർ, സന്നദ്ധ സംഘടനകൾ, വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങൾ, സംഘനകൾ, കൂട്ടായ്മകൾ തുടങ്ങിയവ ഒത്തുചേർന്നു
കാസർകോട്: (KasaragodVartha) ലോക ലഹരി വിരുദ്ധ ദിനം നാടെങ്ങും ആചരിച്ചു. വിവിധ സർകാർ, സന്നദ്ധ സംഘടനകൾ, വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങൾ, സംഘനകൾ, കൂട്ടായ്മകൾ തുടങ്ങിയവ ദിനാചരണവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.
ജില്ലാതല ഉദ്ഘാടനവും ബോധവത്ക്കരണ സെമിനാറും നടത്തി
കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയാരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ സഹകരണത്തോടെ ജില്ലാതല അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ബല്ല ഈസ്റ്റ് ഗവ :ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ കാഞ്ഞങ്ങാട് ജി എച്ച് എസ് ബല്ല ഈസ്റ്റ് വാര്‍ഡ് കൗണ്‍സിലര്‍ കെ.ലത അധ്യക്ഷത വഹിച്ചു. ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബേസില്‍ വര്‍ഗീസ്, ഹെഡ്മിസ്ട്രസ് കെ.ടി റീന, കാഞ്ഞങ്ങാട് സി.ഡി.പി.ഒ ഗീത.സി,ജില്ലാ നഴ്‌സിംഗ് ഓഫീസര്‍ മാലതി വി വി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം ചന്ദ്രന്‍, പി.ടി.എ പ്രസിഡന്റ് എന്‍.ഗോപി എന്നിവര്‍ സംസാരിച്ചു. ഗവ : ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ബല്ലാ ഈസ്റ്റ് പ്രിന്‍സിപ്പാള്‍ സി.വി അരവിന്ദാക്ഷന്‍ സ്വാഗതവും ദേശീയ ആരോഗ്യ ദൗത്യം കണ്‍സള്‍ട്ടന്റ് കമല്‍ കെ ജോസ് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് ലഹരിയുടെ ദുരുപയോഗം എന്ന വിഷയത്തെകുറിച്ച് ജില്ലാ ആശുപത്രി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആല്‍ബിന്‍ എല്‍ദോസ് സെമിനാര്‍ നടത്തി. ജി.എച്ച്.എസ്.എസ് ബല്ല ഈസ്റ്റ്, വി.പി.പി.എം കെ. പി.എസ്.ജി.വി.എച്ച്.എസ്.എസ് തൃക്കരിപ്പൂര്‍ എന്നീ സ്‌കൂളുകളിലെ കുട്ടികള്‍ ലഹരിക്കെതിരെ ബോധവത്കരണ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. ചടങ്ങില്‍ ലോക പുകയില വിരുദ്ധ ദിനത്തില്‍ കൗമാര ആരോഗ്യ പരിപാടിയുടെ ഭാഗമായി നടത്തിയ ബോധവല്‍ക്കരണ വീഡിയോ നിര്‍മ്മാണ മത്സരത്തില്‍ വിജയികളായ കുട്ടികള്‍ക്ക് സമ്മാനം നല്‍കി.
ലഹരിക്കെതിരായുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'നോ ടു ഡ്രഗ്‌സ്' ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഉര്‍ജ്ജിതപെടുത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ വി രാംദാസ് അറിയിച്ചു. ജില്ലാ ആര്‍.ബി.എസ്.കെ മാനേജര്‍ ഷിബു ടി നായര്‍, ജില്ലാ ആശുപത്രി കൗമാര ആരോഗ്യ കൗണ്‍സിലര്‍ പ്രതീഷ് മോന്‍, സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാരായ ടി.ജെ അനിത, കെ.വി അനിമ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ലഹരി വിരുദ്ധ ദിനാചരണത്തിൽ കുട്ടികളുടെ പാർലമെൻ്റ്
കേരള സംസ്ഥാന എക്സൈസ് വകുപ്പിൻ്റെയും കാസർകോട് ഡിവിഷൻ ജില്ലാ വിമുക്തിമിഷൻ്റെയും സംയുക്കാഭിമുഖ്യത്തിൽ നീലേശ്വരം റോട്ടറി ക്ലബ്ബിൻ്റെ സഹകരണത്തോടെ സ്കൂൾ കുട്ടികളുടെ പാർലമെൻ്റ് സംഘടിപ്പിച്ചു. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തിൽ കുട്ടികൾക്കുള്ള ബോധവത്കരണത്തിൻ്റെ ഭാഗമായാണ് വൈവിധ്യമാർന്ന ഇത്തരമൊരു പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ ചായ്യോത്തിലാണ് കുട്ടികളുടെ പാർലമെൻ്റിൻ്റെ ജില്ലാതല ഉദ്ഘാടനം നടന്നത്.
കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ പി കെ ജയരാജ് ബോധവത്കരണ സന്ദേശം നൽകി. എക്സൈസ് അസിസ്റ്റൻറ് ഇൻസ്പെക്ടർ എൻ.ജി രഘുനാഥൻ ലഹരിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് മെമ്പർ പി ധന്യ അധ്യക്ഷയായി .സ്കൂൾ പ്രിൻസിപ്പൾ ടി വി സച്ചിൻ കമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. ദീപേഷ് കുമാർ നന്ദിയും പറഞ്ഞു. സി. ബിജു സി, എം.പി പ്രസന്നകുമാർ ഷാനി കെ, സന്തോഷ് കെ, മനോഹരൻ പി മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.
ലഹരിക്കെതിരെ ബാറ്റേന്തി പോലീസ്.
