Public Sector | കെൽ-ഇഎംഎല്ലിന് പൂട്ട് വീഴുമോ? നഷ്ടത്തിലാണെന്ന് സർക്കാർ, ആശങ്കയിൽ ജീവനക്കാർ

● സംസ്ഥാനത്തെ 59 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിലാണെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
● കാസർകോട് ജില്ലയിലെ കെൽ-ഇ.എം.എൽ. നഷ്ടത്തിലാണെന്ന് നേരത്തെ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിയമസഭയിൽ പറഞ്ഞിരുന്നു.
● ഉൽപാദനം വർദ്ധിപ്പിക്കാൻ ആവശ്യമായ അസംസ്കൃത വസ്തുക്കൾ നൽകുന്നതിൽ സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് കെൽ നഷ്ടത്തിലാകാൻ കാരണമെന്ന് ജീവനക്കാർ പറയുന്നു.
കാസർകോട്: (KasargodVartha) സംസ്ഥാനത്തെ 59 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിലാണെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ പറയുമ്പോൾ, കാസർകോട് ജില്ലയിലെ കെൽ-ഇ.എം.എൽ. ഇതിൽ ഉൾപ്പെട്ടത് ജീവനക്കാരിൽ ആശങ്കയുണ്ടാക്കുന്നു.
സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പൂട്ട് വീഴുമോ എന്ന ആശങ്ക ജീവനക്കാർക്കുണ്ട്. സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സിയും നഷ്ടത്തിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പ്രതിവർഷം 1,302.82 കോടി രൂപയാണ് നഷ്ടം. സപ്ലൈകോയ്ക്ക് 74.03 കോടി രൂപയും കശുവണ്ടി ഡെവലപ്മെൻ്റ് കോർപ്പറേഷന് 71.29 കോടിയും ടെക്സ്റ്റൈൽസ് കോർപ്പറേഷന് 52.68 കോടിയും നഷ്ടമുണ്ട്. മറ്റു വിവിധ സ്ഥാപനങ്ങളിലായി ആകെ 5,245.78 കോടിയുടെ ധനനഷ്ടമാണ് 59 പൊതുമേഖലാ സ്ഥാപനങ്ങളിലായിട്ടുള്ളത്.
കാസർകോട് കെൽ ഇലക്ട്രിക്കൽ മെഷീൻ ലിമിറ്റഡ് നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്ന് നേരത്തെ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിയമസഭയിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ.യുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞിരുന്നു. ഉൽപാദനം വർദ്ധിപ്പിക്കാൻ ആവശ്യമായ അസംസ്കൃത വസ്തുക്കൾ നൽകുന്നതിൽ സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് കെൽ നഷ്ടത്തിലാകാൻ കാരണമെന്ന് ജീവനക്കാർ പറയുന്നു. അതുപോലെ മാർക്കറ്റിംഗ്, ഫിനാൻസ് വിഭാഗങ്ങളിൽ ആവശ്യമായ ഉദ്യോഗസ്ഥരുടെ അഭാവവും സ്ഥാപനം നോക്കുകുത്തിയാവാൻ കാരണമായതായും ജീവനക്കാർ പറയുന്നു.
ജില്ലയിൽ തലയെടുപ്പോടെ നിൽക്കുന്ന വ്യവസായ കേന്ദ്രമാണ് കെൽ. നേരത്തെ കേന്ദ്രസർക്കാരിന് കീഴിലായിരുന്നു സ്ഥാപനം, പിന്നീട് സംസ്ഥാന സർക്കാർ ഏറ്റെടുത്തു. സ്ഥാപനം പൂട്ടുമെന്ന സ്ഥിതിയിലായപ്പോൾ വലിയ തോതിലുള്ള സമരപരിപാടികൾ സംഘടിപ്പിച്ചതിൻ്റെ ഫലമായാണ് സ്ഥാപനം സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. 74 ജീവനക്കാരാണ് കെല്ലിലുള്ളത്. 33 ലക്ഷം രൂപയാണ് പ്രതിമാസം ശമ്പളം വേണ്ടത്. ഇതിനനുസരിച്ചുള്ള ഉൽപാദനം കേന്ദ്രത്തിൽ നടക്കുന്നില്ല. കൂടുതൽ ഉപഭോക്താക്കളിലേക്ക് കമ്പനിയുടെ ഉൽപ്പന്നം എത്തിക്കാൻ സംവിധാനം ഒരുക്കാനായാൽ കമ്പനി ലാഭത്തിലാകുമെന്ന് ജീവനക്കാർ പറയുന്നു. ഇതിന് സർക്കാരിൽ നിന്ന് കനിവ് ഉണ്ടാകണം.
ഈ വാർത്ത എല്ലാവരുമായി പങ്കുവെക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
KEL-EML employees are anxious as the government reports losses in 59 public sector undertakings, raising concerns about potential closure due to financial crisis.
#KELEML, #PublicSector, #FinancialCrisis, #Kerala, #JobSecurity, #Government