Found Dead | 'പ്രസവിച്ചതിൽ അഞ്ചും പെൺകുട്ടികൾ, ഇതിന്റെ പേരിൽ ക്രൂര മർദനം നടന്നുവെന്ന് വീട്ടുകാർ'; പിന്നാലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
● 'ഭർത്താവ് സ്വർണം ആവശ്യപ്പെട്ട് മർദിച്ചിരുന്നു'.
● 'രണ്ട് മാസം മുമ്പ് തലയ്ക്ക് പരുക്കേറ്റിരുന്നു'.
● 'ലഹരിയിൽ വന്ന് മർദിക്കുന്നത് പതിവായിരുന്നു'.
ആദൂർ: (KasargodVartha) യുവതിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. സുള്ള്യ ജയനഗറിലെ പരേതനായ ഇസ്മാഈൽ - ഖദീജ ദമ്പതികളുടെ മകളും വാച് കടയുടമ പൊവ്വലിലെ ജഅഫറിന്റെ ഭാര്യയുമായ ശൈമ (35) യാണ് മരിച്ചത്. ജനിച്ച അഞ്ച് മക്കളും പെൺമക്കളായതിന്റെ പേരിൽ യുവതിക്ക് ഭർത്താവിൽ നിന്ന് ക്രൂര മർദനം ഏറ്റിരുന്നതായി യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. ബുധനാഴ്ച പുലർച്ചെ പൊവ്വലിലെ ക്വാർടേഴ്സിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവർക്ക് 13 ഉം എട്ടും ആറും അഞ്ചും മൂന്നും വയസ് പ്രായമുള്ള അഞ്ച് പെൺമക്കളുണ്ട്. സ്ഥിരമായി ഭർത്താവ് ജഅഫർ മദ്യവും ലഹരിമരുന്നും കഴിച്ച് വീട്ടിലെത്തി തന്നെ ഉപദ്രവിക്കാറുണ്ടെന്ന് ശൈമ പറഞ്ഞിരുന്നുവെന്നും മക്കളെ ഓർത്ത് ഇതുസംബന്ധിച്ച് പരാതി നൽകാൻ സമ്മതിച്ചിരുന്നില്ലെന്നും ശൈമയുടെ ബന്ധു അശ്‌റഫ് കാസർകോട് വാർത്തയോട് പറഞ്ഞു.
ശൈമയ്ക്ക് വീട്ടുകാർ നൽകിയ 40 പവൻ സ്വർണത്തിൽ 30 പവൻ ഉപയോഗിച്ച് ഒന്നരവർഷം മുമ്പ് ഭർത്താവ് പുതിയ വീട് നിർമിച്ചിരുന്നു. കൂടുതൽ സ്വർണം വീട്ടുകാരിൽ നിന്ന് വാങ്ങിക്കൊണ്ട് വരണമെന്ന് പറഞ്ഞ് ശൈമയെ ക്രൂരമായി മർദിക്കുന്നത് പതിവായിരുന്നുവെന്നും അഞ്ച് വര്ഷമായി കൊടിയ പീഡനമാണ് നേരിടേണ്ടി വന്നതെന്നും യുവതിയുടെ ബന്ധുക്കൾ പറഞ്ഞു.
പുതിയ വീട്ടിൽ താമസിച്ച് വന്നിരുന്ന ശൈമയെയും മക്കളെയും ഒന്നര മാസം മുമ്പ് അടുത്തുള്ള ക്വാർടേഴ്സിലേക്ക് താമസം മാറ്റുകയും പുതിയ വീട് മറ്റൊരാൾക്ക് വാടകയ്ക്ക് നൽകുകയുമായിരുന്നു. സ്വർണം കൊണ്ടുവരാതെ പുതിയ വീട്ടിലേക്ക് കൊണ്ടുപോകില്ലെന്നാണ് ഭർത്താവ് പറഞ്ഞിരുന്നതെന്ന് യുവതിയുടെ വീട്ടുകാർ പറഞ്ഞു. രണ്ട് മാസം മുമ്പ് ശൈമയുടെ തല ചുമരിലിടിച്ച് തലയ്ക്ക് സാരമായി പരുക്കേറ്റിരുന്നു.
അന്നും യുവതിയുടെ വീട്ടുകാർ ആദൂർ പൊലീസിൽ പരാതി നൽകാൻ നിർബന്ധിച്ചുവെങ്കിലും അഞ്ച് മക്കളെയും കൊണ്ട് സ്വന്തം വീട്ടിൽ വന്ന് താൻ എന്ത് ചെയ്യേണ്ടതെന്ന് പറഞ്ഞ് ശൈമ പരാതി നൽകുന്നതിൽ നിന്നും വിലക്കുകയായിയുന്നുവെന്നും എല്ലാ പീഡനവും സ്വയം സഹിച്ച് വന്നിട്ടും പിടിച്ചു നിന്നിരുന്ന ശൈമ ഒരിക്കലും സ്വയം ജീവനൊടുക്കില്ലെന്നുമാണ് യുവതിയുടെ വീട്ടുകാർ പറയുന്നത്.