കാഞ്ഞങ്ങാട്: ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ ക്രിക്കറ്റ് ടൂർണമെന്റും ബോധ വത്ക്കരണ ക്ലാസുകളും സംഘടിപ്പിച്ച് ഹോസ്ദുർഗ് ജനമൈത്രി പോലീസ്. മാവുങ്കാൽ ആനന്ദാശ്രമം മൈതാനത്ത് നടന്ന ക്രിക്കറ്റ് ടൂർണമെന്റിൽ കാഞ്ഞങ്ങാട് പോലീസ് സബ്ബ് ഡിവിഷനിലെ ടീമുകൾ പങ്കെടുത്തു. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഒന്നും ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. കാസർകോട് ജില്ലാ പോലീസ് അസോസിയേഷൻ ട്രഷറർ പി വി സുധീഷ് സമ്മാന ദാനം നിർവഹിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ എ കെ പ്രമോദ് കുമാർ, നികേഷ് മാനൂരി, സിവിൽ പോലീസ് ഓഫീസർ ജിതിൻ മോഹൻ എന്നിവർ സംസാരിച്ചു.
ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി ജി എച്ച് എസ് മരക്കാപ്പ് കടപ്പുറം, ജി എച്ച് എസ് എസ് രാവണേശ്വരം, ജി യു പി എസ് അരയി, ജി എച്ച് എസ് എസ് ഹോസ്ദുർഗ്, ജി എൽ പി എസ് മുക്കൂട്, ജി വി എച്ച് എസ് എസ് കാഞ്ഞങ്ങാട്, ജി എൽ പി എസ് പടന്നക്കാട്, പി പി ടി എസ് എ എൽ പി എസ് കാഞ്ഞങ്ങാട് കടപ്പുറം, ജി യു പി എസ് പുതിയ കണ്ടം, എസ് ആർ എം ജി എച്ച് എസ് രാംനഗർ എന്നിവിടങ്ങളിൽ ക്ലാസുകൾ സംഘടിപ്പിച്ചു. അസിസ്റ്റന്റ് സബ്ബ് ഇൻസ്‌പെക്ടർമാരായ കെ രാധാകൃഷ്ണൻ, യു സരള, ജനമൈത്രി ബീറ്റ് ഓഫീസർ മാരായ കെ രഞ്ജിത്ത് കുമാർ, ടി വി പ്രമോദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പി ഷിജിത്ത് എന്നിവർ ക്ലാസെടുത്തു. പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും കച്ചവട സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും ലഹരി വിരുദ്ധ പോസ്റ്ററുകൾ പതിക്കുകയും ചെയ്തു.
രക്ഷിതാക്കൾ കൂടുതൽ ജാഗ്രത കാണിക്കണമെന്ന് വിപിൻ ടി എം
പേരാൽ: മനുഷ്യജീവിതത്തിന്റെ സ്വൈര്യവും സ്വസ്ഥതയും കെടുത്തുന്ന ലഹരിവസ്തുക്കൾ നാട്ടിലെങ്ങും സുലഭമാകുന്ന ഇക്കാലത്ത് മക്കളുടെ കാര്യത്തിൽ രക്ഷിതാക്കൾ കൂടുതൽ ജാഗരൂകരാകണമെന്ന് കുമ്പള സബ് ഇൻസ്പെക്ടർ വിപിൻ ടി എം പറഞ്ഞു. ലോക ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് നടത്തിയ ബോധവൽക്കരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബപ്രശ്നങ്ങളും വിഷാദരോഗമടക്കമുള്ള ആരോഗ്യപ്രശ്നങ്ങളുമാണ് ലഹരിവസ്തുക്കൾ സംഭാവന ചെയ്യുന്നത്. സമൂഹത്തിൽ നിന്ന് ലഹരിയുപയോഗത്തെ തുരത്തുന്നതിന് ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയുടെ ഭാഗമായി മയക്കുമരുന്നിനെതിരെയുള്ള പ്രതിജ്ഞയും ഒപ്പുശേഖരണവും സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് മുഹമ്മദ് പേരാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് മൊയ്ദീൻ കെ.കെ, ഹെഡ് കോൺസ്റ്റബിൾ ഗോവിന്ദൻ തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ശ്രീഹർഷ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ദീപ രാജഗോപാൽ നന്ദിയും പറഞ്ഞു.
ജനറൽ ആശുപത്രിയിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു
കാസർകോട്: ജനറൽ ആശുപത്രിയിൽ സ്റ്റാഫ് കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ജീവനക്കാർ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഡപ്യൂട്ടി സൂപ്രണ്ട് ഡോ.ജമാൽ അഹ്മദ് എ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. സ്റ്റാഫ് കൗൺസിൽ പ്രസിഡൻറ് ഡോ. സുനിൽ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.അനൂപ്, ശ്രീ ഡേവിഡ്, സെക്രട്ടറി ചന്ദ്രൻ, ട്രഷറർ സതീഷ്, ശ്രീമണി തുടങ്ങിയവർ സംസാരിച്ചു.
കുട്ടികളടക്കം ലഹരി മരുന്നിന് അടിമകളാകുകയും മയക്കുമരുന്ന് റാക്കറ്റിൻ്റെ കാരിയർമാരാകുകയും ചെയ്യുന്ന സമയത്താണ് മയക്കുമരുന്നിനോട് നോ പറയാം ജീവിതം ലഹരിയാക്കാം എന്ന മുദ്രാവാക്യം ഉയർത്തി അന്തരാഷട്ര ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. മയക്കുമരുന്ന് ഉപയോഗത്തിനും അനധികൃതകടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനാണ് എല്ലാ വർഷവും ജൂൺ 26 ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്.