Identified | വന്ദേ ഭാരത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു
* അപകടം നീലേശ്വരം പള്ളിക്കര കറുത്തേ ഗേറ്റിനടുത്ത്
നീലേശ്വരം: (KasargodVartha) വന്ദേ ഭാരത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. നീലേശ്വരം പള്ളിക്കര കറുത്തേ ഗേറ്റിനടുത്ത് തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. പയ്യന്നൂർ മാതമംഗലം എരമത്തെ പരേതനായ സുരേഷൻ - കാഞ്ഞങ്ങാട് കിഴക്കുംകര മുച്ചിലോട്ടെ വിദ്യ ദമ്പതികളുടെ മകൾ വന്ദന (22) ആണ് മരിച്ചത്.
കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് ഉച്ചയ്ക്ക് 2.30 ന് പുറപ്പെട്ട വന്ദേഭാരത് ട്രെയിൻ ഇടിച്ചാണ് അപകടം സംഭവിച്ചത്. ട്രെയിനിൻ്റെ ലോകോ പൈലറ്റ് യുവതിയെ റെയിൽ പാളത്തിൽ കണ്ട് ഹോൺ മുഴക്കിയിരുന്നുവെങ്കിലും മാറാൻ തയ്യാറായിരുന്നില്ലെന്നാണ് പറയുന്നത്. അതുകൊണ്ടു തന്നെ ആത്മഹത്യയെന്നാണ് പൊലീസ് സംശയിക്കുന്നത്.
ലോകോ പൈലറ്റ് വിവരം നൽകിയതിൻ്റെ അടിസ്ഥാനത്തിൽ നീലേശ്വരം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ് മോർടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർചറിയിലേക്ക് മാറ്റി. വിഷ്‌ണു ഏക സഹോദരനാണ്.