പനത്തടി എസ്റ്റേറ്റില്‍ കരാറുകാരനെയും തൊഴിലാളികളെയും ബന്ദികളാക്കിയതായി പരാതി; പോലീസ് അന്വേഷണം തുടങ്ങി
Apr 10, 2017, 10:00 IST
രാജപുരം: (www.kasargodvartha.om 10/04/2017) നായര്‍ സര്‍വീസ് സൊസൈറ്റിയുടെ കീഴിലുള്ള പനത്തടി ഡിവിഷന്‍ എസ്റ്റേറ്റില്‍ കശുവണ്ടിതോട്ടം പാട്ടത്തിനെടുത്ത കരാറുകാരനെയും തൊഴിലാളികളെയും തൊഴിലാളിസംഘടനാനേതാക്കള്‍ ബന്ദികളാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി.
പാണത്തൂര്‍ മലമ്പേലിലെ ഷാജിയാണ് ഇതുസംബന്ധിച്ച് രാജപുരം പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ നിജസ്ഥിതി അറിയാന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അതേ സമയം ഈ സംഭവത്തില്‍ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് വെള്ളരിക്കുണ്ട് സിഐ സുനില്‍കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ഐ എന്‍ ടി യു സി നേതാവ് അനിക്കുട്ടന്‍, ബി എം എസ് നേതാവ് അശോകന്‍, പ്രവര്‍ത്തകരായ ബിജു. ജഗദീഷ്, ബാമുക്കുട്ടി, വിമോഷ് എന്നിവര്‍ക്കെതിരെയാണ് ഷാജി പോലീസില്‍ പരാതി നല്‍കിയത്. കശുവണ്ടി ശേഖരിക്കാന്‍ സമ്മതിക്കാതെ തൊഴിലാളി സംഘടനാനേതാക്കള്‍ കഴിഞ്ഞ ദിവസം വൈകുന്നേരം തന്നെയും തൊഴിലാളികളെയും ബന്ദികളാക്കിയെന്നാണ് ഷാജി പോലീസില്‍ നല്‍കിയ പരാതിയില്‍ ബോധിപ്പിച്ചത്.
സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ എന്‍ എസ് എസ് എസ്റ്റേറ്റ് പനത്തടി ഡിവിഷന്‍ സൂപ്രണ്ട് എസ് സഞ്ജീവിന് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല. കശുവണ്ടി ശേഖരിക്കാന്‍ അനുവദിക്കാതിരുന്നതിനാല്‍ 1,70,000 രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. പ്രശ്‌നം പരിഹരിക്കാന്‍ ഞായറാഴ്ച തൊഴിലാളിനേതാക്കളുമായി രാജപുരം പോലീസ് സ്റ്റേഷനില്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Rajapuram, Kasaragod, Police, Complaint, Investigation, Labourers, Police Station, Estate, Workers hostaged; Police investigation started.