ട്രെയിനില്‍ കഞ്ചാവ് കടത്താന്‍ ശ്രമം; അറസ്റ്റിലായ സ്ത്രീയെ കോടതിയില്‍ ഹാജരാക്കി
Mar 27, 2013, 12:21 IST
![]() |
Suhra |
മംഗലാപുരം-കണ്ണൂര്‍ പാസഞ്ചറില്‍ കണ്ണൂരിലേക്ക് കഞ്ചാവ് കൊണ്ടുപോകാനായിരുന്നു സുഹറയുടെ ശ്രമമെന്ന് പോലീസ് പറഞ്ഞു. രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് റെയില്‍വെ സ്റ്റേഷനിലെത്തിയ പോലീസ് സംഘം സുഹറയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് കടലാസിലും പ്ലാസ്റ്റിക്കിലുമായി പൊതിഞ്ഞ നിലയില്‍ മൂന്ന് പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്.
കണ്ണൂരിലെ ഒരാള്‍ക്ക് കൈമാറാനാണ് കഞ്ചാവ് കൊണ്ടു പോകാന്‍ ശ്രമിച്ചതെന്ന് ചോദ്യം ചെയ്യലില്‍ സുഹറ പോലീസിനോട് പറഞ്ഞു. സി.ഐ സുനില്‍കുമാറിന് പുറമെ എസ്.ഐ വിജയന്‍ കരിയപ്പ, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉണ്ണികൃഷ്ണന്‍, രാമകൃഷ്ണന്‍, അജയന്‍, കെ. നാരായണന്‍, പി.കെ ബാലകൃഷ്ണന്‍ എന്നിവരും സുഹ്‌റയെ അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിലുണ്ടായിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ കാസര്‍കോട് നഗരത്തില്‍ നിന്ന് ഇത് മൂന്നാമതാണ് പോലീസ് കഞ്ചാവ് പിടികൂടുന്നത്.
മാര്‍ച് 20ന് ഓട്ടോ റിക്ഷയില്‍ കടത്തുകയായിരുന്ന 110 കിലോ കഞ്ചാവുമായി തളങ്കര ഫോര്‍ട്ട് റോഡിലെ യു. മുഹമ്മദ് ഉസ്മാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തളങ്കരയിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് കഞ്ചാവ് പാക്കറ്റുകള്‍ ചാക്കിലാക്കി ഓട്ടോ റിക്ഷയില്‍ കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.
മാര്‍ച് 12ന് വാനില്‍ കടത്തുകയായിരുന്ന 54 കിലോ കഞ്ചാവുമായി മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തളങ്കര കെ.കെ പുറത്തെ അബ്ദുല്‍ അസീസ്, കൈക്കമ്പ കണ്ണാടിപ്പാറയിലെ കലന്തര്‍ ശാഫി, തളങ്കര കടവത്തെ ഹാരിസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച അറസ്റ്റിലായ സുഹ്‌റയ്ക്ക് അന്ന് അറസ്റ്റിലായ ഹാരിസുമായി ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു.
ആന്ധ്രയില്‍ നിന്നും മുംബൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നും കാസര്‍കോട്ടേക്ക് വ്യാപകമായി കഞ്ചാവ് കടത്തുന്നതായി പോലീസിനും എക്‌സൈസിനും വിവരം ലഭിച്ചിട്ടുണ്ട്. അവിടെനിന്നും വന്‍ തോതില്‍ ട്രെയിനിലും ലോറി ഉള്‍പെടെയുള്ള വാഹനങ്ങളിലും എത്തുന്ന കഞ്ചാവ് കാസര്‍കോട്ടുവെച്ച് പാക്കറ്റുകളിലാക്കി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലേക്കും ഏജന്റുമാര്‍ മുഖേന കടത്തുകയാണ്.

കുട്ടികളെയും സ്ത്രീകളെയും വരെ കഞ്ചാവ് മാഫിയയുടെ ഏജന്റുമാരായി നിയോഗിച്ചിരിക്കുകയാണ്. അതിലൊരാളാണ് സുഹ്‌റയെന്ന് പോലീസ് സംശയിക്കുന്നു. സുഹ്‌റയെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കഞ്ചാവ് മാഫിയയെ കുറിച്ചുള്ള നിര്‍ണായകമായ പല വിവരങ്ങളും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
കാസര്‍കോട് റെയില്‍വെ സ്‌റ്റേഷന്‍ പരിസരം, തളങ്കര, ഉപ്പള, മഞ്ചേശ്വരം മേഖലകളിലാണ് കഞ്ചാവ് വിതരണക്കാരുടെ കണ്ണികള്‍ പ്രവര്‍ത്തിക്കുന്നത്. കഞ്ചാവ് കടത്തും വിതരണവും വ്യാപകമായ സാഹചര്യത്തില്‍ ജില്ലാ പോലീസ് സൂപ്രണ്ട് എസ്. സുരേന്ദ്രന്റെ നിര്‍ദേശത്തെതുടര്‍ന്ന് ജില്ലയില്‍ കഞ്ചാവ് വേട്ട ശക്തമാക്കി. ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്റെ മേല്‍ നോട്ടത്തിലായിരിക്കും കഞ്ചാവ് വേട്ട നടത്തുക.
Keywords: Kanjavu, Train, Arrest, Women, Court, Police, Autorikshaw, Thalangara, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.