Pension Delay | വയോജന കമ്മീഷൻ വരുമ്പോഴെങ്കിലും കൃത്യമായി വാർധക്യ പെൻഷൻ കിട്ടുമോ? പ്രതീക്ഷകൾ കൈവിടാതെ വയോധികർ
● വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമിട്ടാണ് വയോജന കമ്മീഷൻ രൂപീകരണത്തിലേക്ക് സർക്കാർ കടന്നിരിക്കുന്നത്.
● ചെയർപേഴ്സയും, മൂന്നിൽ കവിയാത്ത അംഗങ്ങളുമാണ് കമ്മീഷനിൽ ഉണ്ടാവുക.
● വയോജനങ്ങൾ ഇന്ന് ഏറെ ദുരിതമനുഭവിക്കുന്ന വിഭാഗമാണ്.
കാസർകോട്: (KasargodVartha) ആറുമാസം കൂടുമ്പോൾ രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകി തടിയൂരുന്ന സർക്കാർ സംവിധാനങ്ങൾക്ക് വയോജന കമ്മീഷൻ വരുമ്പോൾ പരിഹാരമാവുമോയെന്ന് ചോദിക്കുകയാണ് പെൻഷൻ കാത്തിരിക്കുന്ന വയോജനങ്ങൾ. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ലക്ഷ്യമിട്ടാണ് വയോജന കമ്മീഷൻ രൂപീകരണത്തിലേക്ക് സർക്കാർ കടന്നിരിക്കുന്നത്.
ഇത് സംബന്ധിച്ച് നേരത്തെ ഉണ്ടായിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഓർഡിനൻസും പുറപ്പെടുവിച്ചിരുന്നു. ഓർഡിനൻസിൽ 'കേരള സംസ്ഥാന വയോജന കമ്മീഷൻ' എന്നാണ് പേരിട്ടിരിക്കുന്നത്. ചെയർപേഴ്സയും, മൂന്നിൽ കവിയാത്ത അംഗങ്ങളുമാണ് കമ്മീഷനിൽ ഉണ്ടാവുക. തിരുവനന്തപുരം ആസ്ഥാനമായിട്ടായിരിക്കും കമ്മീഷൻ പ്രവർത്തിക്കുക, മൂന്നുവർഷമാണ് ചെയർപേഴ്സന്റെയും അംഗങ്ങളുടെയും കാലാവധി. ഇതിന് മന്ത്രിസഭ അംഗീകാരവും നൽകി കഴിഞ്ഞിട്ടുണ്ട്.
വയോജനങ്ങൾ ഇന്ന് ഏറെ ദുരിതമനുഭവിക്കുന്ന വിഭാഗമാണ്. സർക്കാർ വയോജന ക്ഷേമത്തിനായി പല പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ടെങ്കിലും അത് നടപ്പിൽ വരുത്താൻ കാര്യക്ഷമമായ പ്രവർത്തനമില്ലെന്ന തിരിച്ചറിവാണ് വയോജന കമ്മീഷൻ രൂപീകരണത്തിന് കാരണമായത്. വയോജനങ്ങളുടെ വിഷയങ്ങളെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ഉദ്ദേശവും സർക്കാരിന്റെ വയോജന കമ്മീഷൻ രൂപീകരണത്തിന്റെ പിന്നിലുണ്ട്.
നിലവിൽ വയോജനങ്ങൾ ഏറെ ആശ്രയിക്കുന്നതാണ് അവരുടെ ക്ഷേമപെൻഷനുകൾ. മാസാമാസം അവർ കാത്തിരിക്കുന്നതും പെൻഷനു വേണ്ടി തന്നെയാണ്. ഇതുതന്നെ സർക്കാറിന് നേരാംവണ്ണം അവർക്ക് കൊടുക്കാൻ ആവുന്നില്ലെന്ന് ആക്ഷേപമുണ്ട്. പെൻഷൻ കിട്ടാതെ വരുമ്പോഴുള്ള വയോജനങ്ങൾക്കുള്ള പ്രയാസം ചെറുതല്ല. മരുന്നിനും തുടർ ചികിത്സയ്ക്കുമൊക്കെ അവർ ഏറെ ആശ്രയിക്കുന്നതും ക്ഷേമ പെൻഷനുകളെയാണ്. അതിനിടയിലാണ് 70 കഴിഞ്ഞവർക്കുള്ള ആയുഷ്മാൻ ഭാരത് ആരോഗ്യ പദ്ധതി അനശ്ചിതത്വത്തിലായതും ഇവരെ പ്രയാസപ്പെടുത്തുന്നുമുണ്ട്.
