Protest | കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ തൊഴിലാളി യൂണിയനുകളുടെ മാർച്ചും ധർണയും നവംബർ 26ന് കാഞ്ഞങ്ങാട്ട്
● രാവിലെ പത്തു മണിക്ക് കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും മാർച്ച് ആരംഭിക്കും
● കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനം ചെയ്യും.
കാസർകോട്: (KasargodVartha) കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകളും കർഷക സംഘടനകളും ചേർന്ന് സംഘടിപ്പിക്കുന്ന മാർച്ചും ധർണയും ചൊവ്വാഴ്ച കാഞ്ഞങ്ങാട്ട് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ധർണ ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്‌ഘാടനം ചെയ്യും.
രാവിലെ പത്തു മണിക്ക് കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും മാർച്ച് ആരംഭിക്കും. ജനവിരുദ്ധ തൊഴിലാളി - കർഷക ദ്രോഹനടപടികൾ അവസാനിപ്പിക്കുക, ജീവനോപാധികൾ സംരക്ഷിക്കുക, കുത്തകവൽക്കരണം അവസാനിപ്പിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.
കർഷകദ്രോഹ നിയമ ഭേദഗതികൾ പിൻവലിക്കുക, ഉൽപ്പാദന ചെലവിനോട് അതിന്റെ പകുതിയുംകൂടി കൂടിയ തുക താങ്ങുവില ഉറപ്പാക്കുക, നാല് ലേബർ കോഡുകളും 2022 ലെ വൈദ്യുതി നിയമ ഭേദഗതികളും പിൻവലിക്കുക, എല്ലാവർക്കും തൊഴിലും തൊഴിൽ സുരക്ഷിതത്വവും ഉറപ്പാക്കുക എന്നിവയും ഉന്നയിക്കും.
കൂടാതെ വിലക്കയറ്റം തടയുക, അവശ്യഭക്ഷ്യ വസ്തുക്കളുടെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും എക്സൈസ് ഡ്യൂട്ടി കുറക്കുക, പൊതുവിതരണ സമ്പ്രദായം വിപുലീകരിക്കുക, പൊതുമേഖലാ -സേവനമേഖലാ സ്വകാര്യ വൽക്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും പ്രതിഷേധത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വാർത്താസമ്മേളനത്തിൽ ടി കെ രാജൻ, കെ ആർ ജയാനന്ദ, ടി കൃഷ്ണൻ, പി കെ അബ്ദുൾറഹ്മാൻ, സി വി ജയൻ, നാഷണൽ അബ്ദുല്ല എന്നിവർ പങ്കെടുത്തു.