Accident | കാർ നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടു; ഗുരുതരമായി പരുക്കേറ്റ യുവതി മരിച്ചു
● കോഴിക്കോട് കൊടുവള്ളിയിലാണ് കാർ നിയന്ത്രണംവിട്ടു കൽവർട് ഭിത്തിയിലിടിച്ചത്.
● കുടുംബാംഗങ്ങൾക്ക് പരിക്കേറ്റു; ഇവർ ചികിത്സയിലാണ്.
ബന്തിയോട്: (KasargodVartha) കാർ നിയന്ത്രണം വിട്ട് അപകടത്തില്പെട്ടു ഗുരുതരമായി പരുക്കേറ്റ യുവതി മരിച്ചു. മേർക്കള പരപ്പ ഹൗസിലെ സിദ്ദീഖിന്റെ ഭാര്യ തസ്ലീമ (28) ആണ് മരിച്ചത്. കോഴിക്കോട് മെഡികൽ കോളജ് ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു മരണം സംഭവിച്ചത്.
ഇക്കഴിഞ്ഞ 24ന് രാത്രി 2.30 മണിയോടെ കോഴിക്കോട് കൊടുവള്ളിയിൽ വെച്ചായിരുന്നു അപകടം. കുടുംബത്തോടൊപ്പം വയനാട് സന്ദർശിച്ച ശേഷം കോഴിക്കോട് മടവൂരിലേക്ക് പോകുന്നതിനിടെ കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തസ്ലീമയുടെ തലയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്.
തസ്ലീമയുടെ മക്കളായ തസ്‌ഫിയ, ഫാത്വിമ, വാഹനം ഓടിച്ച സഹോദരൻ അബ്ദുൽ ജമാൽ, എന്നിവർക്കും അപകടത്തിൽ പരുക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
മൃതദേഹം വെള്ളിയാഴ്ച രാവിലെ പോസ്റ്റ് മോർട്ടത്തിനും നടപടികൾക്കും ശേഷം സി എച്ച് സെൻ്ററിൽ അന്ത്യകർമ്മങ്ങൾ നിർവഹിച്ചു. തുടർന്ന് ഉച്ചയോടെ നാട്ടിലേക്ക് പുറപ്പെട്ടു. രാത്രി ഏഴ് മണിയോടെ വീട്ടിലെത്തിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിദ്ദീഖിൻ്റെ സഹോദരൻ ഹനീഫ് കാസർകോട് വാർത്തയോട് പറഞ്ഞു. തുടർന്ന് ഇശാ നിസ്കാരത്തിന് ശേഷം ഖബറടക്കും.