ബുധനാഴ്ച പുലർച്ചെ 2.15 മണിയോടെ ജഅഫറിന്റെ ബന്ധുവായ സ്ത്രീയാണ് ശൈമയുടെ വീട്ടുകാരെ വിളിച്ച് ശൈമ ബോധം കെട്ട് വീണിരിക്കുകയാണെന്നും പെട്ടെന്ന് വരണമെന്നും പറഞ്ഞത്. സുള്ള്യയിൽ നിന്ന് വീട്ടുകാർ പുറപ്പെടാനിരിക്കെ വീണ്ടും വിളിച്ച് ശൈമ മരിച്ചുവെന്ന് അറിയിക്കുകയായിരുന്നു. താമസിക്കുന്ന ക്വാർടേഴ്സിൽ ഭർത്താവ് ജഅഫർ യുവതിയുടെ വീട്ടുകാർ വരുന്നുണ്ടോ എന്നറിയാൻ സിസിടിവി കാമറ സ്ഥാപിച്ചിരുന്നുവെന്ന് ശൈമയുടെ ബന്ധുക്കൾ പറഞ്ഞു.
പലപ്പോഴും രാത്രി വൈകിയാണ് ഭർത്താവ് ലഹരിയിൽ വീട്ടിൽ എത്താറുള്ളതെന്നും വന്നയുടനെ ശൈമയുടെ തലയ്ക്കരികിലിരുന്ന് തലയ്ക്ക് ഇടിക്കുക പതിവാണെന്നും യുവതി മറ്റൊരാളുടെ ഫോണിൽ വിളിച്ച് ബന്ധുക്കളോട് പറഞ്ഞിരുന്നു. കഴിഞ്ഞ ഞായറാഴ്ച പോലും യുവതി മാതാവിനെ വിളിച്ച് തനിക്ക് ഒരുതരത്തിലും ജീവിക്കാൻ കഴിയുന്നില്ലെന്നും സ്വർണം നൽകണമെന്നും പറഞ്ഞിരുന്നതായും ബന്ധുക്കൾ വെളിപ്പെടുത്തി.
അടുത്തിടെയായി ലഹരിയിലെത്തുന്ന ഭർത്താവ് ശൈമയോട്, സ്വർണം കൊണ്ടുവരാതെ താൻ നിന്റെ അടുത്ത് കിടക്കില്ലെന്നും സമീപത്ത് ഒരു സ്ത്രീയുടെ അടുത്ത് കിടക്കാൻ പോകുകയാണെന്നും പറഞ്ഞു പോകാറുണ്ടെന്നും ബന്ധുക്കൾ കൂട്ടിച്ചേർത്തു. ഈ സ്ത്രീയുടെ വീട്ടിലേക്ക് പോകുന്നത് ഞങ്ങൾ പിടികൂടാമെന്നും നിങ്ങൾ കൂടെ നിൽക്കണമെന്നും പ്രദേശത്തെ ചില യുവാക്കൾ യുവതിയുടെ വീട്ടുകാരെ വിളിച്ചു പറഞ്ഞിരുന്നുവെങ്കിലും നിയമത്തിന് നിരക്കാത്തത് ഒന്നും തങ്ങൾ ചെയ്യില്ലെന്നാണ് ഇവരോട് നിസ്സഹായതോടെ പറഞ്ഞതെന്നും ബന്ധുക്കൾ വ്യക്തമാക്കി.
നീ ഇഞ്ചിഞ്ചായി തൂങ്ങിമരിക്കണമെന്നും നിന്നെ ഞാൻ കൊല്ലില്ലെന്നും പറഞ്ഞായിരുന്നു സ്ഥിരമായുള്ള ഉപദ്രവമെന്നും അവർ വെളിപ്പെടുത്തി. ഇക്കാര്യങ്ങളെല്ലാം യുവതി വീട്ടുകാരെ വിളിച്ചറിയിച്ചിരുന്നു. ശൈമ തൂങ്ങി മരിച്ചതാണെന്നാണ് ഭർത്താവിന്റെ വീട്ടുകാർ പറഞ്ഞത്. എന്നാൽ ശൈമയുടേത് കൊലപാതകമാണെന്ന് സംശയിക്കുന്നതായി യുവതിയുടെ വീട്ടുകാർ പറഞ്ഞു. ആദൂർ പൊലീസിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
ക്വാർടേഴ്സിലെ സിസിടിവി കാമറ പരിശോധിച്ചപ്പോൾ ശൈമ പുറത്തുവന്ന് ഷോൾ എടുത്തുപോകുന്നത് ദൃശ്യത്തിൽ കാണുന്നുണ്ട്. എന്നാൽ അകത്ത് എന്താണെന്ന് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. യുവതിയുടെ മരണത്തിന് പിന്നാലെ ഭർത്താവ് നാട്ടിൽ നിന്ന് മുങ്ങിയിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
#DomesticViolence #JusticeForShaima #KeralaNews #WomenSafety #StopViolenceAgainstWomen