വാർധക്യത്തിൽ ഒറ്റപ്പെട്ടുപോകുന്നുവെന്ന തോന്നൽ 50 ശതമാനം വയോജനങ്ങൾക്കുമുണ്ട്. അവഗണന, ചൂഷണം, അനാഥത്വം, പുനരധിവാസം തുടങ്ങി വയോജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഏറെയാണ്. സാമ്പത്തികയോ, ഭൗതീകമായോ ആയ ചൂഷണം, ഉപേക്ഷിക്കൽ, അന്തസ്സും അഭിമാനവും നഷ്ടപ്പെടുത്തൽ തുടങ്ങിയ വയോജന പീഡനത്തിന്റെ രൂപങ്ങളാണ്. വയോജന പരിചരണ കേന്ദ്രങ്ങളിൽ പോലും വയോജന പീഡനം വർദ്ധിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മാത്രവുമല്ല ബസ് സ്റ്റാൻഡുകളിലും, റെയിൽവേ സ്റ്റേഷനുകളിലും, വഴിയോരങ്ങളിലും അലയുന്ന വയോജനങ്ങളുടെ എണ്ണം നാൾക്കുനാൾ കൂടിവരുന്നുമുണ്ട്. അവരെ ചേർത്തു പിടിക്കേണ്ടത് സർക്കാറിന്റെ കടമ കൂടിയാണ്. മക്കളുടെ പൂർണമായ പിന്തുണ രക്ഷിതാക്കളായ വയോധികർക്ക് കിട്ടുന്നില്ലെന്ന പരാതി ഏറിവരുന്ന സന്ദർഭത്തിൽ കൂടിയാണ് വയോജന കമ്മീഷന്റെ വരവ് എന്നത് വയോജനങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നുമുണ്ട്.
മാതാപിതാക്കളുടെ സംരക്ഷണം മക്കളുടെ ഉത്തരവാദിത്തമാണെന്നിരിക്കെ അവരുടെ സ്വത്തും, സമ്പാദ്യങ്ങളും കൈക്കലാക്കിയ ശേഷം അവരെ അവഗണിക്കുന്നുവെന്ന തോന്നൽ വയോജനങ്ങളായ രക്ഷിതാക്കൾക്കുണ്ട്. അതുകൊണ്ടാണ് നേരത്തെ തന്നെ രക്ഷിതാക്കളുടെ സ്വത്തുക്കൾ മക്കളിൽ നിന്ന് തിരിച്ചു പിടിക്കാൻ സർക്കാർ നിയമം കൊണ്ടുവന്നതും.
വയോജനങ്ങൾക്ക് കിട്ടേണ്ട ക്ഷേമ പെൻഷനുകളിൽ സർക്കാർ ഉദ്യോഗസ്ഥരും, ജീവനക്കാരും തന്നെ കൈവിട്ടു വാരുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഇതിനൊക്കെ ശാശ്വതമായ പരിഹാരം കണ്ടെത്താൻ വയോജന കമ്മീഷനാകുമെന്ന് ഇവർ വിശ്വസിക്കുന്നുമുണ്ട്. ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് കേരളത്തിൽ വയോജന കമ്മീഷൻ രൂപീകരിക്കുന്നത്. ഇത് സംസ്ഥാനത്തെ മുതിർന്ന പൗരന്മാർക്കുള്ള അംഗീകാരമായി വേണം കരുതാൻ.
#SeniorCitizens, #KeralaPension, #ElderlyCare, #WelfareCommission, #SeniorWelfare, #GovernmentSchemes