Development | തദ്ദേശം: കാലാവധി തീരാൻ ഇനി ഒരു വർഷം; കുമ്പളയിലെ വികസന പദ്ധതികൾ യാഥാർത്ഥ്യമാകുമോ?
* ബസ് സ്റ്റാൻഡ് - ഷോപ്പിംഗ് കോംപ്ലക്സ്, ടൗണിലെ ശൗചാലയം, മീൻ മാർക്കറ്റ്, ഗതാഗത പരിഷ്കരണം തുടങ്ങിയ പദ്ധതികൾ പൂർത്തിയാകാനുണ്ട്.
* ആറുവരിപ്പാത പൂർത്തിയായാൽ ബസുകൾ കുമ്പള ടൗണിലേക്ക് എങ്ങിനെ പ്രവേശിക്കുമെന്ന ചോദ്യം ബാക്കിയുണ്ട്.
കുമ്പള: (KasargodVartha) സപ്തഭാഷാ സംഗമഭൂമിയായ കുമ്പളയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ യാഥാർത്ഥ്യമാകുമോ? തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഇനി ഒരു വർഷം മാത്രം അവശേഷിക്കുമ്പോൾ കുമ്പള ബസ് സ്റ്റാൻഡ് - ഷോപ്പിംഗ് കോംപ്ലക്സ്, ടൗണിലെ ശൗചാലയം, മീൻ മാർക്കറ്റ്, ഗതാഗത പരിഷ്കരണം തുടങ്ങിയ പദ്ധതികൾ ഈ ചുരുങ്ങിയ കാലയളവിൽ നടപ്പിൽ വരുത്താൻ നിലവിലെ ഭരണസമിതിക്കാകുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
കുമ്പള ടൗണിൽ കെഎസ്ടിപി റോഡിന്റെ പണികൾ പൂർത്തിയായിട്ടുണ്ട്. നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായുള്ള നടപ്പാതകളും മറ്റും ഇനിയും പൂർത്തിയാകേണ്ടതുണ്ട്. ഇക്കാര്യത്തിൽ കുമ്പള ഗ്രാമപഞ്ചായത്തും കെഎസ്ടിപി അധികൃതരും ഇടഞ്ഞു നിൽപ്പാണ്. മറുഭാഗത്ത് ദേശീയപാതയുടെ ജോലികൾ കുമ്പള ടൗണിനെ വഴിമുടക്കി പുരോഗമിക്കുന്നു. ഇവിടെ ആറുവരിപ്പാത പൂർത്തിയായാൽ ബസുകൾ കുമ്പള ടൗണിലേക്ക് എങ്ങിനെ പ്രവേശിക്കുമെന്ന ചോദ്യം ബാക്കിയുണ്ട്.
കുമ്പള റെയിൽവേ സ്റ്റേഷനടുത്തുള്ള അടിപ്പാതയിലൂടെ ബസുകൾ തിരിച്ച് വിട്ട് ടൗണിൽ പ്രവേശിക്കാൻ നടപടി സ്വീകരിക്കുമെന്ന് ദേശീയപാത നിർമ്മാണ കമ്പനി അതികൃതർ പറയുമ്പോൾ തന്നെ ഇടുങ്ങിയ സർവീസ് റോഡിൽ ഇരു ഭാഗങ്ങളിലേക്കും എങ്ങനെ വാഹനങ്ങൾക്ക് പോകാൻ പറ്റുമെന്ന മറു ചോദ്യമാണ് പഞ്ചായത്ത് അധികൃതർ ഉന്നയിക്കുന്നത്. ഇക്കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്,ഒപ്പം വ്യാപാരികൾക്കിടയിലെ വലിയ ആശങ്കയും നിലനിൽക്കുന്നു.
ടൗണിലെ ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി ബസ് സ്റ്റാൻഡ് ടൗണിന് സമീപത്തായി, സ്വകാര്യ വ്യക്തിയുടെ സ്ഥലം ഏറ്റെടുത്ത് മാറ്റാൻ നീക്കം നടന്നിരുന്നുവെങ്കിലും അതിനും അല്പായുസേ ഉണ്ടായിരുന്നുള്ളൂ. പകരം വിശാലമായ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് പഞ്ചായത്ത് ഭരണസമിതി. ടൗണിൽ ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള ഒരു ശൗചാലയം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. നിലവിൽ ബസ് സ്റ്റാൻഡ് പൊളിച്ചു മാറ്റിയ സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്സ് വരാത്ത സാഹചര്യത്തിൽ വിശാലമായ ശൗചാലയമെങ്കിലും നിർമ്മിക്കണമെന്നാണ് നാട്ടുകാരും, വ്യാപാരികളും, വിദ്യാർത്ഥികളും ആവശ്യപ്പെടുന്നത്.
ടൗണിന് സമീപത്തായി മത്സ്യ - മാംസ - പച്ചക്കറി മാർക്കറ്റ് ഈ ഭരണസമിതയുടെ കാലാവധിക്ക് മുമ്പായി നിർമ്മാണം പൂർത്തിയാക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറാ യൂസഫ് പറയുമ്പോഴും നിർമ്മാണം ഇഴഞ്ഞു നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്. ഇത്തരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനം ചർച്ച ചെയ്യുമ്പോൾ തന്നെ അടുത്തവർഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലേക്ക് കടക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ. ഇപ്രാവശ്യം കുമ്പള ഗ്രാമപഞ്ചായത്തിൽ ഒരു വാർഡ് കൂടിയിട്ടുമുണ്ട്. ഇരുപത്തിമൂന്നിൽ നിന്ന് 24 ലേക്ക് ഉയർന്നിട്ടുണ്ട്. 13 സീറ്റ് നേടി എങ്ങനെ ഭരണത്തിലേറാം എന്ന തന്ത്രപ്പാടിലാണ് ഭരണപക്ഷവും, പ്രതിപക്ഷവും.
#KumblaDevelopment, #InfrastructureIssues, #ProjectDelays, #LocalNews, #TownPlanning, #KumblaUpdates