Initiative | പാലക്കുന്നമ്മയ്ക്ക് വനിതകൾ സമർപ്പിച്ച അപൂർവ നെറ്റിപ്പട്ടം
ക്ഷേത്ര ഭണ്ഡാര വീട്ടിൽ ആചാരസ്ഥാനികരുടെയും ഭാരവാഹികളുടെയും ഭക്തന്മാരുടെയും സാന്നിധ്യത്തിലായിരുന്നു നെറ്റിപ്പട്ട സമർപ്പണം.
പാലക്കുന്ന്: (KasargodVartha) കേരളത്തിലെ ഉത്സവങ്ങളുടെ അഴകു ചേർക്കുന്ന ഗജകേസരികളുടെ അലങ്കാരമായ നെറ്റിപ്പട്ടം സ്വയം നിർമ്മിച്ച് പാലക്കുന്നമ്മയ്ക്ക് സമർപ്പിച്ച് വനിതകൾ മികച്ചൊരു തുടക്കം കുറിച്ചു.
മേൽപ്പറമ്പ് നടക്കാലിലെ ആശ സുമേഷിന്റെ നേതൃത്വത്തിൽ പത്തോളം വനിതകൾ ഒത്തുചേർന്ന് രൂപം കൊണ്ട 'ടീം നെറ്റിപ്പട്ടം' എന്ന കൂട്ടായ്മയാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. അവർ ചിങ്ങമാസത്തിൽ പാലക്കുന്നമ്മയ്ക്ക് ക്ഷേത്രത്തിൽ വച്ച് ആദ്യമായി നിർമിച്ച നെറ്റിപ്പട്ടം സമർപ്പിച്ചു. ക്ഷേത്ര ഭണ്ഡാര വീട്ടിൽ ആചാരസ്ഥാനികരുടെയും ഭാരവാഹികളുടെയും ഭക്തന്മാരുടെയും സാന്നിധ്യത്തിലായിരുന്നു നെറ്റിപ്പട്ട സമർപ്പണം.
ശൈലജ രാമകൃഷ്ണൻ കൊക്കാൽ, വിജിഷ ദുർഗപ്രസാദ് പാലക്കുന്ന്, അനിത ഉദുമ, സവിത രവി അടക്കത്തുവയൽ, സജിന സുധാകരൻ കൊക്കാൽ, സൗമ്യ ഉണ്ണി വെടിക്കുന്ന്, പ്രീത നാരായണൻ പെരിയവളപ്പ്, സതി ദിവാകരൻ കരിപ്പോടി എന്നിവരാണ് ഈ കൂട്ടായ്മയിലെ അംഗങ്ങൾ.
നെറ്റിപ്പട്ട് നിർമ്മാണം ഒരു തൊഴിലായി മാറ്റി സ്വന്തം കാലിൽ നിൽക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വനിതകൾ മുന്നോട്ട് പോകുന്നത്.