Railway | ഉത്തരമലബാറിലെ റെയിൽവേ യാത്രക്കാരുടെ ദുരിതങ്ങൾക്ക് പരിഹാരം വേണം; കേന്ദ്രമന്ത്രി ജോർജ് കുര്യന് നിവേദനവുമായി പാസൻജേർസ് അസോസിയേഷൻ
ഷൊർണൂർ - കണ്ണൂർ പാസഞ്ചർ ട്രെയിൻ മഞ്ചേശ്വരം വരെയെങ്കിലും നീട്ടണമെന്ന് ആവശ്യം
കാസർകോട്: (KasargodVartha) ഉത്തര മലബാറിലെ റെയിൽവേ യാത്രക്കാരുടെ തീരാ ദുരിതത്തിന് അറുതി വരുത്താൻ ബന്ധപ്പെട്ടവരിൽ സമ്മർദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് കാസർകോട് റെയിൽവേ പാസൻജേർസ് അസോസിയേഷൻ ഭാരവാഹികൾ കേന്ദ്രമന്ത്രി ജോർജ് കുര്യന് നിവേദനം നൽകി. പുതുതായി സർവീസ് തുടങ്ങിയ ഷൊർണൂർ - കണ്ണൂർ പാസഞ്ചർ ട്രെയിൻ മഞ്ചേശ്വരം വരെയെങ്കിലും നീട്ടുക, മംഗലാപുരം - കോഴിക്കോട് പാസഞ്ചർ വണ്ടി തിരിച്ചു വരുന്നത് ഉച്ചക്ക് രണ്ട് മണിക്ക് പകരം ആറ് മണിക്ക് പുറപ്പെടുന്ന രീതിയിൽ സമയം പുനക്രമീകരിക്കുക, യാത്ര ചെറുവത്തൂരിൽ അവസാനിപ്പിക്കാതെ നേരെ മംഗലാപുരം വരെ പോയി മംഗലാപുരത്ത് നിന്നും രാത്രി 9.30 തിരിച്ചു വന്നു ചെറുവത്തൂരിൽ ഹാൾട്ട് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു.
വെറുതെ കിടക്കുന്ന 37 ഏക്കറോളം സ്ഥലമുള്ള കുമ്പള സ്റ്റേഷനെ കൊച്ചുവേളി മാതൃകയിൽ ഒരു സാറ്റലൈറ്റ് സ്റ്റേഷനായി ഉയർത്തുക, കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന എട്ടോളം വണ്ടികളിൽ ഇന്റർസിറ്റി അടക്കമുള്ള രണ്ടോ മൂന്നോ വണ്ടികൾ മംഗലാപുരം വരെ നീട്ടുക, നിലവിൽ ആഴ്ചയിൽ രണ്ട് ദിവസം മാത്രമുള്ള മംഗലാപുരം - കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസ് എല്ലാ ദിവസവും ഓടിക്കുക, പാരശുറാം എക്‌സ്പ്രസിന് കുമ്പളയിലും മഞ്ചേശ്വരത്തും കോട്ടികുളത്തും സ്റ്റോപ്പ് അനുവദിക്കുക, റെയിൽവേ ബോർഡ് അനുമതി ലഭിച്ച മംഗലാപുരം - രാമേശ്വരം എക്‌സ്പ്രസ് എത്രയും വേഗം തുടങ്ങുക, അത് ആഴ്ചയിൽ രണ്ട് ദിവസമാക്കുക, ഉഡുപ്പിയിൽ നിന്നും കോട്ടയത്തേക്ക് പുതുതായി ഒരു ട്രെയിൻ സർവീസ് ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിലൂടെ ചൂണ്ടിക്കാട്ടി.
കാര്യങ്ങൾ ശ്രദ്ധയോടെ കേട്ടറിഞ്ഞ മന്ത്രി ജോർജ് കുര്യൻ ആവശ്യങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്താമെന്നും എല്ലാ സഹായങ്ങളും നൽകാമെന്നും ഉറപ്പ് നൽകി. കാസർകോട് റെയിൽവേ പാസൻജേർസ് അസോസിയേഷൻ പ്രസിഡന്റ് പ്രശാന്ത് കുമാർ, നിസാർ പെർവാഡ്, നാസർ ചെർക്കള, അഡ്വ. അൻവർ ടി ഇ, ആനന്ദൻ പെരുമ്പള തുടങ്ങിയവർ നിവേദന സംഘത്തിൽ ഉണ്ടായിരുന്നു.