Accident | ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു; യാത്രക്കാർക്ക് പരുക്ക്

● കുമ്പള ഷിറിയയിലാണ് അപകടം സംഭവിച്ചത്.
● കൊവ്വൽപള്ളിയിലെ നഫീസ ആണ് മരിച്ചത്.
● മംഗളൂരുവിൽ പോയി മടങ്ങുകയായിരുന്നു നഫീസയും കുടുംബവും.
കുമ്പള: (KasargodVartha) ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു. കൊവ്വൽപള്ളി മന്ന്യോട്ട് വിഷ്ണുമൂർത്തി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന നഫീസ (62) ആണ് മരിച്ചത്. പരേതനായ അബൂബകറിന്റെ ഭാര്യയാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കുമ്പള ഷിറിയയിൽ വെച്ചാണ് അപകടം സംഭവിച്ചത്.
മംഗ്ളൂറിലെ ആശുപത്രിയിൽ മരുമകളുടെ പിതാവിനെ സന്ദർശിച്ച് നഫീസയും മറ്റ് കുടുംബാംഗങ്ങളും കാറിൽ തിരികെ വരുന്നതിനിടെ എതിർ ദിശയിൽ നിന്ന് വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നഫീസയെ ഉടൻതന്നെ മംഗ്ളൂറിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ ഇരു കാറുകളിലുമായി ഉണ്ടായിരുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവർക്ക് പരുക്കേറ്റു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല. ഇവരെ മംഗ്ളൂറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമ്പള പൊലീസ് ഇൻസ്പെക്ടർ കെ പി വിനോദ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി.
#Kasaragod #Kumbala #RoadAccident #CarAccident #Kerala #AccidentNews