Tragedy | ഭർത്താവിനും മക്കൾക്കുമൊപ്പം സഞ്ചരിക്കവെ സ്‌കൂടറിൽ നിന്നും തെറിച്ചു വീണ യുവതി ട്രെയിലർ കയറി ദാരുണമായി മരിച്ചു
● മേൽപറമ്പ് പൊലീസ് കേസെടുത്തു.
● പോസ്റ്റ് മോർടത്തിന് ശേഷം വെള്ളിയാഴ്ച വീട്ടിലെത്തിച്ച് സംസ്ക്കരിക്കും.
ചട്ടഞ്ചാൽ: (KasargodVartha) ഭർത്താവിനും മക്കൾക്കുമൊപ്പം യാത്ര ചെയ്യവേ സ്‌കൂടറിൽ നിന്നു തെറിച്ചു വീണ യുവതി ട്രെയിലർ കയറി ദാരുണമായി മരിച്ചു. ഭർത്താവും രണ്ടു മക്കളും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
നെല്ലിക്കട്ട പൈക്ക ചന്ദ്രപ്പാറയിലെ ശശികല (34) ആണ് മരിച്ചത്. വ്യാഴാഴ്ച സന്ധ്യ ഏഴോടെ ദേശീയപാതയിൽ ചട്ടഞ്ചാൽ ടാറ്റ കോവിഡ് ആശുപത്രി റോഡിനു സമീപം അമ്പട്ടയിലാണ് അപകടമുണ്ടായത്.
ഭർത്താവ് മണിയും മക്കളായ നാലു വയസ്സുകാരി ആരാധ്യ ഒരു വയസ്സുകാരൻ ആദി എന്നിവരോടൊപ്പം ചട്ടഞ്ചാലിലെ ഹോമിയോ ക്ലിനികിലേക്ക് പോയി മടങ്ങും വഴിയാണ് അപകടമുണ്ടായത്.
മുന്നിൽ പോകുകയായിരുന്ന ലോറി പെട്ടെന്ന് നിർത്തി പിന്നോട്ട് എടുക്കുമ്പോൾ സ്കൂടറിൽ തട്ടുകയും യുവതി തെറിച്ചുവീഴുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. തുടർന്ന് യുവതിയുടെ തലയിൽ ലോറിയുടെ ടയർ കയറിയിറങ്ങുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഓടിക്കൂടിയവർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടമുണ്ടായതോടെ ലോറി ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടു. ഇതോടെ ദേശീയപാതയിൽ കുടുങ്ങിയ ലോറി റോഡ് നിർമാണ കംപനിയുടെ ക്രയിൽ ഉപയോഗിച്ച് മാറ്റുകയായിരുന്നു.
മേൽപറമ്പ് പൊലീസ് കേസെടുത്തു. മൃതദേഹം കാസർകോട് ജെനറൽ ആശുപത്രി മോർചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർടത്തിന് ശേഷം വെള്ളിയാഴ്ച വീട്ടിലെത്തിച്ച് സംസ്ക്കരിക്കും.
കർണാടക അർളപദവിലെ ബംബ മണിയാണിയുടെയും രത്നാവതിയുടെയും മകളാണ് ശശികല. സഹോദരങ്ങൾ: അന്നപൂർണ ശാരദ, ഭവാനി, ഭാസ്ക്കരൻ.
#KasargodAccident, #RoadTragedy, #ScooterAccident, #KeralaNews, #NationalHighwayAccident, #WomanDies